ആദ്യ ഡേറ്റിൽ തന്നെ യുവതി കഴിച്ചത് 7000 രൂപയുടെ ഭക്ഷണം; തട്ടിപ്പ് മനസിലായതോടെ തിരിച്ചുപറ്റിച്ച് യുവാവ്

ഡൽഹിയിൽ ഒരു യുവാവ്, അങ്ങനെ തന്നെ പറ്റിക്കാൻ ശ്രമിച്ച പെൺകുട്ടിയെത്തന്നെ പറ്റിച്ചുകടന്നുകളഞ്ഞു !

ആദ്യ ഡേറ്റിൽ തന്നെ യുവതി കഴിച്ചത് 7000 രൂപയുടെ ഭക്ഷണം; തട്ടിപ്പ് മനസിലായതോടെ തിരിച്ചുപറ്റിച്ച് യുവാവ്
dot image

മനുഷ്യന്മാരെ പറ്റിക്കാൻ ആളുകൾ പലവഴി പയറ്റുന്ന കാലമാണിത്. എല്ലാ മേഖലയിലും വഞ്ചനയുടെ പലരൂപങ്ങള്‍ കാണാം. അതിൽത്തന്നെ അത്രയാരും പറഞ്ഞുകേട്ടിട്ടില്ലാത്ത തട്ടിപ്പാണ് ഡേറ്റിങ് ആപ്പ് തട്ടിപ്പുകളെ കുറിച്ച് . ഡേറ്റിങ്ങിനായി യുവതികൾ യുവാക്കളെ അവർ ആവശ്യപ്പെടുന്ന റെസ്റ്റോറന്റിലേക്ക് വിളിച്ചുവരുത്തുകയും, മൂക്കുമുട്ടെ ഭക്ഷണം കഴിച്ച ശേഷം മുങ്ങുകയും ചെയ്യുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. പലയിടത്തും ഇങ്ങനെ നടന്നിട്ടുണ്ട്. എന്നാൽ ഡൽഹി സ്വദേശിയായ ഒരു യുവാവ്, ഇത്തരത്തില്‍ തന്നെ പറ്റിക്കാൻ ശ്രമിച്ച പെൺകുട്ടിയെത്തന്നെ പറ്റിച്ചുകടന്നുകളഞ്ഞിരിക്കുകയാണ് !

സംഭവം ഇങ്ങനെ, ഡേറ്റിങ് ആപ്പ് വഴി പരിചയത്തിലായ യുവതിയുമായി യുവാവ് ഒരു കഫെയിൽ കണ്ടുമുട്ടാൻ തീരുമാനിച്ചു. പഞ്ചാബി ബാഗ് മേഖലയിലെ ഒരു കഫേയിലാണ് ഇരുവരും കാണാൻ പദ്ധതിയിട്ടത്. കഫെയിലെത്തിയ യുവതിയെ കണ്ടപ്പോൾത്തന്നെ യുവാവിന് ഒരു സംശയം തോന്നി. പ്രൊഫൈൽ പിക്കിൽ കണ്ട ആളല്ല വന്നിരിക്കുന്നത്. അപ്പോൾത്തന്നെ യുവാവ് മനസ്സിൽ ഇതൊരു ട്രാപ്പ് ആണെന്ന് മനസിലാക്കി.

കഫെയിലിരുന്ന് ഭക്ഷണത്തിന് ഓർഡർ കൊടുക്കുമ്പോഴും ആകെ വശപ്പിശക് ! ഹുക്കാ, സ്പ്രിങ് റോൾ, ഷേക്ക് അങ്ങനെത്തുടങ്ങി എല്ലാം യുവതി ഓർഡർ ചെയ്തു. അങ്ങനെ ബിൽ തുക 7000 എത്തിയപ്പോൾ യുവാവ് ഇതൊരു ചതിയാണെന്ന് ഉറപ്പിച്ചു.

പിന്നീട് അവിടെനിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് യുവാവ് നോക്കിയത്. അതിനായി തനിക്ക് ഒരു ഫോൺ ചെയ്യാനുണ്ടെന്ന് പറഞ്ഞ് യുവാവ് പുറത്തേക്കിറങ്ങി. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു. ഒരു കിലോമീറ്ററോളം മാറി ഒരു റാപ്പിഡോ പിടിച്ചാണ് യുവാവ് പിന്നീട് വീടെത്തിയത്. റെഡ്ഡിറ്റിലാണ് യുവാവ് തന്‍റെ അനുഭവം പങ്കുവച്ചത്.

നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇത്തരം തട്ടിപ്പുകൾ പതിവായെന്നും ഡേറ്റിങ്ങ് ആപ്പ് ഉപയോഗിക്കുന്നവർ അവയിൽ ജാഗ്രതയോടെ ഇടപെടണമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

നേരത്തെയും ഇത്തരത്തിലുള്ള ഡേറ്റിങ് തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. മുംബൈ സ്വദേശിയായ ഒരു യുവാവാണ് തട്ടിപ്പിനിരയായത്. ഡേറ്റിങ് ആപ്പിലൂടെ ഈ യുവാവ് ഒരു യുവതിയുമായി പരിചയത്തിലായി. ഒരു ദിവസം ഇരുവരും പരസ്പരം കാണാൻ തീരുമാനിച്ചു. മുംബൈ നഗരമധ്യത്തിലെ പ്രശസ്‌തമായ ഒരു തടാകത്തിനരികെയായിരുന്നു ഇരുവരും ആദ്യം കാണാൻ തീരുമാനിച്ചത്. എന്നാൽ യുവാവിനോട് യുവതി ഒരു ബാറിലേക്ക് വരാൻ പറയുകയായിരുന്നു. പാബ്ലോ ബാർ ആൻഡ് ലോഞ്ച് എന്നയിടത്തേക്കാണ് യുവതി യുവാവിനെ കൊണ്ടുപോയത്. അവിടെവെച്ച് വിലകൂടിയ മദ്യം യുവതി ഓർഡർ ചെയ്തുതുടങ്ങി. യുവാവാണെങ്കിൽ കാര്യമായി ഒന്നും കഴിച്ചതുമില്ല.

ബിൽ വന്നപ്പോളാണ് കാര്യത്തിന്റെ ഗൗരവം മാറിമറിഞ്ഞത്. 24,000 രൂപയായിരുന്നു ബിൽതുക. സർവീസ് ചാർജ് ആയി 2000 രൂപയും ഈടാക്കിയിരുന്നു. ഈ സമയം യുവാവിന്റെ കയ്യിൽ ആകെയുണ്ടായത് 2000 രൂപ മാത്രമായിരുന്നു. പണം തികയാതെ വന്നതോടെ എങ്ങനെയൊക്കെയോ യുവാവ് 10,000 രൂപ സംഘടിപ്പിച്ചുനൽകി.

എന്നാൽ പണം നൽകിക്കഴിഞ്ഞപ്പോൾ യുവതി എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകാമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അവർ കാര്യമായി സംസാരിക്കാൻ നിൽക്കാതെ സ്ഥലം വിട്ടു. അവിടെയുണ്ടായിരുന്ന മറ്റ് കസ്റ്റമേഴ്സും കാര്യമറിയാതെയാണ് വന്നിരിക്കുന്നത് എന്നും അവരും വഞ്ചിക്കപ്പെട്ടെന്നാണ് തനിക്ക് തോന്നുന്നത് എന്നും യുവാവ് പിന്നീട് തുറന്നുപറഞ്ഞിരുന്നു.

ഭക്ഷണശാലകളും യുവതികളും തമ്മിലുള്ള ഡീൽ ആയിരിക്കാം ഇതെന്നാണ് കരുതപ്പെടുന്നത്. എന്തുതന്നെയായാലും ഈ അനുഭവങ്ങൾ വായിക്കുന്നവർ ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തണം.

Content Highlights: man outsmarts woman scammer whom he knew through dating app, shares note

dot image
To advertise here,contact us
dot image