ബസിന് സ്പീഡ് കൂടും; പൊതു​ഗതാ​ഗതം കാര്യക്ഷമമാക്കാൻ എഐയെ കൂട്ടുപിടിച്ച് ദുബായ് ആർടിഎ

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പൊതുഗതാഗത നടത്തിപ്പിൽ ദുബായുടെ ആഗോള സ്ഥാനം കൂടുതൽ ശക്തമാക്കുന്നതാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി

ബസിന് സ്പീഡ് കൂടും; പൊതു​ഗതാ​ഗതം കാര്യക്ഷമമാക്കാൻ എഐയെ കൂട്ടുപിടിച്ച് ദുബായ് ആർടിഎ
dot image

പൊതുഗതാഗത സംവിധാനം കൂടുതൽ സ്മാർട്ടാക്കാൻ പുതിയ ചുവടുവെപ്പുകളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ദുബായിലെ ബസ് സർവീസുകളുടെ തത്സമയ നിയന്ത്രണത്തിനായി കൃത്രിമബുദ്ധി അധിഷ്ഠിതമായ സ്മാർട്ട് ഡാഷ്‌ബോർഡുകൾ ആർടിഎ സജ്ജമാക്കി. ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിലാണ് ഈ അത്യാധുനിക ഡാറ്റാ അനലിറ്റിക്സ് സംവിധാനം നടപ്പിലാക്കിയത്. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പൊതുഗതാഗത നടത്തിപ്പിൽ ദുബായുടെ ആഗോള സ്ഥാനം കൂടുതൽ ശക്തമാക്കുന്നതാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.

ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയും കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസിന് കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്ററും സംയുക്തമായാണ് ഈ പുതിയ സംവിധാനം വികസിപ്പിച്ചത്. 'ഡാറ്റാ ഐക്യു' പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ഡാഷ്‌ബോർഡുകൾ വഴി, കൃത്യമായ മുൻകൂട്ടി തയ്യാറാക്കിയ പ്ലാനിങ്ങോടെ ദുബായിലെ ബസ് സർവീസുകൾ നിയന്ത്രിക്കാൻ സാധിക്കും.

നിശ്ചിത സമയത്തിന് മുൻപ് ബസുകൾ സർവീസ് ആരംഭിക്കുന്നത് ഒഴിവാക്കുക, ട്രിപ്പുകൾ റദ്ദാക്കപ്പെടാനുള്ള സാധ്യതകൾ മുൻകൂട്ടി പ്രവചിക്കുക, മെട്രോ സർവീസുകളിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുക തുടങ്ങിയവാണ് പുതിയ പദ്ധതിക്ക് പിന്നിലെ ലക്ഷ്യങ്ങൾ.

പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കിയതോടെ സമയക്രമം പാലിക്കാതെ ബസുകൾ നേരത്തെ പുറപ്പെടുന്ന പ്രവണത 68 ശതമാനത്തിലധികം കുറഞ്ഞതായി അധികൃതർ വിലയിരുത്തി. സർവീസുകളുടെ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഈ സ്മാർട്ട് ഡാഷ്‌ബോർഡുകൾ ​ഗുണം ചെയ്യുന്നുണ്ട്. ബസുകൾ ആവശ്യമില്ലാതെ എഞ്ചിൻ പ്രവർത്തിപ്പിച്ചു നിർത്തിയിടുന്നതും ബസ് പാർക്കിങ് കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ പദ്ധതിയിലൂടെ കഴിഞ്ഞു. ഇതുവഴി 13,000 ടണ്ണിലധികം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിച്ചതായും ആർടിഎ വ്യക്തമാക്കി.

Content Highlights: Dubai’s Roads and Transport Authority (RTA) is integrating artificial intelligence to improve public transport efficiency, including optimizing bus speeds and reducing travel time. The initiative aims to enhance commuter experience and streamline urban mobility across the city.

dot image
To advertise here,contact us
dot image