ശമ്പളം തന്നെ ലക്ഷങ്ങള്‍; മറ്റ് ആനുകൂല്യങ്ങള്‍ അതിലേറെ: കുറിപ്പുമായി ഇത്തിഹാദിലെ ഇന്ത്യന്‍ പൈലറ്റ്

കിട്ടുന്ന ശമ്പളത്തിന് യാതൊരു വിധ നികുതിയും കൊടുക്കേണ്ടതില്ല

ശമ്പളം തന്നെ ലക്ഷങ്ങള്‍; മറ്റ് ആനുകൂല്യങ്ങള്‍ അതിലേറെ: കുറിപ്പുമായി ഇത്തിഹാദിലെ ഇന്ത്യന്‍ പൈലറ്റ്
അജ്മല്‍ എം കെ
3 min read|12 Jun 2026, 03:11 pm
dot image

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസിലെ ഒരു പൈലറ്റിന് കിട്ടുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എത്രത്തോളമായിരിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോഴിതാ ഇത്തിഹാദിലെ ഇന്ത്യന്‍ പൈലറ്റായ നികിത തോമർ എന്ന യുവതി തനിക്ക് ശമ്പളത്തിന് പുറമെ കിട്ടുന്ന ആനുകൂല്യങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ഇത്തിഹാദിൽ സീനിയർ ഫസ്റ്റ് ഓഫീസറായ നികിത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പൈലറ്റ് എന്ന കരിയറിനൊപ്പം യുഎഇയിലെ ജീവിതം സമ്മാനിക്കുന്ന 7 പ്രധാന നേട്ടങ്ങളും നികിത ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നു. "എന്തുകൊണ്ടാണ് യു.എ.ഇയിലെ പൈലറ്റുമാർ ഇവിടുത്തെ ജോലി ഉപേക്ഷിച്ചു പോകാൻ ഒട്ടും ആഗ്രഹിക്കാത്തത് എന്ന് അറിയാമോ?" എന്ന ചോദ്യത്തോടെയാണ് നികിത തന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നികിത പറയുന്ന ആ 7 പ്രധാന നേട്ടങ്ങൾ ഇങ്ങനെ.

ശമ്പളത്തിന് നികുതിയില്ല

ഇത്തിഹാദിലെ ജോലിയുടെ ഏറ്റവും വലിയ ആകർഷണമായി നികിത ചൂണ്ടിക്കാണിക്കുന്നത് കൈനിറയെ കിട്ടുന്ന ശമ്പളമാണ്. ഇതിൽ നിന്നും ഇൻകം ടാക്സ് ഇനത്തിൽ ഒരു രൂപ പോലും കുറയ്ക്കില്ല. അധ്വാനിക്കുന്ന പണം മുഴുവനായും കൈയിൽ കിട്ടുമെന്നത് വലിയൊരു നേട്ടമാണെന്നും അവർ വ്യക്തമാക്കുന്നു.

കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്

ഇത്തിഹാദ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചില സാഹചര്യങ്ങളിൽ സുഹൃത്തുക്കൾക്കും വരെ യാത്ര ചെയ്യാൻ വൻ ഇളവുകളോടെയുള്ള ടിക്കറ്റുകൾ ലഭിക്കും. ബിസിനസ്സ് ക്ലാസ് യാത്രകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിൽപ്പെടും.

വിശ്രമം ലക്ഷ്വറി

വിമാനയാത്രകൾക്കിടയിലെ വിശ്രമവേളകൾ വെറുതെ കളയാനുള്ളതല്ല. ടോക്കിയോ, പാരീസ്, ന്യൂയോർക്ക്, സ്പെയിനിലെ വിവിധ നഗരങ്ങൾ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആഡംബര ഹോട്ടലുകളിലാണ് താമസം ഒരുക്കുക. ഈ നഗരങ്ങൾ ചുറ്റിക്കാണാൻ ആവശ്യത്തിന് സമയവും ലഭിക്കും.

താമസ സൗകര്യം

പൈലറ്റുമാർക്ക് അബുദാബിയിൽ താമസിക്കാൻ കമ്പനി തന്നെ മികച്ച ക്വാർട്ടേഴ്സുകൾ നൽകും. അല്ലെങ്കിൽ അവിടെ നല്ലൊരു വീടെടുത്ത് താമസിക്കാൻ ആവശ്യമായ വൻ തുക ഹൗസിങ് അലവൻസായി നൽകും.

മെഡിക്കൽ ഇൻഷുറൻസും കുട്ടികളുടെ പഠനച്ചെലവും


ജീവനക്കാർക്കും അവരുടെ കുടുംബത്തിനും പൂർണ്ണമായ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ കമ്പനി ഉറപ്പാക്കുന്നുണ്ട്. ഇതിനുപുറമേ, കുട്ടികളുടെ സ്കൂൾ പഠനച്ചെലവുകൾക്കായി വലിയൊരു തുക വിദ്യാഭ്യാസ അലവൻസായും ലഭിക്കും.

വൈവിധ്യമാർന്ന തൊഴിലന്തരീക്ഷം

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകളുമായി ഒന്നിച്ച് ജോലി ചെയ്യാനുള്ള അവസരമാണ് ഇവിടെയുള്ളത്. 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് എത്തിഹാദിൽ ജോലി ചെയ്യുന്നത്. ഓരോ യാത്രയിലും വ്യത്യസ്ത സംസ്‌കാരങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ച് പഠിക്കാൻ ഇത് സഹായിക്കും.

സുരക്ഷിതമായ അബുദാബി ജീവിതം

താമസിക്കാൻ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണ് അബുദാബി. അവിടുത്തെ ഉയർന്ന സുരക്ഷിതത്വം, വർഷം മുഴുവൻ ലഭിക്കുന്ന സൂര്യപ്രകാശം, പ്രവാസികളോട് വളരെ സൗഹൃദപരമായി പെരുമാറുന്ന അന്തരീക്ഷം എന്നിവയെല്ലാം ഈ ജോലിയെ കൂടുതൽ ആകർഷകമാക്കുന്നു.

Content Highlights: An Indian pilot working for Etihad Airways has drawn attention with a note detailing his salary and employment benefits. While the monthly pay runs into lakhs of rupees, the package reportedly includes additional perks and allowances, highlighting the attractive compensation available in the international aviation industry.

dot image
To advertise here,contact us
dot image