റേപ്പിസ്റ്റുകൾക്ക് വോട്ട് ചെയ്യാൻ പരോൾ നൽകുന്ന ഇന്ത്യയിൽ ഇതൊക്കെ പ്രശ്‌നമാണോ?രാമായണ വിവാദത്തിൽ ചിന്മയി

ബീഫ് കഴിക്കുന്ന ഒരാൾ എങ്ങനെ രാമൻ വേഷം ചെയ്യും എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ചോദിക്കുന്നത്.

dot image

റെക്കാലമായി ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ എന്ന ടാഗ് ലൈനോടെയാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി രൺബീർ കപൂറിനെതിരെ ഹേറ്റ് ക്യാമ്പയിൻ നടക്കുകയാണ്.

'രാമായണയില്‍' രാമനായി രൺബീർ എത്തുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ചിലർ രംഗത്തെത്തിയിരുന്നു. നേരത്തെ രൺബീർ ഒരു അഭിമുഖത്തിൽ താൻ ബീഫ് കഴിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് വിമർശനങ്ങൾ എത്തുന്നത്. മാംസം കഴിക്കുന്ന ഒരാൾ എങ്ങനെ രാമൻ വേഷം ചെയ്യും എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ചോദിക്കുന്നത്.

ഇപ്പോഴിതാ രാമായണ വിവാദത്തില്‍ രൺബീർ കപൂറിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക ചിൻമയി. 'ദൈവത്തിന്റെ പേര് ഉപയോഗിക്കുന്ന ബാബാജിമാര്‍ക്ക് റേപ്പിസ്റ്റുകളാകാം, ഭക്ത ഇന്ത്യയില്‍ വോട്ടിന് വേണ്ടിപരോള്‍ അനുവദിക്കാം, എന്നിരുന്നാലും ഒരാള്‍ കഴിക്കുന്ന ഭക്ഷണമാണ് വലിയ പ്രശ്നം' എന്നാണ് ഒരു വിമര്‍ശന പോസ്റ്റ് പങ്കുവച്ച് ചിന്മയി നൽകിയിരിക്കുന്ന മറുപടി. പോസ്റ്റിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നേരത്തെ സായ് പല്ലവിക്കെതിരെയും ഇത്തരത്തിൽ വിമർശങ്ങൾ ഉയർന്നിരുന്നു. സായ് പല്ലവി സീതയാകാന്‍ അനുയോജ്യയല്ല എന്നാണ് പ്രധാന വിമർശനം. സിനിമ പ്രഖ്യാപിച്ച സമയത്ത് തന്നെ കാസ്റ്റിങ്ങിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു.

അതേസമയം, രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂര്‍പ്പണഖയുമായി അഭിനയിക്കും. ബോബി ഡിയോൾ കുംഭകർണനായേക്കും എന്നും സൂചനകളുണ്ട്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 835 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.

Content Highlights:  Singer Chinmayi supports Ranbir Kapoor in Ramayana controversy

dot image
To advertise here,contact us
dot image