

ആഭ്യന്തര വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി അര ശതമാനം ഉയർന്ന് 23,242.10 ലും സെൻസെക്സ് 0.54% ശതമാനം നേട്ടത്തോടെ 73,918.76 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ് ഓഹരികളിലെ വാങ്ങലും ആഗോള സാഹചര്യങ്ങളിലെ ആശ്വാസവുമാണ് വിപണിക്ക് കരുത്തായത്.
വിപണിയുടെ ഇന്നത്തെ മുന്നേറ്റത്തിന് പ്രധാനമായി നേതൃത്വം നൽകിയത് ബാങ്കിങ് , റിയൽറ്റി, ഓട്ടോ, ഹെൽത്ത്‌കെയർ, എഫ്എംസിജി സെക്ടറുകളാണ്. ബാങ്കിങ് ഓഹരികളിലെ ശക്തമായ വാങ്ങൽ വിപണിക്ക് വലിയ പിന്തുണ നൽകി. റിയൽറ്റി, ഓട്ടോ മേഖലകളിലും മികച്ച മുന്നേറ്റം രേഖപ്പെടുത്തി. അതേസമയം ഉപഭോക്തൃ ഉൽപ്പന്ന കമ്പനികളും ഹെൽത്ത്‌കെയർ ഓഹരികളും നേട്ടത്തിൽ വ്യാപാരം നടത്തി. മറുവശത്ത്, ഐടി ഓഹരികൾ സമ്മർദത്തിലായിരുന്നു. നിഫ്റ്റി ഐടി സൂചിക ഏകദേശം 0.54 ശതമാനം ഇടിഞ്ഞു, ടെക്‌നോളജി ഓഹരികളിലെ വിൽപ്പന സമ്മർദം തുടരുന്നതിന്റെ സൂചനയാണിത്.
വിപണിക്ക് തുണയായത്
പശ്ചിമേഷ്യയിലെ സംഘർഷത്തിലെ അയവ്: ഇസ്രായേലും ഇറാനും പരസ്പര ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചതോടെ ആഗോള വിപണികളിൽ ആശ്വാസം പടർന്നു. ഇതോടെ നിക്ഷേപകരുടെ റിസ്‌ക് എടുക്കാനുള്ള താത്പര്യം വർധിച്ചു.
ക്രൂഡ് വില കുറഞ്ഞു: ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 97 ഡോളറിൽ നിന്ന് 93 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ഇത് അനുകൂലമാണ്. ഉയർന്ന എണ്ണവില മൂലമുണ്ടായിരുന്ന പണപ്പെരുപ്പ ആശങ്കകൾക്കും ഇതോടെ കുറവുണ്ടായി.
ബാങ്കിങ് ഓഹരികളിൽ ശക്തമായ വാങ്ങൽ: റിസർവ് ബാങ്ക് വിദേശ കറൻസിയിൽ വായ്പയെടുക്കുന്ന ബാങ്കുകൾക്ക് പ്രത്യേക സ്വാപ്പ് സൗകര്യം അനുവദിച്ചു. മൂന്ന് വർഷമോ അതിലധികമോ കാലാവധിയുള്ള വിദേശ വായ്പകൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതോടെ ഹെഡ്ജിങ് ചെലവ് കുറയുകയും വിദേശ വായ്പ കൂടുതൽ ആകർഷകമാകുകയും ചെയ്യും. ഇതാണ് ബാങ്കിങ്, ധനകാര്യ ഓഹരികളിൽ ശക്തമായ വാങ്ങലിന് കാരണമായത്.
ജിയോജിത് ഇൻവെസ്റ്റ്മെന്റ്സിലെ അനന്ദ് ജെയിംസിന്റെ അഭിപ്രായത്തിൽ, നിഫ്റ്റി 23,126ൽ നിന്ന് തിരിച്ചുകയറിയെങ്കിലും മുന്നേറ്റത്തിന് ആവശ്യമായ ശക്തി ഇതുവരെ ലഭിച്ചിട്ടില്ല. 22,962 അല്ലെങ്കിൽ 22,800 വരെ വീണ്ടും താഴേക്കുള്ള നീക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. മറുവശത്ത്, 23,192ന് മുകളിലേക്ക് വ്യക്തമായ മുന്നേറ്റമുണ്ടായാൽ മാത്രമേ കൂടുതൽ ഉയർച്ച ഉണ്ടാവുകയുള്ളു.
Content Highlights: Sensex settles 400 pts higher, Nifty ends near 23,250: Easing crude prices among key factors behind market rise