1 ലക്ഷത്തിന് 18,000 രൂപ വരെ: നിങ്ങള്‍‌ അറിയുന്നോ സ്വർണാഭരണം വില്‍ക്കുമ്പോഴുണ്ടാകുന്ന ഈ നഷ്ടങ്ങള്‍

പണിക്കൂലി, വേസ്റ്റേജ്, മാറ്റ് കുറവ് എന്നിവയെല്ലാം കൂടിച്ചേരുമ്പോൾ നഷ്ടമാകുന്നത് വലിയ തുക

1 ലക്ഷത്തിന് 18,000 രൂപ വരെ: നിങ്ങള്‍‌ അറിയുന്നോ സ്വർണാഭരണം വില്‍ക്കുമ്പോഴുണ്ടാകുന്ന ഈ നഷ്ടങ്ങള്‍
അജ്മല്‍ എം കെ
3 min read|18 Jun 2026, 12:44 pm
dot image

ഇന്ത്യൻ കുടുംബങ്ങൾ സ്വർണാഭരണങ്ങളെ വെറുമൊരു അലങ്കാരമായി മാത്രമല്ല കാണുന്നത്, മറിച്ച് അത് ഐശ്വര്യത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും പ്രതീകം കൂടിയാണ്. പ്രതിസന്ധി കാലത്ത് താങ്ങാവുമെന്ന വിശ്വാസത്തിൽ ഭൂരിഭാഗം വീടുകളിലും ഒരുതരി പൊന്നെങ്കിലും വാങ്ങി സൂക്ഷിക്കാറുമുണ്ട്. എന്നാൽ, പെട്ടെന്ന് പണത്തിന് ആവശ്യമുള്ളപ്പോഴോ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം, ചികിത്സ പോലുള്ള വലിയ കാര്യങ്ങൾക്കായി ഈ സ്വർണാഭരണങ്ങൾ വിൽക്കാൻ നോക്കുമ്പോള്‍ പലർക്കും വലിയ നഷ്ടമാണ് സംഭവിക്കാറുള്ളത്. ഈ ധാരണ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാമെന്നാണ് വ്യക്തമാക്കുന്നത്.

സ്വർണാഭരണങ്ങളെ ഒരു എമർജൻസി ഫണ്ടായി കാണുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് ചാർട്ടേഡ് അക്കൗണ്ടന്റായ നിതിൻ കൗഷിക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ഒരു കുടുംബം തങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തങ്ങളുടെ പക്കലുള്ള 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ വിൽക്കാൻ തീരുമാനിക്കുന്ന ഒരു സാഹചര്യമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

Also Read:

രേഖകളിൽ 45 ലക്ഷം രൂപയുടെ മൂല്യം തോന്നിക്കുമെങ്കിലും, ഈ ആഭരണങ്ങൾ വിറ്റ് പണമാക്കുമ്പോൾ കയ്യിൽ കിട്ടുന്ന തുക പ്രതീക്ഷിച്ചതിലും വളരെ കുറവായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. റീട്ടെയിൽ ജ്വല്ലറി വിപണിയുടെ ഘടന തന്നെയാണ് ഇതിന് പ്രധാന കാരണം. നമ്മൾ സ്വർണം വാങ്ങുമ്പോൾ നൽകുന്ന വലിയൊരു തുക പണിക്കൂലിയാണ് . ആഭരണം നിർമ്മിക്കാനുള്ള ഈ പണം വാങ്ങുമ്പോൾ നൽകാറുണ്ടെങ്കിലും, തിരിച്ച് വിൽക്കുമ്പോൾ ഈ തുക ഒട്ടും തന്നെ ലഭിക്കാറില്ല.

പണിക്കൂലിക്ക് പുറമേ, പഴയ ആഭരണങ്ങൾ തിരികെ വിൽക്കുമ്പോൾ അവ ഉരച്ച് പരിശോധിക്കുമ്പോഴുള്ള നഷ്ടവും (Melting and wastage) വലിയ തോതിൽ മൂല്യം കുറയ്ക്കുന്നു. ആഭരണങ്ങൾ ഉരുക്കി അതിലെ കൃത്യമായ സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തുമ്പോൾ ഈ വേസ്റ്റേജ് കുറയ്ക്കാറുണ്ട്. കൂടാതെ മാറ്റു കുറയുന്നതിന് അനുസരിച്ചുള്ള (Purity deductions) കുറവുകളും ജ്വല്ലറികൾ വരുത്തും.

പണിക്കൂലി, വേസ്റ്റേജ്, മാറ്റ് കുറവ് എന്നിവയെല്ലാം കൂടിച്ചേരുമ്പോൾ സ്വർണം വിൽക്കുമ്പോൾ ആകെ മൂല്യത്തിന്റെ ഏകദേശം 18 ശതമാനത്തോളം രൂപ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കൗഷിക് വ്യക്തമാക്കുന്നു. അതായത്, 45 ലക്ഷം രൂപയുടെ ആഭരണങ്ങൾ വിൽക്കുമ്പോൾ 8 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഏറ്റവും അത്യാവശ്യ ഘട്ടത്തിൽ പണം തേടി ഇറങ്ങുന്നവർക്ക് ഈ നഷ്ടം വലിയൊരു ആഘാതമായി മാറും. ഇത് ഒരു ലക്ഷത്തിന്റെ ആഭരണമാണെങ്കില്‍ നഷ്ടം വരുന്നത് 18,000 രൂപയോളമായിരിക്കും.

എന്താണ് പോംവഴി?

ആപത്തുകാലത്തെ സാമ്പത്തിക സുരക്ഷിതത്വത്തിനായി സ്വർണാഭരണങ്ങളെ അമിതമായി ആശ്രയിക്കുന്നതിന് പകരം, മൂല്യം നഷ്ടപ്പെടാത്ത മറ്റ് മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കണമെന്നാണ് കൗഷിക് നിർദ്ദേശിക്കുന്നത്. യഥാർത്ഥ നിക്ഷേപമായി സ്വർണത്തെ കാണാൻ ആഗ്രഹിക്കുന്നവർ സോവറിൻ ഗോൾഡ് ബോണ്ടുകളിലോ (Sovereign Gold Bonds) അല്ലെങ്കിൽ സ്വർണ്ണക്കട്ടികളിലോ (Pure Gold Bars) നിക്ഷേപിക്കുന്നതാണ് നല്ലത്. ഇത്തരം നിക്ഷേപങ്ങൾക്ക് ആഭരണങ്ങൾ വാങ്ങുമ്പോൾ നൽകേണ്ടി വരുന്ന പണിക്കൂലിയോ മറ്റ് റീട്ടെയിൽ ചാർജുകളോ ഇല്ലാത്തതുകൊണ്ട് തന്നെ, വിൽക്കുന്ന സമയത്ത് സ്വർണത്തിന്റെ കൃത്യമായ വിപണി മൂല്യം തന്നെ നിക്ഷേപകന് തിരികെ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Selling gold jewellery may result in losses of up to ₹18,000 for every ₹1 lakh in value. Deductions for making charges, wastage, purity differences, and applicable taxes can significantly reduce the resale amount, making it important for consumers to understand these factors before selling their gold ornaments.

dot image
To advertise here,contact us
dot image