എത്ര കൂടിയാലും നഷ്ടമെന്ന് എണ്ണകമ്പനികൾ; 12 രൂപ വരെ കൂട്ടണമെന്നും ആവശ്യം ! ഇന്ധനവില വീണ്ടും വർധിക്കുമോ?

ബ്രേക്ക് ഈവൺ അവസ്ഥയിലെത്താൻ വിലവർധന അത്യാവശ്യമെന്നാണ് എണ്ണ കമ്പനികളുടെ വാദം

എത്ര കൂടിയാലും നഷ്ടമെന്ന് എണ്ണകമ്പനികൾ; 12 രൂപ വരെ കൂട്ടണമെന്നും ആവശ്യം ! ഇന്ധനവില വീണ്ടും വർധിക്കുമോ?
dot image

കേന്ദ്രസർക്കാർ ഇന്ധനവില അഞ്ച് പ്രാവശ്യത്തോളം വർധിപ്പിച്ചിട്ടും പൊതുമേഖലാ എണ്ണ കമ്പനികൾ നഷ്ടം നേരിടുന്നുവെന്ന് റിപ്പോർട്ട്. പെട്രോൾ ലിറ്ററിന് 5.5 രൂപയും ഡീസൽ ലിറ്ററിന് 4.5 രൂപയുമാണ് നഷ്ടം നേരിടുന്നത്. ഇന്ധനവില 12 രൂപയോളം കൂടിയാൽ മാത്രമേ തങ്ങളുടെ നഷ്ടം ഇല്ലാതാകുകയുള്ളൂ എന്നാണ് കമ്പനികളുടെ വാദം.

ലാഭവും നഷ്ടവും ഇല്ലാത്ത ബ്രേക്ക് ഈവൺ അവസ്ഥയിലെത്താൻ ഇത്രയെങ്കിലും വിലവർധന അത്യാവശ്യമെന്നാണ് എണ്ണ കമ്പനികളുടെ വാദം. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം പൊതുമേഖലാ എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ ദിവസേന 550 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിലെ ഉയർന്ന നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങുമ്പോഴും ഇന്ത്യയിലെ ഇന്ധനവില ക്രമാതീതമായി ഉയരാത്തതാണ് നഷ്ടത്തിന് കാരണം എന്നാണ് വാദം.

എൽപിജിയുടെ കാര്യത്തിലും കമ്പനികൾ നഷ്ടത്തിലാണ് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഒരു സിലിണ്ടറിന് 650 രൂപയാണ് എണ്ണ കമ്പനികളുടെ നഷ്ടം. വിമാനഇന്ധനത്തിൽ ഒരു ലിറ്ററിന് 30 രൂപയാണ് കമ്പനികളുടെ നഷ്ടം. ഹോർമുസ് പ്രതിസന്ധിയും പശ്ചിമേഷ്യൻ സംഘർഷവും ഇവ്വിധം തുടർന്നാൽ വിലവർധനവ് ഇനിയും അനിവാര്യമെന്നാണ് കമ്പനികൾ പറയുന്നത്.

അതേസമയം, റിസര്‍വ് ബാങ്കിന്റെ അടുത്ത ധനനയ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ധനവില വര്‍ധന, രൂപയുടെ മൂല്യത്തകര്‍ച്ച, സാധാരണയേക്കാള്‍ കുറവായേക്കാവുന്ന മണ്‍സൂണ്‍ മഴ എന്നിവയാണ് പ്രധാന ആശങ്കകളായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

ധനമന്ത്രാലയത്തിന്റെ മേയ് മാസത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും കരുത്ത് കാണിക്കുന്നുണ്ടെങ്കിലും, വിലക്കയറ്റം വീണ്ടും ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും അതുമൂലമുള്ള എണ്ണവില വര്‍ധനയും ഇന്ത്യയുടെ സാമ്പത്തിക സാഹചര്യത്തെ പ്രതികൂലമായി ബാധിക്കാമെന്നാണ് വിലയിരുത്തല്‍. എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ആശ്രയിക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ തടസ്സമുണ്ടാകുന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വെല്ലുവിളിയാണെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.

അടുത്തിടെ പെട്രോള്‍, ഡീസല്‍ വിലകളില്‍ ഉണ്ടായ വര്‍ധന ഗതാഗതച്ചെലവും ഉല്‍പാദനച്ചെലവും ഉയര്‍ത്തും. ഇതിന്റെ പ്രതിഫലനം ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ പല മേഖലകളിലും വിലക്കയറ്റത്തിന് സാധ്യതയുണ്ട്. സാമ്പത്തിക വിദഗ്ധര്‍ ഇതിനകം തന്നെ പണപ്പെരുപ്പം ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തവണ കാലവര്‍ഷം കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമാകാമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴക്കുറവ് കാര്‍ഷികോല്‍പാദനത്തെയും ഭക്ഷ്യവിലകളെയും നേരിട്ട് ബാധിക്കും. അരി, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയ പ്രധാന വിളകളുടെ ഉല്‍പാദനം കുറയാനുള്ള സാധ്യതയും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

രൂപയുടെ മൂല്യം കുറഞ്ഞാല്‍ ക്രൂഡ് ഓയില്‍, വളങ്ങള്‍ തുടങ്ങിയ ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ ചെലവ് വര്‍ധിക്കും. ഇത് വിവിധ വ്യവസായങ്ങളുടെ ഉല്‍പാദനച്ചെലവ് കൂടാന്‍ കാരണമാകും. റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ 3.48 ശതമാനമായി. ആര്‍ബിഐയുടെ 4 ശതമാനമെന്ന ലക്ഷ്യത്തിന് താഴെയാണെങ്കിലും, മൊത്തവില സൂചിക 8.3 ശതമാനമായി ഉയര്‍ന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഉല്‍പാദന ശൃംഖലയിലെ ചെലവുഭാരം പിന്നീട് ഉപഭോക്താക്കളിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു.

ഇന്ധനവില വര്‍ധനയും മണ്‍സൂണ്‍ അനിശ്ചിതത്വവും ഉണ്ടായിട്ടും ആര്‍ബിഐ ഉടന്‍ പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത കുറവാണെന്നാണ് പല സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തല്‍. എന്നാല്‍ വിലക്കയറ്റ സമ്മര്‍ദം കൂടുതല്‍ ശക്തമായാല്‍ വര്‍ഷാവസാനത്തോടെ പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് നിരീക്ഷണം. ഇപ്പോള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ സ്ഥിരതയോടെ മുന്നേറുന്നുണ്ടെങ്കിലും മൂന്ന് പ്രധാന ഘടകങ്ങള്‍ - ഉയരുന്ന ഇന്ധനവില, ദുര്‍ബല കാലവര്‍ഷ സാധ്യത, രൂപയുടെ മൂല്യത്തകര്‍ച്ച - വരും മാസങ്ങളില്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ത്താന്‍ ഇടയാക്കുമെന്ന് ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: Despite multiple fuel price hikes by the central government, public sector oil companies in India are reportedly still facing financial losses. According to reports, petrol is currently sold at a loss of around ₹5.5 per litre and diesel at ₹4.5 per litre. The companies argue that fuel prices would need to rise by nearly ₹12 per litre to completely eliminate their losses

dot image
To advertise here,contact us
dot image