

തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. ഡിവൈഎസ്പി മധു ബാബുവിനെ കോട്ടയം അഡീഷണല്‍ എസ്പിയായി നിയമിച്ചു. മധു ബാബുവിനെ എസ്പിയാക്കാനുള്ള ശിപാര്‍ശയും നിലവിലുണ്ട്. എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടാണ് മധു ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്നെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചെന്നും കര്‍ണപടം അടിച്ചുപൊട്ടിച്ചെന്നും ജയകൃഷ്ണന്‍ പരാതിപ്പെട്ടിരുന്നു.
കോന്നി എസ്ഐയായിരിക്കെ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. ആരോപണം ഉയര്‍ന്നതോടെ ക്രമസമാധാന ചുമതയില്‍ നിന്ന് മധു ബാബുവിനെ നീക്കിയിരുന്നു. കോഴിക്കോട് മണ്ണഞ്ചേരി സ്വദേശി സുബൈര്‍, ആലപ്പുഴ സ്വദേശി സിദ്ധാര്‍ത്ഥന്‍ എന്നിവരെ മര്‍ദ്ദിച്ച കേസിലും മധു ആരോപണ വിധേയനാണ്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ മര്‍ദ്ദിച്ചതിന് കോടതി മധു ബാബുവിനെ ശിക്ഷിച്ചിട്ടുമുണ്ട്.
അതേസമയം മധു ബാബുവിനെതിരായ മറ്റൊരു പരാതിയില്‍ എറണാകുളം റേഞ്ച് ഐജിയോട് ഹൈക്കോടതി ഇന്ന് വിശദീകരണം തേടിയിരുന്നു. കേസില്‍ സ്വീകരിച്ച നടപടി അറിയിക്കാനായിരുന്നു നിര്‍ദ്ദേശം. ചലച്ചിത്ര നിര്‍മാതാവ് ഷീലാ കുര്യന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം.
പരാതി നല്‍കാനെത്തിയ തന്നെ മധു ബാബു അധിക്ഷേപിച്ചെന്ന് ഷീലാ കുര്യന്റെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തുടര്‍ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ നടപടിയുമായി ഷീല കുര്യന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlights: Police officer Madhu Babu has been appointed as the Additional Superintendent of Police (SP) in Kottayam despite facing allegations of custodial assault