വീടും സ്ഥലവുമൊക്കെ വാങ്ങുന്നവര്‍ സൂക്ഷിക്കുക; ഈ ആദായ നികുതി നിയമങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പുലിവാല് പിടിക്കും

പല സാഹചര്യങ്ങളിലും വില്‍ക്കുന്നവര്‍ ടിഡിഎസ് കുറവായി അടച്ചതിന്റെ പേരില്‍ വാങ്ങുന്നവര്‍ക്ക് നികുതി ബാധ്യതകള്‍ നേരിടേണ്ടിവന്നേക്കും

വീടും സ്ഥലവുമൊക്കെ വാങ്ങുന്നവര്‍ സൂക്ഷിക്കുക; ഈ ആദായ നികുതി നിയമങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പുലിവാല് പിടിക്കും
dot image

പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ സൂക്ഷിക്കുക, ആദായ നികുതി നിയമം കൃത്യമായി അറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് പണി കിട്ടും. മുംബൈയിലെ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിന്റേതാണ് മുന്നറിയിപ്പ്. സ്വത്ത് വാങ്ങുമ്പോള്‍ നികുതി അടയ്‌ക്കേണ്ടത് സംബന്ധിച്ച നിയമങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

പാനും ആധാറും ബന്ധിപ്പിക്കാത്തത് മാത്രമല്ല, പല സാഹചര്യങ്ങളിലും വില്‍ക്കുന്നവര്‍ ടിഡിഎസ് കുറവായി അടച്ചതിന്റെ പേരില്‍ വാങ്ങുന്നവര്‍ക്ക് നികുതി ബാധ്യതകള്‍ നേരിടേണ്ടിവന്നേക്കും. പ്രോപര്‍ട്ടിയില്‍ താമസിക്കുന്നയാളില്‍ നിന്നും താമസക്കാരനല്ലാത്തയാളില്‍ നിന്നും സ്വത്ത് വാങ്ങുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. റെസിഡന്റ് വില്‍പ്പനക്കാരില്‍ നിന്ന് സ്വത്ത് വാങ്ങുമ്പോള്‍ സാധാരണയായി 1% ടിഡിഎസ് ആണ് ബാധകം.

ഇത് കണക്കാക്കേണ്ടത് ഇടപാട് മൂല്യമോ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യമോ, ഇവയില്‍ ഉയര്‍ന്നതിനെ അടിസ്ഥാനമാക്കിയാണ്. പാര്‍ക്കിംഗ് ഫീസ്, ക്ലബ് മെമ്പര്‍ഷിപ്പ് ഫീസ് തുടങ്ങിയ എല്ലാ അനുബന്ധ ചെലവുകളും ടിഡിഎസ് കണക്കില്‍ ഉള്‍പ്പെടുത്തണം.

നോണ്‍-റെസിഡന്റ് വില്‍പ്പനക്കാരില്‍ നിന്ന് വാങ്ങുമ്പോള്‍

നോണ്‍-റെസിഡന്റ് വില്‍പ്പനക്കാരുടെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്ന് വിദഗ്ധര്‍ പറയുന്നു. സെക്ഷന്‍ 195 പ്രകാരം, വില്‍പ്പനക്കാരന്റെ മൂലധന ലാഭം കണക്കാക്കി അതനുസരിച്ചുള്ള നികുതി നിരക്കില്‍ ടിഡിഎസ് പിടിക്കണം. റെസിഡന്റ് വില്‍പ്പനക്കാരുടെ കാര്യത്തിലെ പോലെ 1% നിരക്ക് ഇവിടെ ബാധകമല്ല.

സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്തുകള്‍

ഒരു സ്വത്തിന്റെ മുഴുവന്‍ തുകയും ഭര്‍ത്താവാണ് നല്‍കിയതെങ്കിലും സുരക്ഷയ്ക്കായി ഭാര്യയുടെ പേരും ചേര്‍ത്തിട്ടുണ്ടാകാം. പിന്നീട് സ്വത്ത് വില്‍ക്കുമ്പോള്‍, വില്‍പ്പന തുകയും ടിഡിഎസ് ബാധ്യതയും ഉടമകള്‍ക്കിടയില്‍ എങ്ങനെ വിഭജിക്കണമെന്നത് വാങ്ങുന്നവര്‍ക്ക് വ്യക്തമാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

പ്രൊഫഷണല്‍ സഹായം ആവശ്യമായി വരാം

സ്വത്ത് വാങ്ങുന്ന പലര്‍ക്കും ടിഡിഎസ് സംബന്ധിച്ച ബാധ്യതകളെക്കുറിച്ച് മതിയായ അറിവില്ലെന്ന് നികുതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നികുതിയുടെ TAN നമ്പര്‍ എടുക്കല്‍, ആവശ്യമായ ഫോമുകള്‍ സമര്‍പ്പിക്കല്‍, നികുതി അടയ്ക്കല്‍, TDS സര്‍ട്ടിഫിക്കറ്റ് നേടുക തുടങ്ങിയ നടപടികള്‍ക്കായി പലപ്പോഴും പ്രൊഫഷണല്‍ സഹായം തേടേണ്ടി വരും. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവുന്നതാണ് നൂലാമാലകള്‍ ഒഴിവാക്കാന്‍ നല്ലത്.

Content Highlights: ITAT has emphasized that homebuyers must carefully comply with TDS rules, particularly in property transactions involving non-resident sellers, joint ownership, or PAN-related compliance issues

dot image
To advertise here,contact us
dot image