

ഭക്ഷ്യമാലിന്യം ഇനി വലിച്ചെറിയാനുള്ളതല്ല. വേസ്റ്റ് ഫുഡിനെ ജെറ്റ് ഇന്ധനമാക്കി മാറ്റുന്ന വിപ്ലവകരമായ കണ്ടുപിടുത്തവുമായി ഇല്ലിനോയിസ് സര്‍വകലാശാലയിലെ അര്‍ബന്‍ ഷാമ്പെയ്നിലെ ഗവേഷകര്‍. ഫോസില്‍ ഇന്ധനങ്ങളുമായി കലര്‍ത്താതെ സുസ്ഥിര വ്യോമയാന ഇന്ധനം (SAF) ഉത്പാദിപ്പിക്കുന്ന ഒരു കണ്ടുപിടുത്തമാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്.
2050 ഓടെ നെറ്റ്-സീറോ കാര്‍ബണ്‍ ഉദ്വമനം എന്ന വ്യോമയാനത്തിന്റെ ലക്ഷ്യം കൈവരിക്കാന്‍ ഈ കണ്ടുപിടുത്തം സഹാകമാകുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേർണലില്‍ പറയുന്നു. ഈ കണ്ടുപിടുത്തം വ്യവസായ മേഖലയുടെയും അടുത്ത ഘട്ടം എന്ന രീതിയില്‍ കാണാന്‍ സാധിക്കുമെന്ന് സര്‍വകലാശാലയിലെ കാര്‍ഷിക, ജൈവ എഞ്ചിനീയറിംഗ് പ്രൊഫസറായ യുവാന്‍ഹുയി ഷാങ് വിശദീകരിച്ചു. SAF ഉല്‍പ്പാദിപ്പിക്കുന്നതിനായി മറ്റ് തരത്തിലുള്ള എണ്ണകളിലും ഈ സാങ്കേതികവിദ്യ പ്രയോഗിക്കാമെന്നും പ്ലാസ്റ്റിക്കുകളില്‍ ഉപയോഗിക്കുന്ന പെട്രോളിയം അധിഷ്ഠിത സംയുക്തങ്ങള്‍ക്ക് ഇതൊരു ബദലാണെന്നും അദ്ദേഹം പറഞ്ഞു. ഈ കണ്ടുപിടുത്തം ബിസിനസ് അവസരങ്ങള്‍ക്കും സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജൈവ മാലിന്യങ്ങളെ അസംസ്‌കൃത എണ്ണയാക്കി മാറ്റുന്ന തെര്‍മോകെമിക്കല്‍ പ്രക്രിയയായ ഹൈഡ്രോതെര്‍മല്‍ ദ്രവീകരണം (HTL) അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണ്ടുപിടുത്തം. ഈ 'ബയോക്രൂഡ്' പിന്നീട് ഹൈഡ്രജനും കാറ്റലിസ്റ്റുകളും ഉപയോഗിച്ച് ശുദ്ധീകരിച്ച് നൈട്രജന്‍, ഓക്‌സിജന്‍, സള്‍ഫര്‍ തുടങ്ങിയ മൂലകങ്ങള്‍ നീക്കം ചെയ്ത് ജെറ്റ് ഇന്ധനമാക്കി മാറ്റുകയാണെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
വലിയ തോതിലുള്ള മാലിന്യങ്ങളെ ഉയര്‍ന്ന നിലവാരമുള്ള ജെറ്റ് ഇന്ധനമാക്കി മാറ്റുന്നതിലൂടെ സുസ്ഥിരമായ വിമാന യാത്രയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഈ കണ്ടെത്തല്‍ കണക്കാക്കപ്പെടുന്നു. ലബോറട്ടറി തലത്തില്‍ ഈ സാങ്കേതികവിദ്യ സാധൂകരിക്കപ്പെട്ടിട്ടുണ്ടെന്നും വാണിജ്യ ഉല്‍പ്പാദനത്തിനായി ഇത് ഉപകാരപ്പെടുമെന്നും ഗവേഷണ സംഘം പറയുന്നു.
Content Highlights: Scientists Make Sustainable Aviation Fuel A Reality from waste food