സ്വർണത്തിലേക്ക് ഒഴുകിയത് 69000 കോടി; നിയന്ത്രണം ഏർപ്പെടുത്തി മ്യൂച്വൽ ഫണ്ട് ഹൗസുകൾ, ആശങ്കപ്പെടണോ?

രൂപയുടെ മൂല്യം ഡോളറിനെതിരെ 96.35 എന്ന റെക്കോഡ് താഴ്ചയിലേക്ക് എത്തിയത് വിദേശത്തുനിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി

സ്വർണത്തിലേക്ക് ഒഴുകിയത് 69000 കോടി; നിയന്ത്രണം ഏർപ്പെടുത്തി മ്യൂച്വൽ ഫണ്ട് ഹൗസുകൾ, ആശങ്കപ്പെടണോ?
dot image

സ്വർണവില റെക്കോർഡുകൾ താണ്ടുമ്പോൾ ഇന്ത്യൻ നിക്ഷേപകർ സ്വർണ ഇടിഎഫുകളിലേയ്ക്ക് വൻതോതിൽ പണം ഒഴുക്കുകയാണ്. എന്നാൽ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ പ്രുഡൻഷ്യൽ, നിപ്പോൺ ഇന്ത്യ തുടങ്ങിയ പ്രമുഖ ഫണ്ട് ഹൗസുകൾ സ്വർണ ഇടിഎഫ് നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇടിഎഫുകളിലെ ഈ അപ്രതീക്ഷിത നിയന്ത്രണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് പരിശോധിക്കാം.

നിയന്ത്രണം എന്തുകൊണ്ട്?

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ പ്രുഡൻഷ്യൽ, നിപ്പോൺ ഇന്ത്യ, കൊട്ടക് മ്യൂച്വൽ ഫണ്ട് എന്നിവ വലിയ തുകയുടെ ഇടിഎഫ് നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 25 കോടി അല്ലെങ്കിൽ അതിലധികം തുക നേരിട്ട് നിക്ഷേപിക്കുന്ന വലിയ സ്ഥാപന നിക്ഷേപകരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. സാധാരണ റീട്ടെയിൽ നിക്ഷേപകർക്ക് NSE/BSE വഴി സ്വർണ ഇടിഎഫ് വാങ്ങുന്നതിൽ തടസമില്ല.

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണത്തിലുള്ള നിക്ഷേപക താത്പര്യം കൂടിയിട്ടുണ്ട് . 2026 സാമ്പത്തിക വർഷത്തിൽ സ്വർണ ഇടിഎഫ് വരവ് മുൻവർഷത്തെ അപേക്ഷിച്ച് 364 ശതമാനം വർധിച്ച് 69,000 കോടി രൂപയിലെത്തി. ഇതിനു പുറമെ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി. ഇതോടെ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ചെലവ് ഇരട്ടിയായി. ഇതിനെല്ലാം പുറമെ രൂപയുടെ മൂല്യം ഡോളറിനെതിരെ 96.35 എന്ന റെക്കോഡ് താഴ്ചയിലേക്ക് എത്തിയത് വിദേശത്തുനിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി.ഇത്തരം കാര്യങ്ങൾ എല്ലാം തന്നെയാണ് നിലവിലെ നടപടിക്ക് പിന്നിൽ.

സ്വർണ ഇറക്കുമതി എങ്ങനെ ബാധിക്കുന്നു?

ഇന്ത്യ ഉപയോഗിക്കുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. 2026 സാമ്പത്തിക ഇന്ത്യയുടെ സ്വർണ ഇറക്കുമതി ബിൽ ഏകദേശം 72 ബില്യൺ ഡോളറിലെത്തി, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നില. സ്വർണവിലയും ഡോളറിന്റെ ശക്തിയും കൂടിയതോടെ രാജ്യം കൂടുതൽ വിദേശനാണ്യം ചെലവഴിക്കേണ്ടി വന്നു. 2026-ലെ ആദ്യ പാദത്തിൽ ഇന്ത്യൻ സ്വർണ ഇടിഎഫുകളിലേക്ക് റെക്കോർഡ് നിക്ഷേപമാണ് ഒഴുകിയത്. ഇടിഎഫുകളിലേക്ക് പുതിയ പണം വരുമ്പോൾ ഫണ്ടുകൾക്ക് അതിന് തുല്യമായ ഭൗതിക സ്വർണം വാങ്ങേണ്ടിവരും. അതിനാൽ കൂടുതൽ സ്വർണ ഇറക്കുമതി ആവശ്യമായി വരുന്നു.

സർക്കാർ ചെയ്യുന്നത്


സ്വർണ ഇറക്കുമതി കുറയ്ക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇറക്കുമതി തീരുവ വർധിപ്പിക്കുകയും സ്വർണ വാങ്ങൽ കുറയ്ക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മ്യൂച്വൽ ഫണ്ട് ഹൗസുകളും നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

സ്വർണ ലഭ്യതയിലും പ്രശ്നമുണ്ടോ?

ഉണ്ട്. നികുതി സംബന്ധമായ പ്രശ്നങ്ങൾ കാരണം ചില മാസങ്ങളിൽ സ്വർണ ഇറക്കുമതി ഗണ്യമായി കുറഞ്ഞു. അതിനാൽ ഇടിഎഫുകൾക്ക് ആവശ്യമായ ഭൗതിക സ്വർണം ലഭ്യമാക്കുന്നതും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. നിലവിലെ നിയന്ത്രണം പ്രധാനമായും വലിയ സ്ഥാപന നിക്ഷേപകരെ ബാധിക്കുമ്പോൾ ലക്ഷക്കണക്കിന് വരുന്ന SIP നിക്ഷേപകരെയും സാധാരണ ഇടിഎഫ് ട്രേഡിങ്ങിനെയും ബാധിക്കില്ല. അതിനാൽ സ്വർണ ഇറക്കുമതി പൂർണമായി കുറയില്ലെങ്കിലും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

gold etf

നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്

വലിയ നിക്ഷേപകർക്ക് പുതിയ ഇടിഎഫ് യൂണിറ്റുകൾ സൃഷ്ടിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ, എക്സ്ചേഞ്ചിൽ യൂണിറ്റുകളുടെ ലഭ്യത കുറയാം. അപ്പോൾ വില NAV-യെ (Net Asset Value) ക്കാൾ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ വാങ്ങുന്നതിന് മുമ്പ് ഇടിഎഫ് പ്രീമിയം പരിശോധിക്കുന്നത് നല്ലതാണ്. കൂടാതെ നിലവിലുള്ള നിക്ഷേപങ്ങൾക്കും എസ്‌ഐപികൾക്കും പ്രശ്നമില്ല.

മുഴുവൻ നിക്ഷേപത്തിന്റെ 10-15 ശതമാനം മാത്രം സ്വർണത്തിനായി മാറ്റിവയ്ക്കുക, സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടം ഉള്ളതിനാൽ തന്നെ വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കാതെ എസ്‌ഐപി വഴിയോ ചെറിയ തുകകളായോ നിക്ഷേപിക്കുന്നത് തുടരുക തുടങ്ങിയ നിർദേശങ്ങളാണ് വിദഗ്‌ദ്ധർ മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ വർഷം അസാധാരണമായ റിട്ടേൺ ആണ് സ്വർണം നിക്ഷേപകർക്ക് നൽകിയത്. ഏകദേശം74 ശതമാനം. അതുകൊണ്ട് ഇതേ പ്രതിഭാസം ഭാവിയിൽ പ്രതീക്ഷിക്കുന്നത് ഉചിതമല്ലാ എന്നും വിപണി നിരീക്ഷകർ പറയുന്നു

Content Highlights: Why Multiple Fund Houses Are Restricting Gold ETF Investments Right Now

dot image
To advertise here,contact us
dot image