
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബല്ലിയ ജില്ലയിലാണ് സംഭവം. പന്ത്രണ്ടുവയസുകാരിയായ പെണ്‍കുട്ടിയെ വീട്ടിനുളളില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ബന്ധുവായ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രധാന സാക്ഷിയായിരുന്നു കൊല്ലപ്പെട്ട പന്ത്രണ്ടുകാരി. ആ കേസില്‍ മൊഴി നല്‍കാനിരിക്കെയാണ് കൊലപാതകം. എഫ്‌ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന നാല് പ്രതികളും പെണ്‍കുട്ടിയുടെ അയല്‍വാസികളാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച്ചയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചത്. വീട്ടുകാര്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കെട്ടിത്തൂക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പ്രതികളില്‍ ഒരാള്‍ നേരത്തെയും ബലാത്സംഗക്കേസില്‍ പ്രതിയാണ്. ആ കേസില്‍ തനിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുടുംബവും ആരോപിച്ചു. കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങിയിരുന്നു. അതേസമയം, സംഭവത്തില്‍ പൊലീസ് ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പ്രതികളെ പിടികൂടുമെന്ന ഉറപ്പ് ലഭിച്ചതിനുശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Content Highlights: Dalit girl who was witness in molestation case raped and murdered in uttarpradesh