
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ്. എഡ്ജ്ബാസ്റ്റണിലേത് തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിജയമാണെന്ന് സിറാജ് പറഞ്ഞു. ആദ്യത്തേത് 2021ൽ ഗാബയിൽ നേടിയതും രണ്ടാമത്തേത് 2021ൽ ലോർഡ്സിൽ നേടിയതുമാണെന്ന് സിറാജ് കൂട്ടിച്ചേർത്തു. ബിസിസിഐ പുറത്തുവിട്ട ഒരു വീഡിയോയിലാണ് സിറാജിന്റെ പ്രതികരണം.
'ഒരു താരമെന്ന നിലയിൽ ചരിത്രം കുറിക്കുകയെന്നത് സന്തോഷമുള്ള കാര്യമാണ്. ഇന്ത്യയുടെ പ്രകടനം, ശുഭ്മൻ ഗില്ലിന്റെ പ്രകടനം, ആകാശ് ദീപിന്റെ പ്രകടനം എല്ലാം മികച്ചതായിരുന്നു. ആകാശ് ദീപിനോട് ഞാൻ പറഞ്ഞത് വിക്കറ്റ് വീഴ്ത്താനായി ശ്രമിക്കേണ്ടതില്ല, പകരം കൃത്യമായ ഏരിയകളിൽ പന്തെറിയാനാണ്. ഒടുവിൽ ഫൈഫർ നേടാൻ ആകാശ് ദീപിന് കഴിഞ്ഞു.' സിറാജ് വ്യക്തമാക്കി.
Special win. Special reactions. ✨
— BCCI (@BCCI) July 7, 2025
Etched forever! 🔝#TeamIndia | #ENGvIND | @RishabhPant17 | @imjadeja | @mdsirajofficial
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ വിജയമാണ് ശുഭ്മൻ ഗില്ലിന്റെ ഇന്ത്യൻ ടീം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. 269 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് നേടിയ ആകാശ് ദീപുമാണ് ഇംഗ്ലണ്ടിനെ തകർത്തത്.
180 റൺസിന്റെ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിലും നിർണായക പ്രകടനം നടത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 161 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 271 റൺസിൽ എല്ലാവരും പുറത്തായി. ആകാശ് ദീപ് ഇന്ത്യയ്ക്കായി ആറ് വിക്കറ്റ് വീഴ്ത്തി. ശുഭ്മൻ ഗില്ലാണ് മത്സരത്തിലെ താരം.
Content Highlights: Mohammed Siraj names Edgbaston Test in top 3 matches of his life