ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം

കോട്ടയത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്

dot image

കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരുമാണ് ബിജെപി പ്രതിഷേധം നടക്കുന്നത്. നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ആശുപത്രിയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. നെയ്യാറ്റിന്‍കര- കാട്ടാക്കട റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. വനിതാ പ്രവര്‍ത്തകരടക്കം റോഡില്‍ കിടന്നാണ് പ്രതിഷേധിച്ചത്. ഇവരെ അറസ്റ്റുചെയ്ത് നീക്കുകയാണ് പൊലീസ്. വലിയ രീതിയില്‍ മുദ്രാവാക്യം വിളിച്ചാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.

കോട്ടയത്ത് മെഡിക്കല്‍ കോളേജിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തിയത്. ബാരികേഡിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പി സി ജോര്‍ജ്ജ്, ബി രാധാകൃഷ്ണമേനോന്‍, ഷോണ്‍ ജോര്‍ജ്ജ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. 'ബിന്ദുവിന്റെ മരണത്തിനുകാരണം അപകട രാഷ്ട്രീയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലമാണ് ബിന്ദു മരിച്ചത്. പത്തരയ്ക്ക് സംഭവം നടന്നിട്ട് ഒന്നേകാല്‍ വരെ രക്ഷാപ്രവര്‍ത്തനം നടന്നില്ല' എന്നായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

പാലക്കാടും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധമുണ്ടായി. പാലക്കാട് ഡിഎംഒ ഓഫീസിലേക്കാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമം നടന്നുവരികയാണ്. സി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞു.

തൃശൂര്‍ സ്വരാജ് റൗണ്ടിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ ആശുപത്രി ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം ആരംഭിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു. സ്വരാജ് റൗണ്ട് പൂര്‍ണമായും സ്തംഭിച്ച നിലയിലായിരുന്നു. വലിയ ഗതാഗതക്കുരുക്കാണ് പ്രദേശത്തുണ്ടായത്.

Content Highlights: BJP protests across the state demanding the resignation of the Health Minister Veena George

dot image
To advertise here,contact us
dot image