

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് എൻഎസ്ഇ നിഫ്റ്റി എന്നിവ ആദ്യ ഘട്ട ട്രേഡിങിൽ
നേരിയ ഉയർച്ചയോടെയാണ് തുടങ്ങിയത്. പ്രത്യേകിച്ച് ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, റിയൽ എസ്റ്റേറ്റ് വിഭാഗങ്ങളിലെ ഓഹരികളിലാണ് വാങ്ങൽ താല്പര്യം കൂടുതലായി കണ്ടത്.
ആഗോള വിപണികളിലെ സൂചനകൾ, ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ, വിദേശ നിക്ഷേപകരുടെ പ്രവാഹം എന്നിവയാണ് ഇന്നത്തെ വിപണി നീക്കത്തെ പ്രധാനമായും സ്വാധീനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടത്തിന് ശേഷം വിപണിയിൽ ഇപ്പോൾ ഒരു പ്രതീക്ഷാ മനോഭാവമാണ് നിലനിൽക്കുന്നത് എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഫിനാൻഷ്യൽ സെക്ടറിൽ ബാങ്ക് ഓഹരികൾക്ക് മികച്ച പിന്തുണ ലഭിച്ചു. പല പ്രമുഖ ബാങ്ക് ഓഹരികളിലും വാങ്ങൽ താൽപര്യം വർധിച്ചതോടെ സൂചികകൾക്ക് കരുത്ത് ലഭിച്ചു.നിഫ്റ്റി തുടക്കത്തിൽ 100 പോയിന്റിലധികം ഉയർന്ന് 23,200ന് മുകളിലെത്തി. അതേസമയം സെൻസെക്സ് ഏകദേശം 300 പോയിന്റ് (0.5%) നേട്ടത്തോടെ 73,800ന് മുകളിലാണ് വ്യാപാരം ചെയ്യുന്നത്.
നിഫ്റ്റിക്ക് 23,000 എന്ന നില നിർണായകമാണ്. ഈ സപ്പോർട്ട് നില നിലനിർത്താൻ കഴിഞ്ഞാൽ കൂടുതൽ ഇടിവ് ഉണ്ടാകാതെ തുടരും എന്നാണ് വിപണി വിദഗ്ദ്ധർ നൽകുന്ന സൂചന. എന്നാൽ 23,000 നഷ്ടപ്പെട്ടാൽ സൂചിക 22,700 വരെ താഴാൻ സാധ്യതയുണ്ട്. മുന്നേറ്റം തുടർന്നാൽ ആദ്യം 23,250–23,300 മേഖല മറികടക്കേണ്ടത് നിഫ്റ്റിക്ക് അനിവാര്യമാണ്. അതിന് ശേഷം മാത്രമേ 23,500 എന്ന പ്രധാന പ്രതിരോധ മേഖല വീണ്ടും പരീക്ഷിക്കാൻ സാധ്യതയുള്ളൂ. ബാങ്ക് നിഫ്റ്റി കൂടുതൽ ശക്തമായ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
സൂചിക 600 പോയിന്റിലധികം ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും നിഫ്റ്റിയെ പോലെ തന്നെ നിഫ്റ്റി ബാങ്കും ഒരു നിശ്ചിത പരിധിക്കുള്ളിൽ (range-bound) തുടരുകയാണ്.നിഫ്റ്റി ബാങ്കിന് 54,000 എന്ന നില പ്രധാന സപ്പോർട്ടാണ്. ഇത് നഷ്ടപ്പെട്ടാൽ അടുത്ത സപ്പോർട്ട് 53,750–53,500 മേഖലയിലാണ്.മുകളിലേക്ക് നീങ്ങിയാൽ 54,500 മറികടക്കാൻ കഴിഞ്ഞാൽ 54,800–55,000 മേഖലയിലേക്ക് മുന്നേറ്റം തുടരാൻ സാധ്യതയുണ്ട്.
അമേരിക്കൻ വിപണിയും സ്വർണവും
യു.എസ് വിപണി സമ്മിശ്ര പ്രതികരണത്തിൽ ആയിരുന്നു കഴിഞ്ഞ ദിവസം. എസ് ആൻഡ് പിയും നാസ്ഡാക് കോംപസിറ്റും നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് നേരിയ ഇടിവിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 10 ശതമാനം ഇടിഞ്ഞ ഐഷെയേഴ്‌സ് സെമികണ്ടക്ടർ ഇടിഎഫ് ആറു ശതമാനം കയറി. വെള്ളിയാഴ്ച 13 ശതമാനം താഴ്ന്ന മൈക്രോൺ ഇന്നലെ 10 ശതമാനം കുതിച്ചു. സ്വർണവിലയുടെ കാര്യത്തിൽ പശ്ചിമേഷ്യയിൽ സമാധാനം അകന്നുപോകുന്നതും അമേരിക്കയിൽ പലിശ കൂട്ടാം എന്ന ആശങ്കയും ഇടിവിലേക്ക് നയിച്ചെങ്കിലും ഇന്ന് നേരിയ മുന്നേറ്റം പ്രകടമാക്കിയിട്ടുണ്ട്.
ഇന്നലെ ഔൺസിനു 4269 ഡോളർ വരെ താഴ്ന്ന സ്വർണം, തിരിച്ചുകയറി. ട്രോയ് ഔൺസിന് 1.30 ഡോളർ കൂടി 4331.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4314 ഡോളറിലേക്കു താഴ്ന്ന ശേഷം 4338 ഡോളർ വരെ കയറി. സ്വർണം 200 ഡേ മൂവിംഗ് ആവറേജിന് താഴെ പോയെന്നും വില 4000 ഡോളർ വരെ താഴ്ന്നിട്ടേ തിച്ചെ കയറൂ എന്നും വിശകലന വിദഗ്ധർ പറയുന്നു.
Content Highlights:Stock Market Live: Sensex up 200 pts, Nifty around 23,200; Jio Financial, Axis Bank, Trent top gainers