കറുത്ത വസ്ത്രവും തൊപ്പിയുമണിഞ്ഞെത്തി: തീവ്രവാദിചാപ്പയുടെ മുനയൊടിച്ച സലിം കുമാര്‍

2018 മാര്‍ച്ച് മാസത്തില്‍ വര്‍ക്കലയിലെ കോളേജില്‍ വെച്ച് നടന്ന വാര്‍ഷികാഘോഷത്തിന് പിന്നാലെയായിരുന്നു വ്യാജപ്രചാരണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പരിപാടിയ്ക്ക് കറുത്ത വസ്ത്രം ധരിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ എത്തിയത്

കറുത്ത വസ്ത്രവും തൊപ്പിയുമണിഞ്ഞെത്തി: തീവ്രവാദിചാപ്പയുടെ മുനയൊടിച്ച സലിം കുമാര്‍
dot image

വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച, അത് തുറന്ന് പറയാന്‍ ഒരു മടിയും കാണിക്കാതിരുന്ന കലാകാരന്‍ എന്ന നിലയില്‍ കൂടിയായിരിക്കും വരുംനാളുകളില്‍ സലിം കുമാറിനെ ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. 2018ല്‍ ഒരു കോളേജ് വാര്‍ഷികാഘോഷ പരിപാടിയ്ക്ക് കറുത്ത വസ്ത്രമണിഞ്ഞതിന്റെ പേരില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ തീവ്രവാദികളായി മുദ്ര കുത്താന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ രംഗത്ത് വന്നത് സലിം കുമാറിന് അന്ന് നല്‍കിയത് ഒരു റിയല്‍ ലൈഫ് ഹീറോ ഇമേജായിരുന്നു.

2018 മാര്‍ച്ച് മാസത്തില്‍ വര്‍ക്കലയിലെ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ വെച്ച് നടന്ന വാര്‍ഷികാഘോഷത്തിന് പിന്നാലെയായിരുന്നു വ്യാജപ്രചാരണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പരിപാടിയ്ക്ക് കറുത്ത വസ്ത്രം ധരിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ എത്തിയത്. എല്ലാവരും ചേര്‍ന്ന് ഒരു കളര്‍കോഡ് തീരുമാനിക്കുകയും അത് ധരിച്ച് വരികയായിരുന്നു ചെയ്തത്. സലിം കുമാറായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നത്. അദ്ദേഹവും വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരം കറുപ്പ് വസ്ത്രം തന്നെ ധരിച്ചെത്തി.

വാര്‍ഷികാഘോഷം നടന്ന് മാസങ്ങള്‍ക്ക് ശേഷം, ഡിസംബറില്‍ ജനം ടിവിയാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കി വിദ്വേഷ പ്രചരണം ആരംഭിച്ചത്. കോളേജില്‍ തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുടെ സാന്നിധ്യമുണ്ടെന്നും കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ അതിന്റെ അനുയായികളാണെന്നുമാണ് പരിപാടിയുടെ വീഡിയോ ഉയര്‍ത്തിക്കാണിച്ച് ജനം ടിവി പ്രചരിപ്പിച്ചത്.

ഇതിനെതിരെ ശക്തമായ പ്രതികരണവുമായി സലിം കുമാര്‍ രംഗത്തെത്തി. കറുത്ത വസ്ത്രം അണിഞ്ഞതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ തീവ്രവാദിയാക്കിയ ചാനല്‍ മാപ്പ് പറയണമെന്ന് സലിം കുമാര്‍ ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ നടനെതിരെയും സംഘപരിവാര്‍ വിദ്വേഷ പ്രചരണം ആരംഭിച്ചു. സലീം കെ ഉമ്മര്‍, സലാം കുമാര്‍ എന്നിങ്ങനെ പേരുകള്‍ മാറ്റിയെഴുതി അധിക്ഷേപ പോസ്റ്റുകളും തീവ്രവാദിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി.

Salim Kumar

പക്ഷെ സലിം കുമാര്‍ സ്വന്തം നിലപാടില്‍ നിന്നും തരിമ്പും പിന്നോട്ടുപോയില്ല. ചാനലിലെ പ്രൈം ടൈം ചര്‍ച്ചയിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് തലയില്‍ കറുത്ത തൊപ്പിയും വെച്ചാണ് അദ്ദേഹം അന്ന് എത്തിയത്. 'ആ കോളേജിന് പുറത്തുള്ള, അന്ന് നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാള്‍ ഞാനാണ്. അതുകൊണ്ട് തന്നെ ആ കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കണമെന്ന് എനിക്ക് തോന്നി. ഒരു മനുഷ്യന്‍ എന്ന രീതിയില്‍ ഞാന്‍ അത് ചെയ്യണം. അതിന്റെ പേരില്‍ എന്ത് അനുഭവിക്കേണ്ടി വന്നാലും കുട്ടികളെ പിന്തുണയ്ക്കും,' ചാനല്‍ ചര്‍ച്ചയ്ക്കിടെ അസന്നിഗ്ദ്ധമായി സലിം കുമാര്‍ പ്രഖ്യാപിച്ചു.

ആ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്നവരാണ്. അവരില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം ഉണ്ട്. മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനമാണെന്നതിന്റെ പേരില്‍ അവര്‍ക്ക് ആഘോഷങ്ങള്‍ക്ക് കളര്‍ കോഡ് പാടില്ലെന്ന് ഉണ്ടോ എന്നും സലിം കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തി ചോദിച്ചു.

'കറുത്ത വസ്ത്രമണിഞ്ഞവരെല്ലാം തീവ്രവാദികളാണെങ്കില്‍ വെളുത്ത വസ്ത്രമണിഞ്ഞവരെല്ലാം മരിച്ചുപോയവരാണോ, മൃതദേഹങ്ങളെയാണല്ലോ വെള്ള പുതപ്പിച്ച് കിടത്തുന്നത്' എന്ന് സ്വതസിദ്ധമായ മൂര്‍ച്ചയേറിയ ഹാസ്യത്തിലൂടെ പറഞ്ഞുകൊണ്ട് വിദ്വേഷ പ്രചരണങ്ങളുടെ മുനയൊടിക്കാനും സലിം കുമാര്‍ മറന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും ആ കോളേജിനുമെതിരെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ ശക്തമായപ്പോള്‍ അതേ മാധ്യമങ്ങളിലൂടെ തന്നെ സലിം കുമാറും രംഗത്തെത്തി. തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കറുത്ത വസ്ത്രവും തൊപ്പിയും അണിഞ്ഞുള്ള ചിത്രം പങ്കുവെച്ചു.

അഭിനയസിദ്ധികൊണ്ട് അത്ഭുതപ്പെടുത്തിയ നടന്‍ എന്നതിനൊപ്പം സലിം കുമാര്‍ എന്ന കലാകാരന്‍ വ്യത്യസ്തനാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ട് കൂടിയാണ്. സഹജീവി സ്‌നേഹത്തിലും മതേതര നിലപാടുകളിലും ഒരു കാലത്തും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല അദ്ദേഹം. നിലപാടിലെ ആ ധീരത കൂടിയാണ് സലിം കുമാര്‍ വിടവാങ്ങുമ്പോള്‍ മലയാളികള്‍ക്ക് നഷ്ടമാകുന്നത്.

Content Highlights: Salim Kumar once worn a black clothes and cap in support of a group of students who were facing baseless malicious allegations by Janam TV. The channel portrayed them as terrosrists for wearing black clothes. Salim Kumar came in support of them and stood by his stand even after sangh parivar started hate campaign against him.

dot image
To advertise here,contact us
dot image