മികച്ച ബിസിനസ് വളർച്ചയും ക്രെഡിറ്റ് റേറ്റിങ്ങും നേട്ടമായി; മുത്തൂറ്റ് മൈക്രോഫിൻ ഓഹരിയിൽ കുതിപ്പ്

കമ്പനി വിവിധ ഫണ്ടിങ് മാർഗങ്ങൾ ഉപയോഗിച്ച് വായ്പാ ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്

മികച്ച ബിസിനസ് വളർച്ചയും ക്രെഡിറ്റ് റേറ്റിങ്ങും നേട്ടമായി; മുത്തൂറ്റ് മൈക്രോഫിൻ ഓഹരിയിൽ കുതിപ്പ്
dot image

പുതിയ ബിസിനസ് അപ്‌ഡേറ്റുകൾ പുറത്തുവിട്ടതിനു പിന്നാലെ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ ഓഹരിയിൽ ശക്തമായ മുന്നേറ്റം. ആസ്തി വളർച്ച , വായ്പാ വിതരണത്തിലെ വർധന, ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെട്ടത് എന്നിവയാണ് ഓഹരിക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകങ്ങൾ.

ജൂൺ പാദത്തിൽ ആസ്തികളിൽ വാർഷികാടിസ്ഥാനത്തിൽ 18% വർധനയും ലോൺ വിതരണങ്ങളിൽ 49% വർധനവും രേഖപ്പെടുത്തി. ആസ്തി മുൻ വർഷത്തെ അപേക്ഷിച്ച് 18% ഉയർന്ന് 14,457 കോടിയായി. മാർച്ച് പാദത്തേക്കാൾ 3% കൂടുതലാണ് ഇത്തവണ. ഇതോടെ ഇൻട്രാഡേയിൽ കമ്പനിയുടെ ഓഹരികൾ 12% ത്തോളം നേട്ടമുണ്ടാക്കി. നിലവിൽ 231 രൂപ നിലവാരത്തിലാണ് വ്യാപാരം മുന്നോട്ട് പോകുന്നത്.

കമ്പനിയുടെ പ്രവർത്തന പ്രകടനത്തിൽ പ്രധാന സൂചികയായ ആസ്തി നിലവാരത്തിലെ മുന്നേറ്റത്തിന് പുറമെ, പുതിയ വായ്പാ വിതരണം, ഉപഭോക്തൃ അടിത്തറയിലെ വളർച്ച, ശാഖാ ശൃംഖലയുടെ വ്യാപനം എന്നിവ ഭാവിയിലെ വളർച്ചയ്ക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.


മുത്തൂറ്റ് മൈക്രോഫിൻ ഗ്രാമീണ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള വായ്പാ ബിസിനസിനൊപ്പം സ്വർണ വായ്പ, മൈക്രോ ലോൺ എഗെയിൻസ്റ്റ് പ്രോപ്പർട്ടി (Micro LAP) പോലുള്ള സുരക്ഷിത വായ്പാ വിഭാഗങ്ങളിലേക്കും കടക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ബിസിനസ് വൈവിധ്യം വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

CRISIL റേറ്റിങ് ഉയർത്തിയത് വലിയ പോസിറ്റീവ് സൂചന

കമ്പനിക്ക് ലഭിച്ച CRISIL റേറ്റിങ് , വിപണിയിൽ പ്രധാന പോസിറ്റീവ് ഘടകമായി മാറിയിട്ടുണ്ട്. കമ്പനിയുടെ ദീർഘകാല ക്രെഡിറ്റ് റേറ്റിംഗ് A+/പോസിറ്റീവിൽ നിന്ന് AA-/സ്റ്റേബിളിലേക്ക് ഉയർത്തി.ദീർഘകാല ബാങ്ക് വായ്പകളും ഡെബ്റ്റ് പ്രോഗ്രാമുകളും സംബന്ധിച്ച റേറ്റിങ് ഉയർത്തിയത് കമ്പനിയുടെ സാമ്പത്തിക ശക്തി, ഫണ്ടിംഗ് ശേഷി, മാതൃസ്ഥാപനത്തിന്റെ പിന്തുണ എന്നിവ പരിഗണിച്ചാണ്.

റേറ്റിങ് മെച്ചപ്പെടുന്നതിലൂടെ കമ്പനിക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ ഫണ്ട് സമാഹരിക്കാൻ കഴിഞ്ഞേക്കാം.ഇത് ഭാവിയിൽ പലിശ ചെലവ് നിയന്ത്രിക്കാനും ലാഭക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

കമ്പനി വിവിധ ഫണ്ടിങ് മാർഗങ്ങൾ ഉപയോഗിച്ച് വായ്പാ ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഫണ്ടിങ് സ്രോതസുകളുടെ വൈവിധ്യവൽക്കരണം കമ്പനിയുടെ സാമ്പത്തിക സ്ഥിരത ശക്തിപ്പെടുത്തുന്നതായി വിലയിരുത്തപ്പെടുന്നു. മൈക്രോഫിനാൻസ് മേഖലയിലെ വെല്ലുവിളികൾക്കിടയിലും കമ്പനി പ്രവർത്തന പ്രകടനം മെച്ചപ്പെടുത്തികൊണ്ട് മുന്നേറുന്നത് നിക്ഷപകർക്കിടയിലും ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 2026 ൽ ഇതുവരെ ഓഹരി 30% ഉയർച്ചയാണ് പ്രകടമാക്കിയത്, പക്ഷേ അതിന്റെ ഐപിഒ വിലയായ 291-ന് താഴെയാണ് ഓഹി ഇപ്പോഴും വ്യാപാരം തുടരുന്നത്.

Content Highlights: Muthoot Microfin shares jump most in three months after Q1 update sends stock higher by 12%

dot image
To advertise here,contact us
dot image