

ന്യൂഡല്‍ഹി: ഉപാധികള്‍ അംഗീകരിച്ചാല്‍ സോനം വാങ്ചുക്ക് സമരം അവസാനിപ്പിക്കാമെന്നറിയിച്ചതായി ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ. രാഷ്ട്രീയ നേതാക്കള്‍ സോനത്തെ സന്ദര്‍ശിക്കണമെന്നും വര്‍ഷകാല സമ്മേളനത്തില്‍ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് മുന്നോട്ട് വെക്കുന്ന ഉപാധികള്‍. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സോനം നാളെ അനിശ്ചിതകാല നിരാഹാര സമരം നിര്‍ത്തുമെന്നാണ് ഗീതാഞ്ജലി വ്യക്തമാക്കിയത്. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പ്രതിഷേധം സമാധാനപരമായി കൊണ്ടു പോകണമെന്ന് സോനം പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു. 'രാഷ്ട്രീയ നേതാക്കൾ ആശുപത്രിയിൽ എത്തി സോനത്തെ കാണുകയും വര്‍ഷകാല സമ്മേളനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്താൽ, അദ്ദേഹം നാളെ നിരാഹാര സമരം അവസാനിപ്പിക്കും. നാളത്തെ മാർച്ച് സമാധാനപരമായി നടത്തണമെന്നും പ്രതിഷേധം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സോനം നമ്മളോട് അഭ്യർത്ഥിച്ചു' അവർ പറഞ്ഞു.
അതേസമയം, സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയ സർക്കാർ നടപടി ഏകപക്ഷീയമോ നിയമവിരുദ്ധമോ അല്ലെന്നും കോടതി നിരീക്ഷിച്ചു. വാങ്ചുക്കിന്റെ ആരോഗ്യനില ഡോക്ടർമാർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ശരീരത്തിലെ ജലാംശവും മിനറൽസും നിലനിർത്തുന്നതിനായി ഇലക്ട്രോലൈറ്റുകൾ നൽകുന്നതിന് അദ്ദേഹം സമ്മതം നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് മിനി പുഷ്കർണ അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ആരോഗ്യനില പരിഗണിച്ചാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. അതിനെ ഏകപക്ഷീയമോ അന്യായമോ ആയ നടപടിയായി ഈ കോടതിക്ക് കാണാനാവില്ല എന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. സ്വന്തം ആരോഗ്യസ്ഥിതി മോശമായിട്ടും വാങ്ചുക് സ്വമേധയാ ആശുപത്രിയിൽ പ്രവേശിക്കാൻ തയ്യാറായിരുന്നില്ലെന്നും അത്തരം സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാരിന് അധികാരമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
'വാങ്ചുക് സ്വന്തം തീരുമാനപ്രകാരം ആശുപത്രിയിൽ പ്രവേശിച്ചിരുന്നില്ല. അതിനാൽ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിന് അവകാശമുണ്ടായിരുന്നു. ഡിവിഷൻ ബെഞ്ച് മുമ്പ് നിരീക്ഷിച്ചതുപോലെ ഓരോ ജീവനും അമൂല്യമാണ്' എന്നായിരുന്നു കോടതി നിരീക്ഷണം. വാങ്ചുക്കിന്റെ കുടുംബാംഗങ്ങൾക്ക് ദിവസം മുഴുവൻ അദ്ദേഹത്തെ സന്ദർശിക്കാൻ നിയന്ത്രണങ്ങളില്ലാതെ അനുമതി നൽകിയിട്ടുണ്ടെന്ന സർക്കാരിന്റെ വാദവും കോടതി രേഖപ്പെടുത്തി.
മറ്റ് രോഗികളുടെ സന്ദർശകർക്ക് നിശ്ചിത സന്ദർശനസമയങ്ങളിൽ മാത്രമാണ് പ്രവേശനമുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കുടുംബാംഗങ്ങൾക്ക് പ്രത്യേകം മുറിയും ഒരുക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ നിലവിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതി വിലയിരുത്തിയത്. വാങ്ചുക്കിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ കുടുംബാംഗങ്ങളുമായി പങ്കുവെക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച കോടതി തുടർവാദം കേൾക്കുന്നതിനായി ഹർജി ജൂലൈ 24-ലേക്ക് മാറ്റി.
Content Highlights: Sonam Wangchuk Ready to End Protest if Demands Are Accepted, Says Wife