രണ്ടുകാലുകളും നഷ്ടപ്പെട്ടിട്ടും തളർന്നില്ല; സ്വർണ്ണക്കാലുകളുമായി 'മെറ്റ് ഗാല'യിൽ ചരിത്രം കുറിച്ച് ലോറൻ വാസ്സർ

ജീവിച്ചിരിക്കാൻ ഒരു ശതമാനം മാത്രം സാധ്യതയെന്ന് ഡോക്ടർമാർ വിധി എഴുതി; എന്നാൽ മരണത്തെ തോൽപ്പിച്ച്‌ ലോറൻ വാസ്സർ ഫാഷൻ ലോകം കീഴടക്കി

രണ്ടുകാലുകളും നഷ്ടപ്പെട്ടിട്ടും തളർന്നില്ല; സ്വർണ്ണക്കാലുകളുമായി 'മെറ്റ് ഗാല'യിൽ ചരിത്രം കുറിച്ച് ലോറൻ വാസ്സർ
dot image

ഫാഷൻ ലോകം എന്നും സൗന്ദര്യത്തെയാണ് ആഘോഷിക്കുന്നത്. എന്നാൽ അതിജീവനത്തെ ആഘോഷിക്കുന്ന വേദിയായും അത് ചില സന്ദർഭങ്ങളിൽ മാറാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ 'മെറ്റ് ഗാല'യുടെ (Met Gala) റെഡ് കാർപെറ്റ് ഈ വർഷം ആഘോഷമാക്കിയത് അത്തരം ഒരു അതിജീവനം ആയിരുന്നു.

2026ലെ 'മെറ്റ് ഗാല', വേദി ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്. ഗോൾഡൻ പ്രബൽ ഗുരുങ്ങ് സ്യൂട്ട് ധരിച്ചെത്തിയ ഒരു സുന്ദരിയിലേക്കായിരുന്നു എല്ലാ ക്യാമറക്കണ്ണുകളും. അതിഥികളുടെ കണ്ണുകൾ ആ കാഴ്ച്ച കണ്ട് വിസ്മയഭരിതമായിരിക്കുന്നു. ആ സുന്ദരിയുടെ പ്രധാന ആകർഷണം അവളുടെ സൗന്ദര്യം മാത്രമായിരുന്നില്ല മറിച്ച്‌ സ്വർണ്ണ നിറത്തിലുള്ള കൃത്രിമക്കാലുകൾ ഉപയോഗിച്ചുള്ള ക്യാറ്റ് വാക്കും മുഖത്ത് പ്രതിഫലിച്ചിരുന്ന ആത്മവിശ്വാസവും ആയിരുന്നു. ഇവളാണ് 'സ്വർണ്ണക്കാലുകളുള്ള പെൺകുട്ടി', 'ബയോണിക് ബാർബി' (Bionic Barbie) എന്നൊക്കെ ഫാഷൻ ലോകം വിശേഷിപ്പിക്കുന്ന ലോറൻ വാസ്സർ (Lauren Wasser).

ജീവിച്ചിരിക്കാൻ വെറും ഒരു ശതമാനം മാത്രം സാധ്യതയേ ഉള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു ഇരുപത്തിനാലുകാരിയാണ് മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലൂടെ നടന്നുനീങ്ങി ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്. പ്രചോദനാത്മകമായ ആ ജീവിതം ഇങ്ങനെയാണ്.

Lauren wasser
Lauren wasser

ആരാണ് ലോറൻ വാസ്സർ?
ഫാഷൻ ലോകം ലോറൻ വാസ്സറിന് പുത്തരിയല്ലായിരുന്നു. കാരണം ലോസ് ഏഞ്ചൽസിലെ പ്രശസ്ത മോഡലായ പമേല കുക്കിന്റെ മകളായിരുന്നു ലോറൻ വാസ്സർ. തൊട്ടിലിൽ കിടക്കുന്ന പ്രായം മുതൽ മാഗസിനുകളുടെ കവർ പേജുകളിൽ ലോറൻ വാസ്സർ ഇടം പിടിച്ചിരുന്നു. പക്ഷേ ഒരു പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരിയാവുക എന്നതായിരുന്നു കുഞ്ഞുനാൾ തൊട്ടേ ലോറൻ വാസ്സറുടെ സ്വപ്നം. അങ്ങനെ വലുതായപ്പോൾ മോഡലിംഗിലും കായികരംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുമ്പോഴാണ്, 2012ൽ അവളുടെ ജീവിതത്തെ മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്.

അന്ന് അവൾക്ക് പ്രായം 24. ഒരു ദിവസം കഠിനമായ പനിയും ക്ഷീണവും ലോറൻ വാസ്സറിന് അനുഭവപ്പെട്ടു. പെട്ടെന്ന് അബോധാവസ്ഥയിലായി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ശരീരത്തിലെ അവയവങ്ങളെല്ലാം ഓരോന്നായി പ്രവർത്തനരഹിതമായിത്തുടങ്ങിയിരുന്നു. 'ടോക്സിക് ഷോക്ക് സിൻഡ്രോം' (Toxic Shock Syndrome - TSS) എന്ന അവസ്ഥയിലൂടെ കടന്നുപോകുകയാണ് ലോറൻ എന്ന് ഡോക്ടർമാർ പറഞ്ഞു. വില്ലനായത് ആർത്തവ സമയത്ത് ഉപയോഗിച്ചിരുന്ന ടാമ്പണുകളിൽ (Tampons) നിന്നുള്ള ബാക്ടീരിയൽ അണുബാധ.

അണുബാധ നല്ല രീതിയിൽ ലോറന്റെ പാദത്തെ ബാധിച്ചിരുന്നു. അണുബാധയെ നിയന്ത്രിക്കാനും ജീവൻ നിലനിർത്താനും മറ്റ് വഴികളില്ലാതെ വന്നതോടെ ഡോക്ടർമാർക്ക് അവളുടെ വലതുകാൽ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. ആ വേദന വിട്ടുമാറും മുൻപ്, വർഷങ്ങളോളം അനുഭവിച്ച കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾക്കൊടുവിൽ 2018ൽ അവളുടെ ഇടതുകാലും മുറിച്ചുമാറ്റപ്പെട്ടു.

രണ്ടുകാലുകളും നഷ്ടപ്പെട്ട ഒരു മോഡലിന്റെ കരിയർ അവിടെ അവസാനിച്ചു എന്ന് കരുതിയവർക്ക് തെറ്റി. ആത്മവിശ്വാസം കൈവിടാതെ ലോറൻ വാസ്സർ ഫാഷൻ ലോകത്തേക്ക് ശക്തമായി തിരിച്ചുവന്നു. തന്റെ കൃത്രിമക്കാലുകളെ ഒളിച്ചുവെക്കാൻ അവൾ ആഗ്രഹിച്ചില്ല; പകരം തനിക്ക് പ്രിയപ്പെട്ട കലാകാരനായ എസാപ് റോക്കിയിൽ (ASAP Rocky) നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവൾ ആ കാലുകളെ സ്വർണ്ണ നിറത്തിലുള്ളതാക്കി മാറ്റി. അത് വൈകല്യത്തിന്റെ അടയാളമല്ല, മറിച്ച് തന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകമാണെന്ന് ലോറൻ ലോകത്തോട് വിളിച്ചുപറഞ്ഞു.

ഇനി ലോറൻ യുഗം…
തന്റെ സ്വർണ്ണ നിറത്തിലുള്ള കൃത്രിമക്കാലുകളുമായി ലോറൻ വാസ്സർ ആത്മവിശ്വാസത്തോടെലൂയി വിറ്റൺ (Louis Vuitton), ലാക്കോസ്റ്റെ (Lacoste), ഫുർല (Furla) തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ റൺവേകളിൽ ചരിത്രം കുറിച്ചു. വോഗ് (Vogue), ഗ്ലാമർ (Glamour), ഹാർപേഴ്സ് ബസാർ (Harper's Bazaar) തുടങ്ങിയ പ്രശസ്ത മാഗസിനുകളുടെ കവർ പേജുകളിലും ലോറൻ ഇടംപിടിച്ചു. 2023ൽ ഗ്ലാമർ ജർമ്മനിയുടെ 'വുമൺ ഓഫ് ദി ഇയർ' ആയി ലോറൻ തിരഞ്ഞെടുക്കപ്പെട്ടത്തോടെ ആ അതിജീവന കഥ കൂടുതലായി ലോകം അറിഞ്ഞുതുടങ്ങി.

തുടരുന്ന പോരാട്ടം
ലോറന്റെ പോരാട്ടം ഫാഷൻ റൺവേകളിൽ മാത്രം ഒതുങ്ങുന്നില്ല. തന്റെ ഇരുകാലുകളും നഷ്ടപ്പെടാൻ ഇടയാക്കിയ ടാമ്പൺ ഉപയോഗത്തെ കുറിച്ച് അവബോധം നല്കാൻ ലോറൻ നിരന്തരം ശ്രമിക്കുന്നുണ്ട്. ടാമ്പൺ നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന രാസവസ്തുക്കൾ സ്ത്രീകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. അതിനാൽ ടാമ്പൺ നിർമ്മിക്കുന്ന കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ വിവരങ്ങൾ കൃത്യമായി പാക്കറ്റിൽ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന 'റോബിൻ ഡാനിയൽസൺ ആക്റ്റ്' (Robin Danielson Act) എന്ന യുഎസ് നിയമത്തിനായി ലോറൻ ജനപ്രതിനിധികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ടാമ്പൺ കൂടുതൽ സമയം ശരീരത്തിൽ വെച്ചതുകൊണ്ടാണ് Toxic Shock Syndrome (TSS) ഉണ്ടാകുന്നത് എന്ന തെറ്റായ ധാരണ കമ്പനികൾ പടച്ചുവിടുന്നതാണ്. ഈ രോഗം കാരണം ആയിരക്കണക്കിന് സ്ത്രീകൾ മരിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജീവനോടെയില്ലാത്ത ആ സ്ത്രീകൾക്കുവേണ്ടി ശബ്ദമുയർത്തേണ്ടത് എന്റെ കടമയാണ് - ലോറൻ വാസ്സർ

ഫാഷൻ എന്നാൽ പൂർണ്ണതയുള്ള ശരീരങ്ങൾ മാത്രമല്ല, മറിച്ച് തളരാത്ത മനസ്സും അതിജീവനത്തിന്റെ കഥകളുമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ലോറൻ വാസ്സർ. ചില മനുഷ്യർ അങ്ങനെയാണ്. സ്വയം അതിജീവിക്കുകയും മറ്റുള്ളവരെ അതിജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണ്.

Content Highlight: Lauren Wasser, a brave model with golden prosthetic legs who amazed everyone at the Met Gala.

dot image
To advertise here,contact us
dot image