

ചരിത്രപരമായ ഒരു ഡീലിനായി നിക്ഷേപ പങ്കാളികളെ തേടുകയാണ് ബോട്സ്വാന എന്ന ആഫ്രിക്കൻ രാജ്യം. അതിനായി അവർ കണ്ണുവെക്കുന്നതാകട്ടെ അറബ് രാജ്യങ്ങളിലേക്കും. ആ സഹായം ലഭിച്ചാൽ ബോട്സ്വാനയുടെ സമ്പദ്‌വ്യവസ്ഥ ഉണരും. രാജ്യം വളരും എന്നാണ് പ്രതീക്ഷ. എന്തിനാണ് ബോട്സ്വാന അറബ് രാജ്യങ്ങളുടെ സഹായം തേടുന്നത് എന്നല്ലേ? രാജ്യത്തെ ഖനനമേഖല തങ്ങളുടെ കൈപ്പിടിയിലാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഡയമണ്ട് ഖനന കമ്പനിയായ ഡി ബീയേഴ്സിൽ തങ്ങളുടെ ഓഹരി പങ്കാളിത്തം വർധിപ്പിക്കാനാണ് ഈ നീക്കം. ഉടമസ്ഥരായ ആംഗ്ലോ അമേരിക്കൻ ഡീ ബിയേഴ്സിന്റെ 85% ഓഹരികൾ വിൽക്കാൻ ഒരുങ്ങുകയാണ്. ഇവ വാങ്ങാനായി ബോട്സ്വാന പുതിയ പങ്കാളികളെ തേടുന്നത്.
ഖത്തർ, യുഎഇ എന്നിവരുമായാണ് ബോട്സ്വാന ചർച്ചകൾ നടത്തുന്നത്. ഈ വർഷം ആദ്യം തന്നെ ബോട്സ്വാന പ്രസിഡന്റ് ധുമ ബൊക്കോ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരികളുമായി ചർച്ചകൾ നടത്തിയിരുന്നു. ഒമാനും യുഎഇയും നേരത്തെതന്നെ ഡയമണ്ട് ഖനന മേഖലയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നതായും അവരുമായി കൈകൊടുക്കാനാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബോട്സ്വാനയ്ക്ക് നിലവിൽ ഡി ബിയേഴ്സിൽ 15% ഓഹരി മാത്രമാണ് ഉള്ളത്. ഓഹരി വിഹിതത്തിലെ ഏതൊരു വർധനവും റെഗുലേറ്ററി, ആന്റിട്രസ്റ്റ് അംഗീകാരങ്ങൾക്കും മറ്റ് ലേലക്കാരുമായുള്ള ചർച്ചകൾക്കും വിധേയമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. നേരത്തെ അയൽരാജ്യങ്ങളായ അംഗോള, നമീബിയ എന്നിവരുമായും ബോട്സ്വാന ചർച്ചകൾ നടത്തിയിരുന്നു.
ഡയമണ്ട് ഖനനമാണ് ബോട്സ്വാനിയൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. രാജ്യത്തിന്റെ ജിഡിപിയുടെ കാൽഭാഗവും ഡയമണ്ട് ഖനനവും കയറ്റുമതിയുമാണ് സംഭാവന ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതി വരുമാനമെടുത്താൽ ഖനനമേഖലയുടെ സംഭാവന 80 ശതമാനമാണ്. ഡി ബിയേഴ്സിൽ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നത് വഴി ഖനനമേഖലയിൽ പിടിമുറുക്കാനാണ് ബോട്സ്വാനയുടെ ശ്രമം.
ഒമാൻ, യുഎഇ എന്നിവർക്ക് ആഫ്രിക്കയിലെ മികച്ച നിക്ഷേപ സാധ്യത കൂടിയാകും ഈ നിക്ഷേപം.
സോവറിൻ വെൽത്ത് ഫണ്ടുകൾ, ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങൾ, ലോജിസ്റ്റിക്സ് പദ്ധതികൾ, ഖനന സംരംഭങ്ങൾ എന്നിവയിലൂടെ യുഎഇയും ഒമാനും കഴിഞ്ഞ വർഷങ്ങളിൽ ആഫ്രിക്കയിലുടനീളം തങ്ങളുടെ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും മൂലധന ശേഖരമാണ് ബോട്സ്വാനയെ ആകർഷിക്കുന്നത്.
Content Highlights: De Beers may see a change in ownership structure as Anglo American prepares to sell its 85% stake in the diamond giant. The government of Botswana is exploring opportunities to increase its shareholding in De Beers with the support of Qatar and UAE