
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയിച്ചതോടെ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. വിദേശത്ത് ടെസ്റ്റ് മത്സരം വിജയിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ ക്യാപ്റ്റനായിരിക്കുകയാണ് ഗിൽ. ഈ നേട്ടത്തിൽ ഇന്ത്യൻ മുൻ നായകൻ സുനിൽ ഗവാസ്കറിനെയാണ് ഗിൽ മറികടന്നത്. 25 വർഷവും 301 ദിവസവും പ്രായമുള്ളപ്പോഴാണ് ഗില്ലിന്റെ വിജയം. വിദേശ മണ്ണിൽ ആദ്യ ടെസ്റ്റ് വിജയിക്കുമ്പോൾ ഗവാസ്കറിന് പ്രായം 26 വയസും 202 ദിവസവുമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ വിജയമാണ് ശുഭ്മൻ ഗില്ലിന്റെ ഇന്ത്യൻ ടീം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. 269 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചുള്ളു. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് നേടിയ ആകാശ് ദീപുമാണ് ഇംഗ്ലണ്ടിനെ തകർത്തത്.
180 റൺസിന്റെ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങി. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിലും നിർണായക പ്രകടനം നടത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 161 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 271 റൺസിൽ എല്ലാവരും പുറത്തായി. ആകാശ് ദീപ് ഇന്ത്യയ്ക്കായി ആറ് വിക്കറ്റ് വീഴ്ത്തി. ശുഭ്മൻ ഗില്ലാണ് മത്സരത്തിലെ താരം.
Content Highlights: Shubman Gill becomes the youngest Indian captain to win a Test overseas