

വാടക അടയ്ക്കുന്നതിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനുള്ള സൗകര്യം വീണ്ടും തിരിച്ചെത്തുകയാണ്. മുൻപ് നിയന്ത്രണങ്ങൾക്കും റിസ്ക് ഫാക്ടറുകൾക്കും പിന്നാലെ ചില പ്ലാറ്റ്ഫോമുകൾ ഈ സേവനം നിർത്തിവച്ചിരുന്നുവെങ്കിലും, ഇപ്പോൾ പുതിയ മാർക്കറ്റ്പ്ലേസ് മോഡലിലൂടെ സംവിധാനം പുനരാരംഭിക്കാൻ ഫോൺപേയും ക്രെഡ് ആപ്പും തയ്യാറെടുക്കുന്നതായാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ സംവിധാനത്തിൽ ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കാൻ സാധിക്കും. എന്നാൽ നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനത്തിന് പകരം, ഇടനില പ്ലാറ്റ്ഫോം അധിഷ്ഠിതമായ മാർക്കറ്റ്പ്ലേസ് മോഡലായിരിക്കും നടപ്പാക്കുക. ഇതിലൂടെ ഇടപാടുകൾ കൂടുതൽ നിയന്ത്രിതവും നിയമാനുസൃതമായ ഫ്രെയിംവർക്കിനുള്ളിലും നടത്താനാണ് ലക്ഷ്യം.
വാടക പേയ്‌മെന്റുകൾ ക്രെഡിറ്റ് കാർഡ് വഴി ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് റിവാർഡുകൾ, ക്രെഡിറ്റ് സൈക്കിൾ സൗകര്യം, ക്യാഷ്‌ഫ്ലോ മാനേജ്മെന്റ് എന്നിവയിൽ കൂടുതൽ ലാഭം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ സെഗ്മെന്റ് മുൻപ് വലിയ തോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. എന്നാൽ റിസ്ക് മാനേജ്മെന്റ്, ഫണ്ട് ഫ്ലോ സംബന്ധിച്ച ആശങ്കകൾ എന്നിവ കാരണം സേവനം ആർബിഐ താൽക്കാലികമായി നിർത്തുകയായിരുന്നു.
പുതുക്കിയ മോഡലിലൂടെ ബാങ്കുകളും ഫിൻടെക് പ്ലാറ്റ്ഫോമുകളും തമ്മിൽ കൂടുതൽ വ്യക്തമായ പങ്കാളിത്ത ഘടന ഉണ്ടാകുമെന്നാണ് സൂചന. ഇതിലൂടെ ഇടപടികളുടെ സുതാര്യതയും റിസ്ക് കൺട്രോളും മെച്ചപ്പെടുത്താനാണ് ശ്രമം. ഫിൻടെക് മേഖലയിലെ മത്സരം ശക്തമാകുന്ന സാഹചര്യത്തിൽ, വാടക പേയ്‌മെന്റ് പോലുള്ള പേയ്‌മെന്റ് സെഗ്മെന്റുകൾ വീണ്ടും പിടിച്ചെടുക്കാനുള്ള നീക്കമായാണ് ഇതിനെ വിപണി നിരീക്ഷകർ കാണുന്നത്.
9 മാസത്തെ കടുത്ത നിയന്ത്രണങ്ങൾക്കുശേഷം കൂടുതൽ ഘടനാപരമായ സമീപനത്തോടെ ക്രെഡിറ്റ് കാർഡ് വാടക പേയ്‌മെന്റ് സേവനം തിരിച്ചുവരുന്നത് ഫിൻടെക് മേഖലയിൽ പുതിയ മത്സരങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.2026 ജനുവരിയിൽ RedGiraffe, PayZapp, NoBroker എന്നിവയുൾപ്പെടെ നിരവധി പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ റെഗുലേറ്ററി ആശങ്കകൾ പരിഹരിക്കുന്നതിനായി നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയ ശേഷം ക്രെഡിറ്റ് കാർഡുകൾ വഴി വാടക പേയ്‌മെന്റുകൾ പുനരാരംഭിച്ചിരുന്നു.
2024 ൽ എന്താണ് സംഭവിച്ചത്?
ജൂൺ 26, 2024-ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിൽ ഫിൻടെക് ആപ്പുകൾ വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുമ്പോൾ ഓരോ ഇടപാടിനും 1% ഫീസ് (പരമാവധി 3,000) ഈടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതിന് മുൻപ് തന്നെ മാർച്ച് ,ഏപ്രിലും മാസങ്ങളിൽ ഐസിഐസിഐ ബാങ്ക് എസ്ബിഐ കാർഡ് എന്നിവർ വാടക പേയ്മെന്റുകൾക്ക് നൽകുന്ന റിവാർഡ് പോയിന്റുകൾ നിർത്തിവെച്ചിരുന്നു. ഇത് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്ന ക്യാഷ്ബാക്ക്, ബെനിഫിറ്റ്‌സ് എന്നിവയെ നേരിട്ട് ബാധിച്ചു.
അതേസമയം, 2024 മാർച്ചിൽ ഫോൺപേ ,പേടിഎം, മൊബിക്വിക്, ഫ്രീചാർജ്, ആമസോൺ പേ തുടങ്ങിയ പ്രധാന ഫിൻടെക് പ്ലാറ്റ്ഫോമുകൾ ക്രെഡിറ്റ് കാർഡ് വഴി വാടക സ്വീകരിക്കൽ താൽക്കാലികമായി നിർത്തിയിരുന്നു. പിന്നീട് ചില പ്ലാറ്റ്ഫോമുകൾ വീണ്ടും ഈ സേവനം പുനരാരംഭിച്ചത് ശക്തമായ KYC, കംപ്ലയൻസ് നടപടികൾ ഉൾപ്പെടുത്തിയാണ്. റഗുലേറ്ററി ആശങ്കകൾ കുറയ്ക്കാനായിരുന്നു ഈ നീക്കം.
ഫ്രീലാൻസർമാർ, കൺസൾട്ടന്റുകൾ, കണ്ടന്റ് ക്രിയേറ്റർമാർ തുടങ്ങിയ വ്യക്തികൾക്ക് ക്രെഡിറ്റ് കാർഡ് വഴി പണമിടപാട് വർധിച്ചുവരികയാണ്. അതിനാൽ ഇത്തരം പേയ്മെന്റുകൾ പൂർണമായി തടയുന്നത് വളരുന്ന ഒരു സെഗ്മെന്റിനെ ബാധിക്കും എന്നാണ് ഫിൻടെക് കമ്പനികളുടെ വാദം.
Content Highlights: PhonePe, CRED plan comeback for rent payments via credit cards under new marketplace model