കൊച്ചിയില്‍ നിന്ന് പഴം-പച്ചക്കറി: ഡല്‍ഹിയില്‍ നിന്ന് മാംസം; കുവൈത്തിലേക്ക് ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം

32 ടൺ പഴങ്ങളും പച്ചക്കറികളുമാണ് ഈ വിമാനത്തിലുണ്ടായിരുന്നത്

കൊച്ചിയില്‍ നിന്ന് പഴം-പച്ചക്കറി: ഡല്‍ഹിയില്‍ നിന്ന് മാംസം; കുവൈത്തിലേക്ക് ലുലുവിന്റെ  പ്രത്യേക കാർഗോ വിമാനം
dot image

ഡല്‍ഹി: ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യസാധനങ്ങൾ പ്രത്യേക കാർഗോ വിമാനങ്ങൾ വഴി കുവൈറ്റിൽ എത്തിച്ച് ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള 'ഫെയർ എക്സ്പോർട്ട്സ് ഇന്ത്യ'യുടെ നേതൃത്വത്തിൽ കുവൈറ്റ് എയർവേയ്‌സിന്റെ രണ്ട് പ്രത്യേക വിമാനങ്ങളിലാണ് കഴിഞ്ഞ വ്യാഴാഴ്ച സാധനങ്ങൾ എത്തിച്ചത്. ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് ആവശ്യമായ പഴങ്ങൾ, പച്ചക്കറികൾ, മാംസം തുടങ്ങിയവയാണ് കാർഗോയിലുണ്ടായിരുന്നത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:40-ന് പുറപ്പെട്ട ആദ്യ വിമാനമായ കുവൈറ്റ് എയർവേയ്‌സിന്റെ എയർബസ് A330-900 (KU5006), പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30-ഓടെ കുവൈറ്റിലിറങ്ങി. 32 ടൺ പഴങ്ങളും പച്ചക്കറികളുമാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ചരക്ക് കയറ്റുമതിക്കായി കുവൈറ്റില്‍ നിന്നും വിമാനം കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. ഇതേദിവസം തന്നെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ വിമാനമായ ബോയിംഗ് 777 (KU5008) 50 ടൺ മാംസവും മറ്റ് ഉൽപ്പന്നങ്ങളുമായി കുവൈറ്റിലെത്തി.

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഭക്ഷ്യ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനായി കൂടുതൽ കാർഗോ വിമാന സർവീസുകൾ ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും കൊച്ചി, ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് ലുലു ഗ്രൂപ്പ് ഇത്തരത്തിൽ പ്രത്യേക വിമാന സർവീസുകൾ നടത്തിയിരുന്നു.

എം എ യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റീട്ടെയിൽ-ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന് ഇന്ന് ഗൾഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് ഇരുപതിലധികം രാജ്യങ്ങളിലായി ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും മറ്റ് ബിസിനസ്സ് സംരംഭങ്ങളുമുണ്ട്.

Content Highlights: Lulu has launched a special cargo service to Kuwait, transporting fresh fruits and vegetables from Kochi and meat products from Delhi. The initiative is aimed at strengthening Lulu's food supply chain, ensuring faster delivery of fresh Indian products, and supporting growing demand for quality food products in the Kuwaiti market.

dot image
To advertise here,contact us
dot image