'ശമ്പളത്തിന്‍റെ പകുതിയോളം വാടക,വന്‍ ട്രാഫിക്: എങ്കിലും ബെംഗളൂരു വിട്ടുപോകാന്‍ തോന്നില്ല'; കാരണം ഇതാണ്

നൂറുകൂട്ടം പ്രശ്നങ്ങൾക്കിടയിലും ബെംഗളൂരുവിലെത്തുന്ന ഭൂരിഭാഗം ആളുകളും പിന്നീട് ആ നഗരം വിട്ടുപോകാൻ മടിക്കുന്നത് എന്തുകൊണ്ടാണ്?

'ശമ്പളത്തിന്‍റെ പകുതിയോളം വാടക,വന്‍ ട്രാഫിക്: എങ്കിലും ബെംഗളൂരു വിട്ടുപോകാന്‍ തോന്നില്ല'; കാരണം ഇതാണ്
അജ്മല്‍ എം കെ
3 min read|30 May 2026, 06:41 pm
dot image

ബെംഗളൂരു എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുക അവിടുത്തെ ട്രാഫിക് ബ്ലോക്കും പോക്കറ്റ് കീറുന്ന ഫ്ലാറ്റ് വാടകയുമായിരിക്കും. എന്നാൽ, ഇത്തരം നൂറുകൂട്ടം പ്രശ്നങ്ങൾക്കിടയിലും ബെംഗളൂരുവിലെത്തുന്ന ഭൂരിഭാഗം ആളുകളും പിന്നീട് ആ നഗരം വിട്ടുപോകാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ബിഹാർ സ്വദേശിയായ അങ്കിത് എന്ന യുവാവ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്.

ബെംഗളൂരു നഗരം തങ്ങളിലേക്ക് ആളുകളെ എങ്ങനെയാണ് അടുപ്പിച്ചു നിർത്തുന്നത് എന്നാണ് തന്റെ സിസ്റ്ററാക്കാം വീഡിയോയിലൂടെ അങ്കിത് വ്യക്തമാക്കുന്നത്. "ഇതാണ് ബെംഗളൂരു… ആളുകൾ ഇവിടേക്ക് വരുന്നു, പക്ഷേ വന്നുകഴിഞ്ഞാൽ പിന്നെ ഇവിടം വിട്ടുപോകാൻ അവർക്ക് തോന്നില്ല. ഇവിടെയുള്ളവർ ചിലപ്പോൾ കടുത്ത ഒറ്റപ്പെടലിലൂടെയോ ആകുലതകളിലൂടെയോ കടന്നുപോകുന്നുണ്ടാകാം, ഇവിടുത്തെ വലിയ ട്രാഫിക് നേരിടേണ്ടി വരുന്നുണ്ടാകാം, വാങ്ങുന്ന ശമ്പളത്തിന്റെ പകുതിയിലധികം വലിയ അപ്പാർട്ട്മെന്റുകളുടെ വാടകയ്ക്കായി കൊടുക്കേണ്ടി വരുന്നുണ്ടാകാം. എങ്കിലും അവർക്ക് ഇവിടെത്തന്നെ തുടരാനാണ് ഇഷ്ടം." അങ്കിത് പറയുന്നു.

ഗുഡ്ഗാവ്, ഡൽഹി, ഹൈദരാബാദ്, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലൊന്നും ഐടി കമ്പനികൾ ഇല്ലാഞ്ഞിട്ടല്ല, എല്ലായിടത്തുമുണ്ട് സഹോദരാ… പക്ഷേ ഇവിടുത്തെ കാലാവസ്ഥ, അത് നമ്മളെ മറ്റൊരിടത്തേക്കും പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. അതായത് ഇന്ത്യയിലെ മറ്റ് പല പ്രമുഖ നഗരങ്ങളിലും ജോലിസാധ്യതകൾ ഒരുപോലെയുണ്ടെങ്കിലും ബെംഗളൂരുവിലെ സുഖകരമായ കാലാവസ്ഥയാണ് ആളുകളെ അവിടെത്തന്നെ പിടിച്ചുനിർത്തുന്ന പ്രധാന ഘടകം എന്നാണ് അങ്കിത് പറയുന്നത്.

അങ്കിതിന്റെ ഈ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി രംഗത്തെത്തിയത്. "ഇത് നൂറു ശതമാനം സത്യമാണ്" എന്ന് ഒരാൾ കുറിച്ചപ്പോൾ, മറ്റൊരാള്‍ എഴുതിയത് "മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് മുമ്പ് ആളുകൾ തങ്ങളുടെ സ്വപ്നങ്ങൾ തേടി കൂട്ടത്തോടെ എത്തിയിരുന്നത് മുംബൈയിലേക്കായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥാനം ബെംഗളൂരു നഗരത്തിനാണ്."

കരിയറിലെ മികച്ച അവസരങ്ങൾ, ജീവനക്കാർക്ക് ലഭിക്കുന്ന കംഫർട്ട്, കാലക്രമേണ നഗരത്തോട് തോന്നിപ്പോകുന്ന വൈകാരികമായ അടുപ്പം എന്നിവയാണ് ബെംഗളൂരുവിനെ പ്രിയപ്പെട്ടതാക്കുന്നതെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, ഈ വാദങ്ങളെയെല്ലാം പൂർണ്ണമായി തള്ളിക്കളയുന്നവരും കുറവല്ല. ബെംഗളൂരുവിലെ ജീവിതം അത്ര സുഖകരമല്ലെന്ന് ഓർമ്മിപ്പിക്കുന്നവരുമുണ്ട്. "ഞങ്ങൾക്ക് 'വർക്ക് ഫ്രം ഹോം' മാത്രം അനുവദിച്ചു തരൂ, ഇവിടുത്തെ 80 ശതമാനം അന്യസംസ്ഥാനക്കാരും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറും. ബെംഗളൂരുവിലെ കാലാവസ്ഥയൊക്കെ ആളുകൾ വെറുതെ അതിശയിപ്പിച്ചു പറയുന്നതാണ്." ഒരാള്‍ അഭിപ്രായപ്പെട്ടു.

Content Highlights: A Bihar native living in Bengaluru says he does not want to leave the city despite spending nearly half of his salary on rent and facing heavy traffic. He cites the city’s opportunities, lifestyle, and professional growth prospects as reasons for continuing to live there.

dot image
To advertise here,contact us
dot image