

സ്വര്‍ണ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവന്നു. അഡ്വാന്‍സ് ഓതറൈസേഷന്‍ പദ്ധതിക്ക് കീഴില്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാവുന്ന സ്വര്‍ണത്തിന്റെ അളവ് 100 കിലോഗ്രാമായി പരിമിതപ്പെടുത്തി. ജെംസ് ആന്‍ഡ് ജ്വല്ലറി കയറ്റുമതിക്കാര്‍ക്ക് അസംസ്‌കൃത സ്വര്‍ണം കസ്റ്റംസ് തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) പുറത്തിറക്കിയ നോട്ടീസിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഇതുവരെ അഡ്വാന്‍സ് ഓതറൈസേഷന്‍ പദ്ധതിയില്‍ സ്വര്‍ണ ഇറക്കുമതിക്ക് പ്രത്യേക അളവ് പരിധിയില്ലായിരുന്നു. എന്നാല്‍ ഇനി ഓരോ ലൈസന്‍സിനും പരമാവധി 100 കിലോഗ്രാം സ്വര്‍ണം മാത്രമേ ഇറക്കുമതി ചെയ്യാനാകൂ. കയറ്റുമതിക്കായി നിര്‍മിക്കുന്ന ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയാണ് അഡ്വാന്‍സ് ഓതറൈസേഷന്‍. സ്വര്‍ണത്തിനൊപ്പം പാക്കേജിങ് മെറ്റീരിയല്‍, ഇന്ധനം, എണ്ണ, കാറ്റലിസ്റ്റുകള്‍ എന്നിവയും പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും.
ആദ്യമായി ലൈസന്‍സിന് അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധിത ഫിസിക്കല്‍ ഇന്‍സ്‌പെക്ഷനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. അപേക്ഷകരുടെ നിര്‍മാണ യൂണിറ്റിന്റെ നിലവാരം, ഉല്‍പാദന ശേഷി, പ്രവര്‍ത്തന സ്ഥിതി എന്നിവ ബന്ധപ്പെട്ട അധികാരികള്‍ നേരിട്ട് പരിശോധിച്ച ശേഷമേ അനുമതി ലഭിക്കൂ. കൂടാതെ പുതിയ ലൈസന്‍സ് ലഭിക്കാന്‍ മുന്‍ ലൈസന്‍സുകളിലെ കയറ്റുമതി ബാധ്യതകളില്‍ കുറഞ്ഞത് 50 ശതമാനം പൂര്‍ത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ കൊണ്ടുവന്നു. അതായത് പഴയ കയറ്റുമതി പ്രതിബദ്ധതകള്‍ നിറവേറ്റാത്ത സ്ഥാപനങ്ങള്‍ക്ക് പുതിയ സ്വര്‍ണ ഇറക്കുമതി അനുമതി എളുപ്പത്തില്‍ ലഭിക്കില്ല.
ലൈസന്‍സ് കൈവശമുള്ള കമ്പനികള്‍ ഇനി ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്വര്‍ണ ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സാക്ഷ്യപ്പെടുത്തലോടെയുള്ള റിപ്പോര്‍ട്ടുകള്‍ ഡിജിഎഫ്ടി പരിശോധിക്കും. സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണം, വെള്ളി ഇറക്കുമതി 26.7 ശതമാനം ഉയര്‍ന്ന് 102.5 ബില്യണ്‍ ഡോളറിലെത്തി. ആകെ ഇറക്കുമതിയില്‍ ഇവയുടെ വിഹിതം 11.8 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ന്നതും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്ന ഘടകമായി. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്തൃരാജ്യമായ ഇന്ത്യയില്‍ ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യകതയാണ് സ്വര്‍ണ ഇറക്കുമതിയെ പ്രധാനമായും നയിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി രാജ്യത്തിന്റെ വിദേശനാണയ ശേഖരത്തിന് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Content Highlights: A day after significantly increasing the import duty on precious metals, the government on Thursday imposed a limit of 100 kg on gold imports under the Advance Authorisation scheme, which allows jewellery exporters to import raw or input materials at zero duty.