
പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് കോടികൾ തട്ടിയ വജ്ര വ്യവസായി നീരവ് മോദിയെയും കുടുംബത്തെയും ഇന്ത്യക്കാർ അത്ര വേഗത്തിൽ മറക്കാനിടയില്ല. നീരവിന്റെ സഹോദരൻ നിഹാൽ അമേരിക്കയിൽ വച്ച് അറസ്റ്റിലായതോടെ ഈ കുടുംബത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ഇന്ത്യയിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായിരുന്നു 2018-ൽ നീരവ് മോദിയും സംഘവും ചേർന്ന് നടത്തിയത്. കേസിന്റെ ആദ്യകാല അന്വേഷണങ്ങളിലൊന്നും നേഹലിന് ബാങ്ക് തട്ടിപ്പ് കേസുമായുള്ള ബന്ധത്തെക്കുറിച്ച് സൂചനകളുണ്ടായിരുന്നില്ല. എന്നാൽ, ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കുന്നതിന് നിഹാൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും പിന്നീട് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടത്. ഇതേ കേസിൽ തന്നെ തെളിവ് നശിപ്പിക്കൽ, അന്വേഷണം തടസപ്പെടുത്തൽ, സാക്ഷികളെ സ്വാധീനിക്കൽ എന്നീ ആരോപണങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ അമേരിക്കയിൽ വച്ച് നിഹാലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നിയമപരവും നയതന്ത്രപരവുമായ നീണ്ട നടപടി ക്രമങ്ങൾക്ക് ശേഷമാണ് നിഹാൽ മോദിയുടെ അറസ്റ്റ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധനത്തിലെ വകുപ്പ് മൂന്ന്, ഇന്ത്യൻ ന്യായ സംഹിതയിലെ വകുപ്പ് 120-ബി, 201 പ്രകാരമുള്ള ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് നിഹാലിനെതിരെ ഉള്ളത്.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ വലിയ പങ്ക് വഹിച്ചിരുന്നെങ്കിലും നിഹാലിന്റെ ഇതിലെ പങ്കാളിത്തത്തെക്കുറിച്ച് അറിവുകൾ പരിമിതമായിരുന്നു. എല്ലാവരും നീരവ് മോദിയിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ നിഹാൽ മറഞ്ഞിരുന്ന് തട്ടിയെടുത്ത പണം സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രങ്ങൾ മെനഞ്ഞു. ബെൽജിയൻ പൗരനായ നിഹാൽ മോദിക്കെതിരെ ഏതാനും വർഷങ്ങൾക്ക് മുൻപ് ഇന്റർപോൾ റെഡ് നോട്ടീസ് ഇറക്കിയിരുന്നു. എന്നാൽ നിലവിലെ ലിസ്റ്റിൽ നിഹാലിന്റെ പേര് ഇന്റർപോൾ റെഡ് നോട്ടീസിൽ കാണാനാകുന്നില്ല.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്
2018ൽ രാജ്യത്തെ തന്നെ പിടിച്ച് കുലുക്കിക്കൊണ്ടായിരുന്നു പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിന്റെ വിവരങ്ങൾ പുറത്ത് വന്നത്. മുംബൈയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടന്നതോടെ ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് തന്നെ വൻ തിരിച്ചടിയാരുന്നു ഉണ്ടായത്. കോടീശ്വരനും, രത്‌നവ്യാപാരിയുമായ നീരവ് മോദിയും, ഗീതാഞ്ജലി ജെംസിന്റെ മാനേജിങ് ഡയറക്ടറും നീരവിന്റെ അമ്മാവനുമായ മേഹൽ ചോക്‌സിയുമാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാർ.
നീരവ് മോദിയും മെഹുൽ ചോക്‌സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ച് വൻ തുക വായ്പ്പ ഇനത്തിൽ സ്വന്തമാക്കുന്നു. വ്യാപാര ആവശ്യങ്ങൾ കാണിച്ച് ഇത്രയും ഭീമമായ തുക ബാങ്കിൽ നിന്ന് ലഭിക്കുന്നതിന് ഇവരെ ചില ബാങ്ക് ഉദ്യോഗസ്ഥരും സഹായിച്ചു. നീരവും മെഹുലും ബാങ്ക് ഉദ്യോഗസ്ഥരും ചേർന്ന് വ്യാജ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (എൽഒയു) നേടിയെടുത്ത് പണം കൈക്കലാക്കി ബാങ്കിനെ കബളിപ്പിച്ചു.
2018 ജനുവരി 29ന് പഞ്ചാബ് നാഷണൽ ബാങ്ക് റിസർവ് ബാങ്കിൽ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ട് സമർപ്പിക്കുകയും സിബിഐയിൽ പരാതി നൽകുകയും ചെയ്തതോടെയാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ കഥ പുറംലോകം അറിയുന്നത്. ഇതേ വർഷം ഫെബ്രുവരി 7ന് വീണ്ടും തട്ടിപ്പിനെക്കുറിച്ചുള്ള രണ്ടാമത്തെ റിപ്പോർട്ട് ആർബിഐയിലും, പരാതി സിബിഐയിലും സമർപ്പിക്കപ്പെട്ടു. ഇതേതുടർന്ന് ഫെബ്രുവരി 13ന് നീരവ് മോദി ഗ്രൂപ്പ്, ഗീതാഞ്ജലി ഗ്രൂപ്പ്, ചന്ദ്രി പേപ്പർ ആൻഡ് അലൈഡ് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്‌ക്കെതിരെ എഫ്‌ഐആർ രെജിസ്റ്റർ ചെയ്യുകയും കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബിസിനസ് ആവശ്യങ്ങൾക്കായി നൽകുന്ന കുറഞ്ഞ കാലത്തേക്കുള്ള വായ്പകൾ സുഗമമായി ലഭിക്കുന്നതിനുള്ള സംവിധാനമായ എൽഒയു കേന്ദ്രമാക്കിയാണ് തട്ടിപ്പ് നടന്നത്. 2011 മാർച്ചിൽ മുംബൈയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖയിൽ നിന്നാണ് നീരവ് മോദി ആദ്യമായി തട്ടിപ്പിനുള്ള എൽഒയു നേടിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അടുത്ത ആറ് വർഷത്തിനിടെ ഇത്തരത്തിൽ 1,212 അണ്ടർടേക്കിങ് ഗ്യാരണ്ടികളാണ് നീരവ് മോദിക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. എന്നാൽ ഇതേ കാലയളവിൽ നീരവ് മോദിയുടെ കമ്പനിക്ക് നിയമപരമായി 53 എൽഒയുകൾ മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
അന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ഗോകുൽനാഥ് ഷെട്ടി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കോർ ബാങ്കിങ് സംവിധാനങ്ങൾ മറികടന്ന് ഗ്യാരണ്ടികൾ നൽകിയതിനാൽ വർഷങ്ങളോളം തട്ടിപ്പിനെക്കുറിച്ച് പുറംലോകം അറിഞ്ഞില്ല. ഈ സഹായത്തിന് ഗോകുൽനാഥിനും അനുബന്ധ ഉദ്യോഗസ്ഥർക്കും നീരവ് നൽകിയ കൈക്കൂലിയുടെ ഞെട്ടിക്കുന്ന കണക്കും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വജ്രവ്യാപാരിയായ നീരവിന് വജ്രം ഇറക്കുമതി ചെയ്യുന്നതിന് പണം ആവശ്യമാണെന്ന് കാണിച്ചുകൊണ്ട് ഇന്ത്യൻ ബാങ്കുകളുടെ വിദേശശാഖകളിൽ നിന്ന് പണമെടുക്കാനും ഇവർ ശ്രമിച്ചു. ഇതിലൂടെ 11,400 കോടി രൂപയുടെ എൽഒയുവും അനധികൃതമായി നേടാൻ കഴിഞ്ഞതോടെ വലിയ തുക സംഘത്തിന്റെ കൈകളിലെത്തി. എന്നാൽ ഈ പണം ഉപയോഗിച്ച് വജ്രത്തിന്റെ ഇറക്കുമതി നടത്താതെ പണം മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുകയായിരുന്നു. 2018 ഫെബ്രുവരി 5ന് സിബിഐ നീരവ് മോദിക്കും സംഘത്തിനുമെതിരെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചതോടെ, അറസ്റ്റിലാവും എന്ന ഘട്ടമുണ്ടായി. ഈ സാഹചര്യത്തിൽ ഇന്ത്യവിടുകയല്ലാതെ മറ്റൊരു രക്ഷാമാർഗം അവർക്ക് മുൻപിൽ ഉണ്ടായിരുന്നില്ല. എന്നാൽ 2019-ൽ നീരവ് മോദി ഇതേ കേസിൽ ലണ്ടനിൽ വച്ച് പിടിയിലാവുകയും, ഇപ്പോൾ അവിടെ ജയിൽവാസം അനുഭവിക്കുകയുമാണ്.
നീരവ് മോദി പ്രധാന പ്രതിയായ കേസിൽ, മെഹുൽ ചോക്‌സിയെ പ്രത്യക്ഷമായി രംഗത്ത് കാണാനാകില്ലെങ്കിലും, ഗീതാഞ്ജലി ജെംസി എന്ന സ്വന്തം സ്ഥാപനത്തിലൂടെയും, മറ്റ് കമ്പനികളിലൂടെയും തട്ടിപ്പിന്റെ ഭാഗമായിരുന്നു ഇയാൾ. അഴിമതിക്കാരെന്ന് കണ്ടെത്തിയ ബാങ്ക് ഉദ്യോഗസ്ഥരുമായി സഹകരിച്ച് ചോക്‌സിയും സ്ഥാപനങ്ങളും പഞ്ചാബ് നാഷണൽ ബാങ്കിനെ വഞ്ചിച്ചുവെന്ന് ഇഡി കണ്ടെത്തി. ഈ തട്ടിപ്പുകളെല്ലാം ബാങ്കിനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുകയും, കമ്പനികൾക്കും സ്വകാര്യ വ്യക്തികൾക്കും ലാഭം നേടിക്കൊടുക്കുകയും ചെയ്തു.
ഗൂഡാലോചന, കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സിബിഐയും ഇഡിയും ചേർന്ന് ചോക്‌സിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. തട്ടിപ്പ് പുറത്ത് വരുന്നതിന് തൊട്ടുമുൻപ് തന്നെ മെഹുൽ ചോക്‌സി ഇന്ത്യ വിട്ടിരുന്നു. പിന്നീട് ആൻഗ്വയിലും, ബാർബുഡയിലും എത്തിച്ചേർന്ന ഇയാൾ അവിടുത്തെ പൗരത്വം സ്വന്തമാക്കി. ഇന്ത്യൻ അധികൃതർ ചോക്‌സിയെ നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതോടെ ഇത് ഒരു നിയമ-നയതന്ത്ര പോരാട്ടത്തിലേക്ക് നയിച്ചു. 2021ൽ ചോക്‌സി വീണ്ടും ആന്റിഗ്വയിൽ നിന്നും പാലായനം ചെയ്തു. പിന്നീട് ഡൊമിനിക്കയിൽ വച്ച് കണ്ടെത്തപ്പെടുമ്പോൾ തന്നെ ആരോ തട്ടിക്കൊണ്ട് പോയതാണ് എന്നായിരുന്നു ചോക്‌സിയുടെ വിശദീകരണം.
Content Highlight; Punjab National Bank Scam: How Mehul Choksi, Nirav Modi, and Nehal Modi Took Away Crores of Rupees