

രാജ്യത്തെ വാഹന നിർമ്മാതാക്കൾ 2026 മെയ് മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി ശക്തമായ വളർച്ചാ പാതയിൽ തുടരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . യാത്രാവാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ശ്രദ്ധേയമായ വളർച്ചയാണ് കമ്പനികൾ രേഖപ്പെടുത്തിയത്.
ഓട്ടോമൊബൈൽ ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (FADA) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പന 26.11 ലക്ഷം യൂണിറ്റിലെത്തിത്തിയിരുന്നു. ഗ്രാമീണ മേഖലകളിലെ ശക്തമായ ആവശ്യകത, മികച്ച കാർഷിക വരുമാനം, വിവാഹ സീസൺ തുടങ്ങിയ ഘടകങ്ങളാണ് വിപണിക്ക് കരുത്തേകുന്നത്.
താരം മാരുതി തന്നെ
വില്പനയിൽ വീണ്ടും ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് മാരുതി. കഴിഞ്ഞ മാസം റെക്കോർഡ് വിൽപ്പനയാണ് മാരുതി സുസുക്കി നേടിയത്. കമ്പനി ആകെ 2,42,688 യൂണിറ്റുകള്‍ വിറ്റഴിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസവിൽപ്പന സ്വന്തമാക്കി. ആഭ്യന്തര മാര്‍ക്കറ്റില്‍ 1,93,535 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ കയറ്റുമതി 34 % വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചു. ചെറുകാറുകൾക്കും എസ്‌യുവി വിഭാഗത്തിനും ലഭിച്ച മികച്ച പ്രതികരണമാണ് ഈ നേട്ടത്തിന് പിന്നിൽ.
ടാറ്റ മോട്ടോഴ്സ് 59,000-ത്തിലധികം വാഹനങ്ങൾ വിറ്റഴിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാവെന്ന സ്ഥാനം നിലനിർത്തി. വാർഷിക അടിസ്ഥാനത്തിൽ 42 ശതമാനത്തിലധികം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. പഞ്ച്, നെക്സോൺ തുടങ്ങിയ എസ്‌യുവി മോഡലുകളുടെ മികച്ച ഡിമാൻഡും ഇലക്ട്രിക് വാഹന വിപണിയിലെ ആധിപത്യവും ടാറ്റയ്ക്ക് കരുത്തായി.
ഇലക്ട്രിക് വാഹന രംഗത്ത് ടാറ്റ മോട്ടോഴ്സ് ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. ആദ്യമായി 10,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ വിറ്റഴിച്ച കമ്പനി, ഈ വിഭാഗത്തിലെ വിപണി നേതൃസ്ഥാനം കൂടുതൽ ശക്തമാക്കി. മാരുതി സുസുക്കിയുടെ ഇ-വിറ്റാര മോഡലിനും വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വില്പനയിൽ 20 ശതമാനം വളർച്ചയോടെ 99,636 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി ഇരട്ട അക്ക വളർച്ച കൈവരിച്ചു. എസ്‌യുവി ശ്രേണിയിലുള്ള വാഹനങ്ങൾക്ക് ലഭിക്കുന്ന സ്ഥിരമായ ഡിമാൻഡ് ആണ് മഹീന്ദ്രയുടെ വളർച്ചയ്ക്ക് പിന്തുണ നൽകിയത്. ഇലക്ട്രിക് വാഹന വിൽപ്പനയിലും കമ്പനി റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.
ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ആഭ്യന്തര വിൽപ്പന 47,837 യൂണിറ്റിലെത്തി. മൊത്തം വിൽപ്പന 61,137 യൂണിറ്റായിരുന്നെങ്കിലും വിപണി പ്രതീക്ഷകളേക്കാൾ അല്പം താഴെയായിരുന്നു ഈ പ്രകടനം. എന്നിരുന്നാലും കഴിഞ്ഞ വർഷത്തേക്കാൾ വളർച്ച കൈവരിക്കാൻ കമ്പനിക്ക് ഇത്തവണ സാധിച്ചു.
ഇരുചക്ര മേഖല
ഇരുചക്രവാഹന രംഗത്ത് ബജാജ് ഓട്ടോ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. മെയ്യിൽ 4.61 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നേടിയ കമ്പനി വാർഷിക അടിസ്ഥാനത്തിൽ 20 ശതമാനം വളർച്ച കൈവരിച്ചു. ആഭ്യന്തര വിൽപ്പനയ്‌ക്കൊപ്പം കയറ്റുമതിയിലും ശ്രദ്ധേയമായ വർധനവുണ്ടായി.
ഇന്ധനവില വർധനയും അസംസ്കൃത വസ്തുക്കളുടെ ചെലവിലെ വർധനയും നിലനിൽക്കുന്ന സാഹചര്യത്തിലും വാഹന വിൽപ്പനയിൽ ഉണ്ടായ മുന്നേറ്റം ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയിലെ ശക്തമായ ഉപഭോക്തൃ വിശ്വാസത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം മാരുതി, ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ജൂൺ മുതൽ വാഹന വില വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
Content Highlights:May Auto Sales Live Updates: Eicher Motors' VECV Misses Estimates, Maruti Suzuki Sales Jump 35%