കെ എസ് അനില്‍കുമാറിന് രജിസ്ട്രാറായി തുടരാം; സിൻഡിക്കേറ്റ് തീരുമാനം ശരിവെച്ചു:ഹൈക്കോടതി

സിൻഡിക്കേറ്റ് തീരുമാനം ശരിവെച്ചു

dot image

കൊച്ചി: കേരള സര്‍വ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനില്‍കുമാറിന് തുടരാം. സസ്‌പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹെെക്കോടതിയുടെ നടപടി. ഹർജി പിൻവലിക്കാനുള്ള ഡോ. കെ എസ് അനിൽകുമാറിന്‍റെ ആവശ്യം ഹെെക്കോടതി അംഗീകരിച്ചു. സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിൽ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് നടപടി.

വെെസ് ചാൻസലറുടെ തീരുമാനം റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടെന്ന് സർവ്വകലാശാല ഹെെക്കോടതിയെ അറിയിച്ചു. വെെസ് ചാൻസലർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടോയെന്നത് നിയമപരമായ വിഷയം ആണെന്നും ഹെെക്കോടതിയുടെ നിരീക്ഷണം.

അതിനിടെ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതലയുള്ള സിസ തോമസ് ചൂണ്ടികാട്ടി. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നും രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നൽകിയെന്നും ഗവർണർക്ക് നൽകിയ റിപ്പോർട്ടില്‍ പറയുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തിയാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതത്. ഇതിനെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ഞായറാഴ്ച വിസിയുടെ അനുമതിയില്ലാതെ സിന്‍ഡിക്കേറ്റ് റദ്ദാക്കിയിരുന്നു. വി സി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഈ തീരുമാനം എടുത്തത്.

Content Highlights: KS Anilkumar can continue as registrar high court

dot image
To advertise here,contact us
dot image