

ന്യൂഡൽഹി: രാജ്യത്തെ കറൻസി രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക്. നിലവിലുള്ള കോട്ടൺ-പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ പുറത്തിറക്കാനുള്ള നടപടികൾ ആർബിഐ വേഗത്തിലാക്കുന്നു. ആർ.ബി.ഐയുടെ കറൻസി പ്രിന്റിംഗ് സബ്സിഡിയറിയായ 'ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ' (BRBNMPL), ഇത്തരം നോട്ടുകൾ അച്ചടിക്കാൻ ആവശ്യമായ സവിശേഷമായ പോളിമർ ഷീറ്റുകൾ വിതരണം ചെയ്യാൻ താല്പര്യമുള്ള ആഭ്യന്തര-ആഗോള നിർമ്മാതാക്കളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ആദ്യ ഘട്ടത്തിൽ മൂല്യം കുറഞ്ഞ 10 രൂപ, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് രൂപത്തിൽ പുറത്തിറങ്ങുകയെന്നാണ് സൂചന. താല്പര്യമുള്ള കമ്പനികൾക്ക് ഓഗസ്റ്റ് 18 വരെ ടെണ്ടർ സമർപ്പിക്കാം. ഏകദേശം ഒരു നൂറ്റാണ്ടോളമായി രാജ്യം പിന്തുടരുന്ന പേപ്പർ കറൻസി രീതിക്ക് വലിയൊരു മാറ്റമായിരിക്കും ഈ നീക്കം.
നിലവിൽ കറൻസി അച്ചടിക്കാൻ ഉപയോഗിക്കുന്ന കോട്ടൺ-പൾപ്പ് പേപ്പറിന് പകരം പ്രത്യേക തരം പ്ലാസ്റ്റിക് സബ്‌സ്‌ട്രേറ്റ് (Polymer Substrate) ഉപയോഗിച്ച് നിർമ്മിക്കുന്ന നോട്ടുകളാണിവ. ഓസ്‌ട്രേലിയയിലാണ് ഈ സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിച്ചത്. നിലവിൽ യുകെ, കാനഡ, ന്യൂസിലൻഡ്, സിംഗപ്പൂർ തുടങ്ങിയ നിരവധി രാജ്യങ്ങൾ പോളിമർ നോട്ടുകൾ വിജയകരമായി ഉപയോഗിക്കുന്നുണ്ട്.
സാധാരണ പേപ്പർ നോട്ടുകളേക്കാൾ രണ്ടിരട്ടി മുതൽ അഞ്ചിരട്ടി വരെ കൂടുതൽ കാലം ഇവ കേടുപാടുകൂടാതെ നിലനിൽക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വെള്ളം, ഈർപ്പം, അഴുക്ക് എന്നിവയെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയും. എത്ര കൈമറിഞ്ഞാലും പെട്ടെന്ന് കീറിപ്പോകുകയുമില്ല. കൂടുതൽ കാലം വിപണിയിൽ നിലനിൽക്കുന്നതിനാൽ, അടിക്കടി നോട്ടുകൾ മാറ്റി അച്ചടിക്കുന്നതിനുള്ള ഭീമമായ ചെലവും സർക്കാരിന് ലാഭിക്കാം.
ഇന്ത്യയുടെ പ്ലാസ്റ്റിക് കറൻസി നിർമ്മാണത്തിനായുള്ള ടെണ്ടറിൽ കടുത്ത സുരക്ഷാ നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ ഫീച്ചറുകളുള്ള പോളിമർ കറൻസി ഷീറ്റുകൾ ഏതെങ്കിലും കേന്ദ്ര ബാങ്കുകൾക്കോ നോട്ട് പ്രിന്റിംഗ് സ്ഥാപനങ്ങൾക്കോ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും വിതരണം ചെയ്ത് പരിചയമുള്ള കമ്പനികൾക്ക് മാത്രമേ പങ്കെടുക്കാനാകൂ. ഇന്ത്യയ്ക്ക് വേണ്ടി തയ്യാറാക്കുന്ന ഈ സവിശേഷമായ ഷീറ്റുകളുടെ അസംസ്‌കൃത വസ്തുക്കൾ ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ശേഖരിക്കാൻ പാടില്ല
നിർമ്മാതാക്കൾക്ക് ഇന്ത്യൻ സർക്കാരിന്റെ സുരക്ഷാ ക്ലിയറൻസ് നിർബന്ധമാണ്. കൂടാതെ ഇന്ത്യയുടെ കസ്റ്റമൈസ്ഡ് ഷീറ്റുകൾ മറ്റ് മൂന്നാം രാജ്യങ്ങൾക്ക് കൈമാറില്ലെന്ന് ഉറപ്പുനൽകുകയും വേണം. പ്രാഥമിക ഘട്ടത്തിൽ 68,000 റീംസ് (Reams) ഷീറ്റുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇതിന്റെ ഫീൽഡ് ട്രയലുകൾ വിജയകരമായാൽ മാത്രമേ വൻതോതിലുള്ള ഓർഡറുകൾ നൽകൂ.
ഇന്ത്യയിലെ വൈവിധ്യമാർന്ന കാലാവസ്ഥയും നിരന്തരമായ കൈമാറ്റവും കാരണം പേപ്പർ നോട്ടുകൾ പെട്ടെന്ന് നശിച്ചുപോകുന്നു എന്നതാണ് ആർബിഐയെ ഇതിന് ഏറ്റും പ്രധാനമായും പ്രേരിപ്പിക്കുന്നത്. ആർബിഐയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം രണ്ട് ലക്ഷത്തോളം ജീർണ്ണിച്ച കറൻസി നോട്ടുകളാണ് പിൻവലിച്ചും നശിപ്പിച്ചും കളയുന്നത്. ഇതിൽ 100, 500 രൂപയുടെ നോട്ടുകളാണ് ഭൂരിഭാഗവും.
കൂടാതെ, വ്യാജനോട്ടുകൾ തടയാൻ പോളിമർ നോട്ടുകൾക്ക് സാധിക്കും. ഹോളോഗ്രാമുകൾ, നിറം മാറുന്ന ഘടകങ്ങൾ തുടങ്ങിയ അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ പ്ലാസ്റ്റിക് നോട്ടുകളിൽ ഉൾപ്പെടുത്താം. ഇത് വ്യാജമായി നിർമ്മിക്കുക അസാധ്യവുമാണ്. പ്ലാസ്റ്റിക് നോട്ടുകൾ അവതരിപ്പിക്കുന്ന കാര്യം റിസർവ് ബാങ്കിന്റെ സജീവ പരിഗണനയിലാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഇതിന്റെ ഗുണദോഷങ്ങൾ പരിശോധിച്ചുവരികയാണെന്നും ഇത് പ്രാഥമിക ഘട്ടത്തിലാണെന്നും എംപിസി (MPC) യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്ലാസ്റ്റിക് കറൻസി എന്ന ആശയം ഇന്ത്യയിൽ പുതിയതല്ല. 2007-ൽ തന്നെ ആർബിഐ ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. തുടർന്ന് ജയ്പൂർ, ഷിംല, ഭുവനേശ്വർ, മൈസൂരു, കൊച്ചി എന്നീ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ ഇറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായില്ല. പിന്നീട് 2016-ലും ഇതിനായുള്ള നടപടികൾ തുടങ്ങിയെങ്കിലും രാജ്യവ്യാപകമായി ഇത് എത്തിയില്ല. ഇതിനിടയിൽ പരമ്പരാഗത പേപ്പർ നോട്ടുകൾക്ക് മുകളിൽ പോളിമർ കോട്ടിംഗ് നൽകുന്ന 'വാർണിഷ്ഡ് നോട്ടുകളും' ആർബിഐ പരീക്ഷിച്ചിരുന്നു. എന്നാൽ പുതിയ ടെണ്ടർ നടപടികളോടെ പ്ലാസ്റ്റിക് നോട്ടുകൾ രാജ്യത്ത് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് വിപണി.
Content Highlights: India is preparing to introduce plastic (polymer) currency notes, with ₹10 and ₹20 denominations expected to be rolled out first. Polymer notes are more durable, resistant to dirt and moisture, and offer enhanced security features compared to conventional paper notes, helping reduce replacement costs and improve the lifespan of circulating currency.