കോർപ്പറേഷനുകൾ പിടിക്കാൻ കോൺഗ്രസ്; ഏകോപനത്തിന് മുതിർന്ന നേതാക്കൾക്ക് ചുമതല; കെ സുധാകരൻ അടക്കം കളത്തിലിറങ്ങും

കൊച്ചിയുടെ ചുമതല പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. കോഴിക്കോടിൻ്റെ ചുമതല നൽകിയിരിക്കുന്നത് രമേശ് ചെന്നിത്തലയ്ക്കാണ്

കോർപ്പറേഷനുകൾ പിടിക്കാൻ കോൺഗ്രസ്; ഏകോപനത്തിന് മുതിർന്ന നേതാക്കൾക്ക് ചുമതല; കെ സുധാകരൻ അടക്കം കളത്തിലിറങ്ങും
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയപ്പടി കയറാൻ അരയും തലയും മുറുക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് ഏകോപനത്തിന് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി. കോർപ്പറേഷനുകൾ പിടിക്കാൻ പുത്തൻ തന്ത്രങ്ങളാണ് കോൺഗ്രസ് മെനയുന്നത്. തൃശൂർ, കൊച്ചി കോർപ്പറേഷനുകൾ പിടിക്കാൻ മുതിർന്ന നേതാക്കൾ കളത്തിലിറങ്ങും അവർ മേയർ സ്ഥാനാർത്ഥികളാകും. കോഴിക്കോട് കോർപ്പറേഷനിൽ വിജയ സാധ്യതയെന്നാണ് വിലയിരുത്തൽ. അതേസമയം ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടേറിയ ചർച്ചാവിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം. വിഷയം പരമാവധി ആളകുകളിലേക്ക് എത്തിക്കാനാണ് തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. നിലവിലെ സാഹചര്യങ്ങൾ വിജയത്തിന് അനുകൂലമാണെന്നാണ് കെപിസിസി യോഗത്തിന്റെ വിലയിരുത്തൽ. തിരുവനന്തപുരത്ത് കെ മുരളീധരൻ, കൊല്ലത്ത് പി സി വിഷ്ണുനാഥ്, കൊച്ചിയിൽ വി ഡി സതീശൻ, കോഴിക്കോട് രമേശ് ചെന്നിത്തല, കണ്ണൂരിൽ കെ സുധാകരൻ, തൃശൂരിൽ റോജി എം ജോൺ എന്നിങ്ങനെയാണ് ചുമതല നൽകിയിരിക്കുന്നത്.

എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ശബരിനാഥൻ കവടിയാര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കും. സ്വന്തം വീടുള്ള ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. വീണ എസ് നായരെ വഴുതക്കാട് ഡിവിഷനില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. എം എസ് അനില്‍ കുമാറിനെ കഴക്കൂട്ടത്തും രംഗത്തിറക്കും. 36 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഡിസിസി നേതൃത്വം തയ്യാറാക്കി കഴിഞ്ഞു.

Content Highlights: Senior leaders tasked with election coordination in congress

dot image
To advertise here,contact us
dot image