'265 മില്യണ്‍ ഡോളറിന്റെ അഴിമതി'; കൈക്കൂലി കേസില്‍നിന്ന് അദാനിയെ യുഎസ് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നേടുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 26.5 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം

'265 മില്യണ്‍ ഡോളറിന്റെ അഴിമതി'; കൈക്കൂലി കേസില്‍നിന്ന് അദാനിയെ യുഎസ് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്
dot image

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരായ 265 മില്യണ്‍ ഡോളറിന്റെ അഴിമതി തട്ടിപ്പ് കേസിലെ ക്രിമിനല്‍ കുറ്റങ്ങള്‍ അമേരിക്ക പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കേസില്‍ നിന്ന് പിന്മാറുന്ന കാര്യം ഈ ആഴ്ച തന്നെ പ്രഖ്യാപിച്ചേക്കാമെന്നാണ് സൂചന.

2024 നവംബറിലാണ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ അദാനിക്കെതിരെ ഗുരുതര സാമ്പത്തിക കുറ്റങ്ങള്‍ ചുമത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നേടുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 26.5 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ഈ വിവരങ്ങള്‍ മറച്ചുവെച്ച് അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് ബോണ്ടുകളുടെയും വായ്പകളുടെയും രൂപത്തില്‍ കോടിക്കണക്കിന് ഡോളര്‍ സമാഹരിച്ചുവെന്നും യുഎസ് അധികൃതര്‍ ആരോപിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ സമര്‍പ്പിച്ച സിവില്‍ കേസും ഒത്തുതീര്‍പ്പിലേക്കാണ് നീങ്ങുന്നത്. കേസിന്റെ ഭാഗമായി ഗൗതം അദാനിയുടെയും സഹോദരപുത്രന്‍ സാഗര്‍ അദാനിയുടെയും പേരില്‍ സമന്‍സ് നല്‍കാന്‍ യുഎസ് എസ്ഇസി ഈ വര്‍ഷം ആദ്യം കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിലൂടെ സമന്‍സ് കൈമാറാനുള്ള ശ്രമങ്ങള്‍ വൈകിയതിനെ തുടര്‍ന്ന്, ഇമെയില്‍ വഴിയും നേരിട്ടും നോട്ടീസ് നല്‍കാന്‍ അനുമതി തേടി. പിന്നീട് ഗൗതം അദാനിയും സാഗര്‍ അദാനിയും നോട്ടീസ് സ്വീകരിക്കാന്‍ സമ്മതിക്കുകയും ചെയ്തു.

2024ല്‍ കേസ് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില അന്താരാഷ്ട്ര കരാറുകള്‍ക്കും തിരിച്ചടി നേരിട്ടു. എന്നാല്‍ അദാനി ഗ്രൂപ്പ് തുടക്കം മുതല്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. കേസ് പിന്‍വലിക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം വന്നാല്‍, അദാനി ഗ്രൂപ്പിന് ആഗോള നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനാകുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.


Content Highlights: The US Justice Department is reportedly set to drop criminal fraud and bribery charges against Gautam Adani linked to an alleged $265 million corruption scheme tied to India's largest solar power project, according to a Bloomberg report.

dot image
To advertise here,contact us
dot image