

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) ലിസ്റ്റിങ്ങിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. ഏറെക്കാലമായി കാത്തിരുന്ന എൻഎസ്ഇ ഐപിഒ നടപടികളിലേക്കായി എൻഎസ്ഇ സെബിക്ക് മുൻപാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ കണക്കുകൾ പ്രകാരം, ഐപിഒയുടെ വലിപ്പം ഏകദേശം 30,000 കോടി വരെയാകാനാണ് സാധ്യത. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി മാറും. എൻഎസ്ഇയുടെ അൺലിസ്റ്റഡ് മാർക്കറ്റ് മൂല്യം ഏകദേശം 5 ലക്ഷം കോടി രൂപയാണ്
ഈ ഐപിഒ പൂർണമായും ഓഫർ ഫോർ സെയിൽ മാതൃകയിലായിരിക്കും. അതായത്, എൻഎസ്ഇ പുതിയ ഓഹരികൾ പുറത്തിറക്കി പണം സമാഹരിക്കില്ല. പകരം നിലവിലെ ഓഹരി ഉടമകളാണ് അവരുടെ കൈവശമുള്ള ഓഹരികളുടെ ഒരു ഭാഗം പൊതുജനങ്ങൾക്ക് വിൽക്കുന്നത്. ഏകദേശം 6 ശതമാനം ഓഹരികൾ നിലവിലെ നിക്ഷേപകർ വിറ്റഴിക്കുമെന്നാണ് വിവരം.
ഐപിഒയിൽ ഏറ്റവും വലിയ വിൽപ്പനക്കാരനായി മാറാൻ സാധ്യതയുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 2.47 കോടി ഓഹരികൾ വരെ എസ്ബിഐ വിറ്റഴിക്കും. ഇതിന് പുറമെ ബാങ്ക് ഓഫ് ബറോഡ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും ചില വിദേശ നിക്ഷേപകരും ഓഹരി വിൽപ്പനയിൽ പങ്കെടുക്കും.
അതേസമയം, രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി ഈ ഐപിഒയിൽ ഓഹരി വിറ്റഴിക്കാൻ സാധ്യതയില്ല. 2016-ൽ തന്നെ ലിസ്റ്റിങ് ശ്രമം ആരംഭിച്ചിരുന്നെങ്കിലും കോ-ലൊക്കേഷൻ വിവാദം ഉൾപ്പെടെയുള്ള നിയന്ത്രണപരമായ തടസ്സങ്ങൾ കാരണം എൻഎസ്ഇയുടെ ഐപിഒ നീണ്ടുപോകുകയായിരുന്നു . അടുത്തിടെ സെബിയിൽ നിന്ന് ലഭിച്ച അനുമതികൾക്ക് പിന്നാലെയാണ് ഐപിഒ നടപടികൾ വീണ്ടും സജീവമായത്.
ഡിആർഎച്ച്പി സമർപ്പിച്ചതിന് ശേഷം സെബിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് എൻഎസ്ഇയുടെ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. 2026 അവസാനത്തോടെ ലിസ്റ്റിങ് പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് വിപണി വിദഗ്ദ്ധർ.
Content Highlights: NSE files DRHP, IPO size expected around Rs 30,000 crore SBI is the largest selling shareholder