'അച്ഛൻ സ്വർഗത്തിലാണെന്ന് വിശ്വസിക്കുന്നു'; കണ്ണുനീർ മഷിയാക്കി ശ്രീനന്ദ എഴുതിയ കത്തിന് ഒന്നാംസ്ഥാനം

ദൂരെയെവിടെയോ സന്തോഷവാനായിരിക്കുന്ന അച്ഛനോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ശ്രീനന്ദ അധ്യാപകരെയും കണ്ണീരണിയിച്ചു.

dot image

'അച്ഛന് ഒരായിരം ഉമ്മകൾ.. എന്ന് അച്ഛന്റെ സ്വന്തം ശ്രീമോൾ' തൊണ്ടയിടറാതെ വായിച്ച് തീർക്കാനാവാത്ത ഒരു കത്ത്. അച്ഛനിപ്പോൾ കൂടെയില്ലെന്ന് ശ്രീനന്ദയ്ക്ക് അറിയാം പക്ഷെ, പ്രിയപ്പെട്ട ഒരാൾക്ക് കത്തെഴുതാൻ പറയുമ്പോൾ കാണാമറയത്തുണ്ട് എന്ന് അവൾ കരുതുന്ന സ്വന്തം അച്ഛനെയല്ലാതെ മറ്റാരെയാണ് ഓർമ വരിക. 'സ്വർഗത്തിലേക്കുള്ള കത്ത്' എന്ന തലക്കെട്ടോടെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായ യാത്രപറഞ്ഞു പോയ അച്ഛന് ഹൃദയത്തിൽ നിന്നുള്ള രക്തം മഷിയാക്കിയാണ് ശ്രീനന്ദ എഴുതിയത്.

'എന്റെ പ്രിയപ്പെട്ട അച്ഛന്, അച്ഛൻ സ്വർഗത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛൻ തിരികെ വരിക? ആ ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കും.' ദൂരെയെവിടെയോ സ്വർഗത്തിൽ സന്തോഷവാനായിരിക്കുന്ന അച്ഛനോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ശ്രീനന്ദ അധ്യാപകരെയും കണ്ണീരണിയിച്ചു.

വായനാമാസാചരണത്തിന്റെ ഭാഗമായി നടന്ന പനങ്ങാട് നോർത്ത് എയുപി സ്‌കൂൾ വിദ്യാരംഗം കുട്ടികൾക്കായി നടത്തിയ 'കത്തെഴുതാം സമ്മാനം നേടാം' പരിപാടിയുടെ വിജയിയെ കണ്ടെത്തുന്നതിനുള്ള തപാൽപ്പെട്ടി പൊട്ടിച്ചപ്പോളാണ് ശ്രീനന്ദ തന്റെ അച്ഛന് വേണ്ടി എഴുതിയ കത്ത് അധ്യാപകരുടെ കയ്യിൽ കിട്ടുന്നത്. അച്ഛനായുള്ള കാത്തിരിപ്പ് വെറുതെയാണെന്നും, ഇനി അച്ഛൻ തിരികെ വരില്ലെന്നും അറിയാമെങ്കിലും അച്ഛനെ ഒരു നോക്ക് കാണാനുള്ള അതിയായ ആഗ്രഹം അവൾ കത്തിലെഴുതി.

കഴിഞ്ഞ വർഷമുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ട അച്ഛന് സ്വർഗത്തിലേക്കൊരു കത്ത്… 2024 ഏപ്രിൽ 10നായിരുന്നു ശ്രീനന്ദയുടെ അച്ഛൻ ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത്. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീനന്ദ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അച്ഛൻ മരണപ്പെട്ടെങ്കിലും അമ്മ തങ്ങളെ നന്നായി നോക്കുന്നുണ്ടെന്ന് കത്തിലൂടെ അച്ഛനോട് പറയാനും അവൾ മറക്കുന്നില്ല.

'അച്ഛൻ തിരികെ വരിക. ഞാൻ കാത്തിരിക്കും.' അച്ഛനെ ഒരിക്കൽ കൂടി കാണാനുള്ള തന്റെ മോഹവും അവൾ കത്തിലൂടെ പങ്കുവച്ചു. പല കുട്ടികളും അധ്യാപകർക്കും, സുഹൃത്തുക്കൾക്കും കത്തെഴുതിയപ്പോൾ 'സ്വർഗത്തിലേക്കുള്ള കത്ത്' എല്ലാവരുടെയും കണ്ണുനിറച്ചുകൊണ്ട് ഒന്നാം സ്ഥാനം നേടി. വൈകാരികതയ്ക്കപ്പുറം കത്തിന്റെ ഭാഷയും, ഭാവതീവ്രതയും കത്തിനെ ഒന്നാം സ്ഥാനത്തിലെത്തിച്ചു.

ശ്രീനന്ദ എഴുതിയ 'സ്വർഗത്തിലേക്കുള്ള കത്ത്'

ശ്രീനന്ദയുടെ കത്ത് വാർത്തകളിൽ ഇടംപിടിച്ചതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കത്ത് പങ്കുവയ്ക്കുകയും സ്നേഹവും പിന്തുണയും അറിയിക്കുകയും ചെയ്തു.

'പ്രിയപ്പെട്ട ശ്രീനന്ദയ്ക്ക് ഒരു കുറിപ്പ്,
മരിച്ചുപോയ അച്ഛന് ശ്രീമോളെഴുതിയ കത്ത് വായിച്ചപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു.
ഓർമ്മകൾക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോയാലും അവരുടെ സ്നേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകുമെന്നും കത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. അച്ഛൻ ശ്രീമോളുടെ ഓർമ്മകളിൽ വഴികാട്ടിയായി കൂടെയുണ്ടാകും.
ശ്രീമോൾക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകാൻ എല്ലാവരുമുണ്ടാകും.
സ്നേഹത്തോടെ,
വി ശിവൻകുട്ടി' എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്.

Content Highlight; a Daughter's Letter to Her Father in Heaven on Reading Day

dot image
To advertise here,contact us
dot image