
ഹൃദ്രോഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം കൊളസ്‌ട്രോളും, കൊഴുപ്പുമാണെന്നത് പൊതുവെയുള്ള ധാരണയാണ്. ഹൃദയത്തിന് എന്തെങ്കിലും അസുഖമുണ്ടായാൽ കൊളസ്‌ട്രോൾ കൂടിയതാണ് കാരണം എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ? എന്നാൽ ഹൃദ്രോഗത്തിന് കാരണങ്ങൾ പലതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൊളസ്ട്രോളാണ് പ്രധാന കാരണമെന്ന് വിലയിരുത്തും മുൻപ് എന്താണ് എന്താണ് കൊളസ്ട്രോൾ എന്നും മനസിലാക്കേണ്ടതുണ്ട്. ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
എന്താണ് ഹൃദ്രോഗം
ഹൃദ്രോഗത്തിന്റെ കാരണങ്ങൾ അറിയും മുൻപ് എന്താണ് ഹൃദ്രോഗം എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. കാർഡിയോ വസ്‌കുലർ സിഡീസ് എന്ന് പൊതുവിൽ അറിയപ്പെടുന്ന രോഗങ്ങളാണ്. ഹൃദയത്തിന്റെ ധമനികളിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത്.
ഇക്കാലത്ത് മിക്ക ആളുകളിലും പൊതുവായി കാണപ്പെടുന്നത് കൊറോണറി ആർട്ടറി ഡിസീസ് എന്ന ഹൃദ്രോഗമാണ്. ഹൃദയത്തിലേക്ക് രക്തം കൃത്യമായി പമ്പ് ചെയ്യപ്പെടാതെ ഇരിക്കുകയോ, അല്ലെങ്കിൽ പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയുകയോ ചെയ്യുന്നത് ഹൃദയത്തിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തുന്നതിന് തടസമാകുന്നു. ഈ അവസ്ഥയാണ് കൊറോണറി ആർട്ടറി ഡിസീസിലേക്ക് നയിക്കുന്ന പ്രധാന കാരണം. ജീവിതശൈലി, പാരമ്പര്യം, തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിലേക്ക് നയിക്കാറുണ്ട്. ഓരോ 33 സെക്കന്റിലും ഒരാൾ ഹൃദ്രോഗം മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ 702,880 പേരാണ് ലോകത്ത് ഹൃദ്രോഗം മൂലം മാത്രം മരണപ്പെട്ടത്.
ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങൾ
ഹൃദയത്തിന്റെ രക്തക്കുഴലിൽ ഉണ്ടാകുന്ന തടസങ്ങളുടെ പ്രധാന കാരണം എൽഡിഎൽ കൊളസ്‌ട്രോളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉയർന്ന് അളവിലുള്ള പ്ലാസ്മ എൽഡിഎൽ കൊളസ്‌ട്രോളാണ് ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗങ്ങളെ അപകടകരമാക്കുന്നത്. ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ് കൊളസ്ട്രോൾ. പലപ്പോഴും 'മോശം കൊളസ്ട്രോൾ' എന്ന് വിളിക്കപ്പെടുന്ന ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിൻ്റെ (എൽഡിഎൽസി) ഉയർന്ന അളവുകൾ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഈ അവസ്ഥ അതിറോസ്ക്ലീറോസിസ് എന്നറിയപ്പെടുന്നു.
ഈ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ധമനികളെ ഇടുങ്ങിയതാക്കി ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറച്ച് അത് ഹൃദയാഘാതത്തിലേക്കോ മറ്റ് ഹൃദയ പ്രശ്‌നങ്ങളിലേക്കോ നയിച്ചേക്കാം. മറുവശത്ത്, 'നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച് ഡി എൽ കൊളസ്ട്രോൾ (എച്ച് ഡി എൽ സി) ശരീരത്തിൽ നിന്ന് അധിക കൊളസ്‌ട്രോൾ നീക്കം ചെയ്‌തുകൊണ്ട് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
വ്യത്യസ്‌തമായ കൊളസ്ട്രോളുകളുടെ തോതിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ, അത് ഡിസ്സിപിഡെമിയ എന്ന രോഗത്തിന് കാരണമാകാം. രക്തപ്രവാഹത്തിൽ കൊഴുപ്പുകളുടെയും കൊളസ്‌ട്രോളിൻ്റെയും അളവ് അസാധാരണമായി ഉണ്ടാകുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് ഡിസ്സിപിഡെമിയ. ഉയർന്ന അളവിലുള്ള എൽഡിഎൽസിയും എച്ച്ഡിഎൽസിയുടെ താഴ്ന്ന തോതുകളും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.
പ്രത്യേകിച്ച് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ നേരത്തെ തന്നെ ഉള്ള ആളുകൾക്ക്. 2021 ലെ ഒരു പഠനം 185 ദശലക്ഷം ഇന്ത്യക്കാരിൽ ഉയർന്ന തോതിൽ എൽഡിഎൽസി ഉണ്ടെന്ന് വെളിപ്പെടുത്തി. അതിനാൽ, ഒരാളുടെ കൊളസ്‌ട്രോളിൻ്റെ അളവ്, പ്രത്യേകിച്ച് എൽഡിഎൽസി പരിശോധിക്കുകയും അറിയുകയും ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്.
Content Highlight; Is Cholesterol the Cause of Heart Disease?