

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയിലെ കോടതിയലക്ഷ്യത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് വ്യവയാസ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ്. ഹൈക്കോടതിയിലാണ് ബിജു മാപ്പപേക്ഷിച്ചത്. നീതിന്യായ വ്യവസ്ഥയോടും ഹൈക്കോടതിയോടും അങ്ങേയറ്റം ബഹുമാനമാണെന്നും കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന ബോധ്യമുണ്ടെന്നും ബിജു പറഞ്ഞു. ഹൈക്കോടതിയുടെ അധികാരത്തെ വിലകുറച്ചു കാണിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജു സമര്‍പ്പിച്ച മാപ്പപേക്ഷ കോടതി തള്ളി. ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.
ഇന്ന് രാവിലെയായിരുന്നു ബിജു ഐഎഎസ് മാപ്പപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഉത്തരവിറക്കി എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഉത്തരവില്‍ ഉപയോഗിച്ച വാക്കുകള്‍ അനുചിതമാണെന്നും തെറ്റുപറ്റിയെന്നും അദ്ദേഹം സമ്മതിച്ചു. ഉത്തരവില്‍ ഉപയോഗിച്ച എല്ലാ പ്രയോഗങ്ങള്‍ക്കും ക്ഷമ ചോദിക്കുന്നു. പിഴവ് അഡ്വക്കേറ്റ് ജനറല്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ ഉത്തരവ് തിരുത്തി. പിഴവ് പറ്റിയതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായും ബിജു പറഞ്ഞു. എന്നാല്‍ ബിജു സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ ആയുധമാകരുതെന്ന് കെ ബിജുവിനോട് ഹൈക്കോടതി പറഞ്ഞു. കോടതിയോട് ഏറ്റുമുട്ടരുത്. കോടതിയോട് ഏറ്റുമുട്ടിയാല്‍ ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല. എങ്ങനെ നേരിടണമെന്ന് കോടതിക്കറിയാം. കോടതിക്ക് അധികാരമില്ലെന്ന് കരുതരുതെന്നും കോടതി പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെയാണ്. അല്ലാതെ സര്‍ക്കാരിനെയല്ല. ഉത്തരവിറക്കുമ്പോള്‍ അക്കാര്യം മനസില്‍ കരുതണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. ഭീഷണിക്ക് ഉദ്യോഗസ്ഥര്‍ വഴങ്ങരുത്. ധീരന് മരണം ഒരിക്കലേയുള്ളൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ടാം ഉത്തരവിറക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് എഴുതിയില്ല. മനസ്സര്‍പ്പിച്ചാണ് രണ്ടാം ഉത്തരവ് ഇറക്കിയതെന്ന് ഉള്‍പ്പെടുത്തണം. അക്കാര്യം വിശദീകരിച്ച് പുതിയ സത്യവാങ്മൂലം നല്‍കണം. എപിഎം മുഹമ്മദ് ഹനീഷ് എവിടെയെന്നും ഹൈക്കോടതി ചോദിച്ചു. കോടതിയലക്ഷ്യ നടപടിയില്‍ പുതിയ സത്യവാങ്മൂലത്തിന് ശേഷം ഹൈക്കോടതി തീരുമാനമെടുക്കും. കടകംപള്ളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു കെ ബിജു ഐഎഎസിനെതിരെ ഹൈക്കോടതി കോടയിലക്ഷ്യ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു അന്ന് ഹൈക്കോടതി ഉന്നയിച്ചത്. പ്രതിയാണോ ഉദ്യോഗസ്ഥരിലൂടെ വ്യവസായ വകുപ്പ് ഭരിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Content Highlights- The court rejected an apology plea submitted by K Biju IAS in a contempt of court case connected with the Cashew Corporation corruption issue