

ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ മാര്‍ച്ച് പാദത്തില്‍ നഷ്ടം രേഖപ്പെടുത്തി. നാലാം പാദത്തില്‍ 2,536.9 കോടി രൂപയുടെ ഏകീകൃത നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 3,067.5 കോടി രൂപ ലാഭം നേടിയിരുന്നു.
രൂപയുടെ കനത്ത മൂല്യത്തകര്‍ച്ചയും നിലവിലെ വെല്ലുവിളികളേറിയ പ്രവര്‍ത്തന സാഹചര്യവും കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കമ്പനിയുടെ മൊത്ത വരുമാനം 3 ശതമാനത്തിലധികം ഉയര്‍ന്ന് 23,830.7 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 23,097.5 കോടി രൂപയായിരുന്നു.വിദേശനാണയ നഷ്ടവും പ്രത്യേക ചിലവുകളും ഒഴിവാക്കിയാല്‍ ഇന്‍ഡിഗോയ്ക്ക് 1,920.6 കോടി രൂപ ലാഭമുണ്ടായിരുന്നു. എന്നാല്‍ രൂപയുടെ ഇടിവ് കമ്പനിക്ക് വലിയ ആഘാതമായി.
2025-26 സാമ്പത്തിക വര്‍ഷം മുഴുവന്‍ പരിഗണിക്കുമ്പോള്‍ ഇന്‍ഡിഗോയുടെ ആകെ നഷ്ടം 2,393.6 കോടി രൂപയായി. എന്നാല്‍ വിദേശ വിനിമയ നഷ്ടം ഒഴിവാക്കിയാല്‍ 7,502.5 കോടി രൂപ ലാഭം രേഖപ്പെടുത്തുമായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി.
2026 സാമ്പത്തിക വര്‍ഷം കമ്പനിക്ക് ഏകദേശം 8,100 കോടി രൂപയുടെ വിദേശനാണയ നഷ്ടമുണ്ടായി. ഡിസംബര്‍ മാസത്തെ വിമാന സര്‍വീസ് തടസ്സങ്ങള്‍ മൂലം 580 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായത്. പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട ചെലവ് 1,200 കോടി രൂപയായി. നടപ്പു സാമ്പത്തിക വര്‍ഷം ഇന്‍ഡിഗോയ്ക്ക് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമാണെന്ന് കമ്പനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഡിഗോയ്ക്ക് വലിയ പ്രവര്‍ത്തന തടസ്സങ്ങളും നേരിടേണ്ടതായി വന്നു പ്രത്യേകിച്ച് ഡിസംബര്‍ 3 മുതല്‍ 5 വരെ 2,507 വിമാനങ്ങള്‍ റദ്ദാക്കി. 1,852 വിമാനങ്ങള്‍ വൈകിയോടുകയും ചെയ്തു. മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെ ഇത് ബാധിച്ചു.
കമ്പനിയില്‍ നേതൃമാറ്റം നടന്നതും 2026 സാമ്പത്തിക വര്‍ഷത്തിലായിരുന്നു. മുന്‍ സിഇഓ പീറ്റര്‍ എല്‍ബേഴ്‌സ് മാര്‍ച്ചില്‍ പദവി ഒഴിഞ്ഞു. പിന്നീട് വില്യം വാല്‍ഷ് പുതിയ സ്ഥാനത്തേക്ക് വന്നു.
Content Highlights: Sharp rupee depreciation and forex losses pushed IndiGo into a Rs 2,536 crore quarterly loss despite rising revenue and passenger demand