
കൊച്ചി: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുന്നതില്‍ ആശയക്കുഴപ്പം നീങ്ങുന്നു. മെസിയും സംഘവും കേരളത്തില്‍ എത്തും. ഇത് സംബന്ധിച്ച് ഒഴാഴ്ചയ്ക്കകം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. കരാര്‍ പ്രകാരം തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ റിപ്പോര്‍ട്ടറിന് എഎഫ്എ അനുമതി നല്‍കി.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചിരുന്നു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തിയ്യതി നിര്‍ദേശിക്കുക. മെസി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ഇവന്റ് സ്‌പോണ്‍സര്‍ ചെയ്യുമെന്നറിയിച്ചത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ്.
മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ തടസ്സങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ റിപ്പോര്‍ട്ടിലൂടെ പങ്കുവെച്ചിരുന്നു. മെസി വരില്ലെന്ന തരത്തില്‍ വാര്‍ത്ത പൊട്ടിപുറപ്പെട്ടതിന്റെ ഉറവിടം അറിയില്ലെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.
Content highlights: Lionel Messi Will arrive in kerala Official confirmation within a week