യുകെയും കൈപിടിയിലാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍; 2026ല്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ 60% വര്‍ധന

ഇന്ത്യന്‍ കമ്പനികള്‍ യുകെയില്‍ 2,03,549 ആളുകള്‍ക്കാണ് ജോലി നല്‍കിയത്

യുകെയും കൈപിടിയിലാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍; 2026ല്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ 60% വര്‍ധന
dot image

യുകെയില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു. 2026 ല്‍ ഇത് ഏകദേശം 60% വര്‍ധിച്ച് 1,912 ആയി ഉയര്‍ന്നതായി പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവയുടെ മൊത്തം വരുമാനം 105.77 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നു. 2025ലെ 72.14 ബില്യണ്‍ പൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഗ്രാന്റ് തോണ്‍ടണ്‍ യുകെ, കോണ്‍ഫെഡറേന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഇന്ത്യ ഗ്ലോബല്‍ ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇന്ത്യ-യുകെ സാമ്പത്തിക ബന്ധം വേഗത്തില്‍ ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വ്യാപാര വളര്‍ച്ച, നിക്ഷേപ വര്‍ധന, കൂടാതെ 2025 ജൂലൈയില്‍ നടപ്പിലായ സമഗ്ര വ്യാപാര കരാര്‍ എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളാവുന്നത്.

ഇന്ത്യന്‍ കമ്പനികളുടെ യുകെയിലെ സാന്നിധ്യം

2026ല്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ 1,912 ആയി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 1,197 ആയിരുന്നു. ഇവയുടെ മൊത്തം വരുമാനം 105.77 ബില്യണ് പൗണ്ടായി വര്‍ധിച്ചു. ഇന്ത്യന്‍ കമ്പനികള്‍ വര്‍ഷത്തില്‍ 378 മില്യണ്‍ പൗണ്ട് കോര്‍പ്പറേറ്റ് നികുതി അടച്ചിട്ടുണ്ട്. കൂടാതെ 2,03,500ലധികം ആളുകള്‍ക്ക് ജോലി നല്‍കുകയും ചെയ്തു. ഇത് യുകെ സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യന്‍ മൂലധനത്തിന്റെ വര്‍ധിച്ചുവരുന്ന പങ്ക് വ്യക്തമാക്കുന്നു.

വ്യാപാര കരാര്‍ ഫലം കാണുന്നു

2025 ജൂലൈയില്‍ ഒപ്പുവെച്ച ഇന്ത്യ-യുകെ സിഇടിഎ കരാര്‍ ഫലം കണ്ടുവെന്ന് വേണം അനുമാനിക്കാന്‍. ഇത് വ്യാപാര നടപടികള്‍ ലളിതമാക്കുകയും നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ 2025ല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 47.4 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.7% വര്‍ധനയാണിത്. 2030ഓടെ 100 ബില്യണ്‍ പൗണ്ട് എന്ന വ്യാപാര ലക്ഷ്യമാണ് ഇരുരാജ്യങ്ങളും നിശ്ചയിച്ചിട്ടുള്ളത്.

വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും

66 കമ്പനികള്‍ കുറഞ്ഞത് 10% വാര്‍ഷിക വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശരാശരി വളര്‍ച്ച 61% ആയി ഉയര്‍ന്നതായും കാണാം. പ്രൈം ഫോക്കസ്‌ ഇന്റര്‍നാഷണല്‍ സര്‍വീസസ് 1,283% വളര്‍ച്ചയോടെ മുന്നില്‍ നില്‍ക്കുന്നു. പിന്നാലെ സൈഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് യുകെ 320% വളര്‍ച്ച രേഖപ്പെടുത്തി.

തൊഴില്‍ വര്‍ധന

ഇന്ത്യന്‍ കമ്പനികള്‍ യുകെയില്‍ 2,03,549 ആളുകള്‍ക്കാണ് ജോലി നല്‍കിയത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 60.6% വര്‍ധനയാണ്. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (ടാറ്റ മോട്ടോഴ്‌സ്) 44,000ത്തിലധികം ജീവനക്കാരുമായി ഏറ്റവും വലിയ തൊഴിലുടമയായി തുടരുന്നു.

പ്രധാന മേഖലകള്‍

ടെക്‌നോളജി, മീഡിയ, ടെലികമ്മ്യൂണിക്കേഷന്‍ (TMT) മേഖല പ്രധാനമായി മുന്നില്‍ തുടരുന്നു. നിര്‍മ്മാണവും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയുമാണ് പിന്നീട്.
കൂടാതെ, വനിതാ ഡയറക്ടര്‍മാരുടെ പങ്ക് 24% നിന്ന് 26% ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

Content Highlights: Indian-owned companies in the UK surged 60% to 1,912 in 2026, generating a combined turnover of £105.77 billion and underscoring the rapid growth of India-UK economic relations

dot image
To advertise here,contact us
dot image