

ന്യൂഡൽഹി: ഇന്ത്യയിലെ വീടുകളിലും പ്രമുഖ ക്ഷേത്ര ട്രസ്റ്റുകളിലുമായി ഉപയോഗിക്കാതെ കിടക്കുന്ന വൻ സ്വർണ്ണശേഖരം വിപണിയിലേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സർക്കാർ. പുതിയതായി സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിന് പകരം, നിലവിൽ രാജ്യത്തുള്ള സ്വർണ്ണം തന്നെ പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി ജനങ്ങളോട് ആഹ്വാനം ചെയ്തത്.
വിവിധ കണക്കുകൾ പ്രകാരം ഏകദേശം 30000 മുതൽ 32000 ടൺ വരെ സ്വർണ്ണമാണ് ഇന്ത്യൻ വീടുകളിലും ക്ഷേത്രങ്ങളിലുമായി ലോക്കറുകളിലും അലമാരകളിലുമായി സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ വിപണി മൂല്യം ഏകദേശം 3.8 ട്രില്യൺ ഡോളർ വരും. ചില കണക്കുകൾ പ്രകാരം ഇത് 35000 ടൺ വരെയാകാനും സാധ്യതയുണ്ട്.
ഉപയോഗിക്കാത്തതോ പഴയതോ ആയ ആഭരണങ്ങൾ, നാണയങ്ങൾ, കേടുപാട് സംഭവിച്ച സ്വർണ എന്നിവ ശേഖരിച്ച് റിഫൈനറികൾ വഴി ഉരുക്കി 99.9 ശതമാനം പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണ്ണമാക്കി മാറ്റുന്ന പ്രക്രിയയാണിത്. ഇങ്ങനെ ശുദ്ധീകരിച്ചെടുക്കുന്ന സ്വർണ്ണം പുതിയ ആഭരണങ്ങളോ നാണയങ്ങളോ നിർമ്മിക്കാൻ വീണ്ടും വിപണിയിൽ ഉപയോഗിക്കാം. ഖനനം വഴി പുതിയ സ്വർണ്ണം വേർതിരിച്ചെടുക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കുന്നതിനാൽ, റീസൈക്ലിംഗ് പരിസ്ഥിതി സൗഹൃദപരമായ ഒരു ബദൽ മാർഗ്ഗം കൂടിയാണ്.
ഇന്ത്യക്കാരുടെ സ്വർണ്ണത്തോടുള്ള അമിത താല്പര്യം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം സ്വർണ്ണ ഇറക്കുമതിക്കായി ഇന്ത്യ ചിലവഴിച്ചത് ഏകദേശം 72.4 ബില്യൺ ഡോളറാണ്. സ്വർണ്ണം വലിയ തോതിൽ ഇറക്കുമതി ചെയ്യുമ്പോൾ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ അത് ബാധിക്കുകയും കറന്റ് അക്കൗണ്ട് കമ്മി വർദ്ധിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ 'ഗോൾഡ് മോണിറ്റൈസേഷൻ സ്കീം' പോലുള്ള പദ്ധതികളിലൂടെയും പൊതുജനങ്ങളോടുള്ള അഭ്യർത്ഥനകളിലൂടെയും ഈ നിഷ്ക്രിയ സമ്പത്തിനെ രാജ്യത്തിന്റെ വിപണിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. ഇതിലൂടെ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് സൂക്ഷിച്ചിരിക്കുന്ന ആകെ സ്വർണ്ണത്തിന്റെ വെറും 1 ശതമാനം മാത്രം വർഷം തോറും പുനരുപയോഗിക്കാൻ സാധിച്ചാൽ, ഇന്ത്യയുടെ വാർഷിക സ്വർണ്ണ ഇറക്കുമതിയിൽ 25 മുതൽ 33 ശതമാനം വരെ കുറവ് വരുത്താൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും ആഭ്യന്തര സ്വർണ്ണ ശുദ്ധീകരണ മേഖലയ്ക്കും വലിയ ഉത്തേജനം നൽകും.
പരമ്പരാഗതമായി സ്വർണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപമായും അടിയന്തര ഘട്ടങ്ങളിലെ സാമ്പത്തിക സ്രോതസ്സായുമാണ് ഇന്ത്യക്കാർ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ തലമുറകളായി കൈമാറിവന്ന സ്വർണ്ണം ലോക്കറുകളിൽ സൂക്ഷിച്ചുവെക്കുന്നതായിരുന്നു രീതി. എന്നാൽ നിലവിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകളിൽ എത്തിനിൽക്കുന്നതും, ജ്വല്ലറികൾ നൽകുന്ന ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും (പഴയ സ്വർണ്ണത്തിന് കുറഞ്ഞ കിഴിവ് നിരക്കിൽ പുതിയവ നൽകുന്നത്) കാരണം ഉപഭോക്താക്കൾക്കിടയിൽ റീസൈക്ലിംഗിനോടുള്ള താല്പര്യം വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Content Highlights: The Central government is examining ways to utilize gold lying idle in homes and bank lockers as part of efforts to reduce the country's dependence on imported gold. The proposed measures could encourage greater participation in gold monetisation initiatives and help lower the import bill while making better use of domestic gold holdings.