

സ്മാര്‍ട്ട് ഫോണിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് നമുക്ക് പല സ്ഥലങ്ങള്‍ കണ്ടുപിടിക്കാം, ഓണ്‍ലൈന്‍ ഡെലിവറികള്‍ ഹാക്ക് ചെയ്യാം, ഹോട്ടലുകള്‍ കണ്ടുപിടിക്കാം അല്ലേ? എന്നാല്‍ ഇതേ ജിപിഎസ് നിങ്ങളുടെ വവരങ്ങളെല്ലാം ചോര്‍ത്തുന്ന ചാരനാണെന്നറിയാമോ? . വ്യക്തി ഇരിക്കുകയാണോ, നില്‍ക്കുകയാണോ, ഒറ്റയ്ക്കാണോ അങ്ങനെ നിങ്ങളുടെ ഓരോ നീക്കവും അത് നിരീക്ഷിക്കുന്നുണ്ട്.കൃത്യമായി പറഞ്ഞാല്‍ നിങ്ങള്‍ എവിടെയാണെന്നുള്ള ലൊക്കേഷന് അപ്പുറമുള്ള വിവരങ്ങള്‍ ജിപിഎസ് ന് അറിയാന്‍ കഴിയുമെന്ന് സാരം.

ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി) യില്‍ നടത്തിയ പഠനം ഇക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ഐഐടി ഡല്‍ഹിയിലെ പ്രൊഫസര്‍ സ്മൃതി ആര്‍ സാരംഗിയുടെയും എംടെക് വിദ്യാര്‍ഥി സോഹം നാഗിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 'കൃത്യമായ ലൊക്കേഷന്‍' വിവരങ്ങള്‍ ഉപയോഗിച്ച്, നിങ്ങളുടെ ചുറ്റുപാടുകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള അതിശയിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുന്നതിന് ആപ്പുകള്‍ക്ക് GPS ഡാറ്റ ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രശസ്തമായ ACM ട്രാന്‍സാക്ഷന്‍സ് ഓണ്‍ സെന്‍സര്‍ നെറ്റ്വര്‍ക്കുകളില്‍ പ്രസിദ്ധീകരിച്ച അവരുടെ പഠനം കാണിക്കുന്നു.

ജിപിഎസ് സാധാരണയായി ഒരു വഴികാട്ടുന്ന ഉപകരണമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ പഠനം കാണിക്കുന്നത് ഉപഗ്രഹങ്ങളില്‍നിന്ന് നിങ്ങളുടെ ഫോണിന് ലഭിക്കുന്ന സിഗ്നലുകള്‍ നിങ്ങളുടെ ചുറ്റുമുള്ള വിവരങ്ങള്‍ കൂടി മനസിലാക്കുന്നു എന്നാണ്. ഡോപ്‌ളര്‍ ഷിഫ്റ്റുകള്‍, സിഗ്നല്‍ പവര്‍ എന്നീ സൂക്ഷ്മമായ സവിശേഷിത ഉപയോഗിച്ച് ഒരു വ്യക്തി ഇരിക്കുകയാണോ നില്‍ക്കുകയാണോ, കിടക്കുകയാണോ എന്നൊക്കെ അറിയാന്‍ കഴിയും. മെട്രോയില്‍ യാത്രചെയ്യുകയാണോ അതോ ബസിലാണോ തിരക്കുള്ള ഏതെങ്കിലും മാളിലാണോ, വ്യക്തി ഉള്ളിടത്ത് എത്ര മുറികളുണ്ട്, എത്ര പടികളുണ്ട്. ലിഫ്റ്റുണ്ടോ അങ്ങനെ താമസ സ്ഥലത്തെയും വിവരങ്ങള്‍ ജിപിഎസ് പിടിച്ചെടുക്കും. ഫോണിനടുത്ത് നിന്ന് കൈവീശുന്ന ചലനങ്ങള്‍ പോലും അത് മനസിലാക്കും.

ആപ്പുകള്‍ക്ക് കൃത്യമായ ലൊക്കേഷന്‍ ആക്‌സസ് നല്‍കുന്നത് മിക്ക ഉപഭോക്താക്കളും ചെയ്യുന്ന കാര്യമാണ്. ഇത് പല പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉപയോക്താക്കളെക്കുറിച്ചുളള സൂക്ഷ്മ വിവരങ്ങള്‍ ശേഖരിക്കാന്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് ക്യാമറകളിലേക്കോ മൈക്രോഫോണുകളിലേക്കോ മോഷന്‍ സെന്‍സറുകളിലേക്കോ പോലും ആക്‌സസ് വേണ്ടെന്ന് പഠനം തെളിയിക്കുന്നു.ഇതൊക്കെ ഡിജിറ്റല്‍ സ്വകാര്യതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതുകൊണ്ട് ഓരോ സ്ഥലത്തേക്ക് ആപ്പുകള്‍ക്ക് ആക്‌സസ് നല്‍കുന്നതിന് മുന്‍പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.
Content Highlights :The GPS in your phone is a silent spy; it closely monitors your every move.