അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടെന്ന് ഇറാൻ: ആക്രമണം തുടർന്ന് അമേരിക്ക; കുവൈറ്റിലും ജോർദ്ദാനിലും ഇറാൻ്റെ ആക്രമണം

കുവൈത്തിലെ ഒരു വൈദ്യുതി ഉൽപാദന-ജലശുദ്ധീകരണ പ്ലാന്റ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ആക്രമിക്കപ്പെട്ടതായി കുവൈറ്റ് അറിയിച്ചു

അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടെന്ന് ഇറാൻ: ആക്രമണം തുടർന്ന് അമേരിക്ക; കുവൈറ്റിലും ജോർദ്ദാനിലും ഇറാൻ്റെ ആക്രമണം
dot image

തെഹ്റാൻ: അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ. അമേരിക്കയുടെ LUCAS എന്ന ആളില്ലാ യുദ്ധ ഡ്രോൺ തങ്ങളുടെ നാവികസേനയുടെ വ്യോമപ്രതിരോധ വിഭാഗം വെടിവെച്ച് തകർത്തതായാണ് ഇറാൻ സൈന്യം അറിയിച്ചത്. തകർന്നതായി അവകാശപ്പെടുന്ന ഡ്രോണിന്റെ ചിത്രം ഇറാൻ്റെ ദേശീയ ഏജൻസിയായ ഇർ‌ന പുറത്തുവിട്ടിട്ടുണ്ട്. ഇറാന്റെ തെക്കൻ മേഖലയിലാണ് ഡ്രോൺ വെടിവെച്ചിട്ടതെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ആത്മഹത്യാ ആക്രമണ ശേഷിയുള്ള ആളില്ലാ യുദ്ധവിമാനമാണ് LUCAS ഡ്രോൺ. ഈ വർഷം ആദ്യം മുതൽ ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്ക ഇത് ഉപയോഗിച്ചുവരികയാണെന്നാണ് ഇറാന്റെ ആരോപിക്കുന്നത്.

തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ അബദാൻ നഗരത്തിൽ അമേരിക്ക ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതരെ ഉദ്ധരിച്ച് റിപ്പോ‍‍ർട്ട് ഉണ്ട്. ഫാർസ് വാർത്താ ഏജൻസിയും ഈ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന ഒരു ആണവ വൈദ്യുത നിലയം അമേരിക്ക ആക്രമിച്ചതായി ഇറാൻ ആരോപിച്ചു. അമേരിക്ക ആക്രമണങ്ങളിലൂടെ പരാജയം മറയ്ക്കാൻ ശ്രമിക്കുന്നതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആരോപിച്ചു. 'ജോർദാൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചു. ഈ ആക്രമണങ്ങളുടെ തീവ്രത തുടരും', എന്നാണ് ഐആർജിസി ബ്രിഗേഡിയർ ജനറൽ യദൊല്ലാ ജവാനി ടെലഗ്രാമിൽ കുറിച്ചത്. 'യുദ്ധത്തിലെ പരാജയം മറച്ചുവെക്കാനാണ് അമേരിക്ക ഇപ്പോൾ സൈനിക ആക്രമണങ്ങൾ ശക്തമാക്കുന്നത്. ഹോർമുസ് കടലിടുക്ക് യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് അവരുടെ ശ്രമം. എന്നാൽ അതിൽ അവർ വിജയിക്കില്ല' എന്നും യദൊല്ലാ ജവാനി വ്യക്തമാക്കിയിട്ടുണ്ട്. മുൻ പരമോന്നത നേതാവ് അലി ഖമേനിയെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചെയ്യുമെന്നും, അമേരിക്കയ്ക്ക് ഇനി സമാധാനത്തോടെ ഉറങ്ങാനാവില്ലെന്നും ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, കുവൈറ്റിലെ ഒരു വൈദ്യുതി ഉൽപാദന-ജലശുദ്ധീകരണ പ്ലാന്റ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ആക്രമിക്കപ്പെട്ടതായി കുവൈറ്റ് അറിയിച്ചു. ഇറാൻ നടത്തിയ ആക്രമണത്തിൽ ജോർദാനിലെ ഒരു അമേരിക്കൻ സൈനിക കേന്ദ്രത്തിൽ രണ്ട് യു എസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. ജോർദാനിലെ അഖബ നഗരത്തിലെ വിമാനത്താവളത്തിലേക്കോ തുറമുഖത്തിലേക്കോ അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യരുതെന്ന് ഇതിന് പിന്നാലെ അമേരിക്കൻ എംബസി ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈനികരുടെ മരണം 'വളരെ ദുഃഖകരമായ സംഭവം' ആണെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടത്. ആണവായുധം കൈവശം വയ്ക്കാൻ ഇറാനെ ഒരിക്കലും തങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

Content Highlights: Iran claimed it shot down a US drone as American military strikes continued, while Tehran reportedly launched attacks targeting Kuwait and Jordan, escalating tensions across the Middle East.

dot image
To advertise here,contact us
dot image