

സ്വര്‍ണവില ഒരു ലക്ഷത്തിന് മുകളില്‍ തന്നെ നില്‍ക്കുകയാണ്. സാധാരണക്കാര്‍ ഇതൊരു സാമ്പത്തിക അവസരമായി കണക്കാക്കാക്കേണ്ടതുണ്ടോ? സാമ്പത്തിക വിദഗ്ദര്‍ ഇതിനെ കാണുന്നത് ഒരു ശുഭ സൂചനയായാണ്. പ്രത്യേകിച്ചും ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളുള്ളവര്‍ക്ക് കടബാധ്യത കുറയ്ക്കാന്‍ ഇത് മികച്ച അവസരമാണ്. ഭവന വായ്പകളുടെ ഭാരം കുറയ്ക്കാന്‍ ഇത് ഉപകാരപ്പെടും.
ദീര്‍ഘമായ കാലയളവിലേക്ക് തിരിച്ചടവ് ബാധ്യതയുള്ള ഭവന വായ്പ ഉള്ളവരാണെങ്കില്‍ സ്വര്‍ണ വിലയിലെ ഈ കുതിച്ചുകയറ്റം കടബാധ്യത കുറയ്ക്കാനുള്ള ഒരു അവസരമാണ്. കൈവശമുള്ള സ്വര്‍ണം വിറ്റ് വായ്പകള്‍ തീര്‍ക്കണമോ, അതോ വായ്പയില്‍ തുടര്‍ന്നും പിടിച്ചുനില്‍ക്കണമോ എന്നത് ആലോചിച്ച് തീരുമാനമെടുക്കേണ്ട കാര്യമാണ്.
സ്വര്‍ണ വായ്പ ഉപയോഗിച്ച് മറ്റ് വായ്പകള്‍ തീര്‍ത്താല്‍ അതിലൂടെ ലാഭിക്കുന്ന തുക, ഉയര്‍ന്ന പലിശയുള്ള ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍, വായ്പാ കാലാവധി അവസാനിക്കുമ്പോഴേക്കും വലിയൊരു തുക കയ്യിലെത്തും. ഉദാഹരണത്തിന്, 9% പലിശയുള്ള ഒരു വായ്പ തീര്‍ക്കുന്നതിലൂടെ ലാഭിക്കുന്ന തുക, ശരാശരി 12-15% ആദായം പ്രതീക്ഷിക്കാവുന്ന ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍, വായ്പാ കാലാവധി അവസാനിക്കുമ്പോഴേക്കും വായ്പാ തുകയേക്കാള്‍ വലിയൊരു തുക (Corpus Fund) സൃഷ്ടിക്കാന്‍ സാധിക്കും.

ഭവന വായ്പകളുടെ പലിശ നിരക്ക് നിലവില്‍ 8.5% മുതല്‍ 10% വരെയാണ്. സ്വര്‍ണം വായ്പയിലൂടെയോ വിറ്റോ ഈ വായ്പ തിരിച്ചടയ്ക്കുമ്പോള്‍, വായ്പയുടെ ശേഷിക്കുന്ന കാലയളവില്‍ നല്‍കേണ്ടി വരുന്ന ഭീമമായ പലിശ ലാഭിക്കാനാവും. മിക്കപ്പോഴും വായ്പയില്‍ തിരിച്ചടയ്‌ക്കേണ്ടുന്ന മുതല്‍ തുകയേക്കാള്‍ ഒന്നരമടങ്ങ് വരെയാണ് പലിശ ഇനത്തില്‍ മാത്രം പോക്കറ്റില്‍ നിന്നും ചോര്‍ന്നു പോകുന്നത്. അതുകൊണ്ട്, ഒരു നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം നല്‍കുന്ന വാര്‍ഷിക ആദായത്തേക്കാള്‍ വായ്പാ പലിശ നിരക്ക് കൂടുതലാണെങ്കില്‍, കടം വീട്ടുന്നതു തന്നെയാണ് ബുദ്ധി.
ചരിത്രപരമായി നോക്കുകയാണെങ്കില്‍, സ്വര്‍ണ വിലയിലെ കുതിച്ചുചാട്ടത്തിന് ശേഷം ഒരു കാലയളവില്‍ ഇടിവും സംഭവിക്കാറുണ്ട്. പലിശ നിരക്കുകളില്‍ മാറ്റം വരികയോ മറ്റ് ആഗോള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുകയോ ചെയ്താല്‍ സ്വര്‍ണവില താഴേക്ക് വന്നേക്കും. ഈ ഘട്ടത്തില്‍ സ്വര്‍ണം വിറ്റഴിക്കുന്നത് ലാഭം ബുക്ക് ചെയ്യുന്നതിന് തുല്യമാണ്. പിന്നീട് വില കുറയുന്ന സമയത്ത് സ്വര്‍ണം തിരികെ പണയത്തില്‍ നിന്ന് എടുക്കുകയോ പുതിയത്
വാങ്ങുകയോ പേപ്പര്‍ ഗോള്‍ഡ് (ഗോള്‍ഡ് ഇ.ടി.എഫ്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്) രൂപത്തില്‍ നിക്ഷേപിക്കുകയോ ചെയ്യാനാവും.
Content Highlights: Rising gold prices may offer borrowers a rare opportunity to reduce long-term home loan burdens and improve financial stability