

ഓരോ വർഷവും ഐഫോണിന്റെ പുത്തൻ സീരിസിനായി കാത്തിരുന്നു നല്ലൊരു തുക ചിലവാക്കി അത് സ്വന്തമാക്കുന്നവർ കേട്ടാല്‍ സംശയം ജനിപ്പിക്കുന്ന ഒരു റിപ്പോർട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. യൂസർമാരുടെ സുരക്ഷയുടെ കാര്യത്തിൽ ഒരടി മുന്നിലാണ് ആൻഡ്രോയിഡ് എന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. സ്‌കാമുകളിൽ നിന്നും യൂസേഴ്‌സിനെ സംരക്ഷിക്കുന്ന എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനം കൂടുതൽ കാര്യക്ഷമം ആൻഡ്രോയിഡിലാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഇതിനെ പിന്തുണയ്ക്കുന്ന പഠന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
സൈബർ സെക്യൂരിറ്റി അവയർനെസ് മാസത്തിന്റെ അവസാന ഘട്ടത്തിലാണ് ബില്യൺ കണക്കിന് സ്‌കാം കോളുകളും സന്ദേശങ്ങളുമാണ് ആൻഡ്രോയ്ഡ് ഫോണുകൾ ബ്ലോക്ക് ചെയ്യുന്നതെന്ന വിവരം ഗൂഗിൾ പുറത്ത് വിട്ടത്. ആഗോളതലത്തിൽ എഐ ഉപയോഗിച്ച് വ്യാജ കോളുകളും സന്ദേശങ്ങളും സൃഷ്ടിച്ച് വിശ്വാസ്യത നേടിയെടുത്ത് നടപ്പിലാക്കുന്ന ഓൺലൈൻ തട്ടിപ്പുകളിൽ 400ബില്യൺ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
ഇത്തരം ഭീഷണികളെ യൂസർമാരിലെത്തുന്നതിന് മുമ്പ് തന്നെ തടയാനുള്ള സംവിധാനവുമായാണ് തങ്ങളുടെ ടൂളുകൾ നിർമിക്കുന്നതെന്നാണ് ഗൂഗിൾ പറയുന്നത്. മാത്രമല്ല റിച്ച് കമ്മ്യൂണിക്കേഷൻ സർവീസിൽ സുരക്ഷാ പരിശോധനകൾ നടത്തി കഴിഞ്ഞമാസം മാത്രം സംശയകരമായ 100 മില്യണോളം നമ്പറുകളാണ് ബ്ലോക്ക് ചെയ്തതെന്നും ഗൂഗിൾ അവകാശപ്പെടുന്നു. ഇന്ത്യ, അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിലുള്ള ആൻഡ്രോയിഡ് യൂസേഴ്‌സിൽ നിന്നും ലഭിച്ച ഫീഡ്ബാക്കുകളെ അടിസ്ഥാനമാക്കി, തങ്ങളുടെ ഫോണിന്റെ സുരക്ഷിൽ വലിയ ആത്മവിശ്വാസമാണ് ഉപഭോക്താക്കള്‍ പ്രകടിപ്പിച്ചതെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു. പിക്‌സൽ യൂസേഴ്‌സുമായി താരതമ്യം ചെയ്യുമ്പോൾ, ഐഫോൺ യൂസേഴ്‌സ് 136%ത്തിലധികം സ്‌കാം മെസേജുകൾ ഒരാഴ്ച മാത്രം ലഭിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.
നിരവധി ഗവേഷകരും ഈ റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നുണ്ട്. കൗണ്ടർ പോയിന്റെ റിസർച്ച് നടത്തിയ പഠനത്തിൽ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപകരണങ്ങൾ പ്രത്യേകിച്ച് സാംസങ്, മോട്ടോറോള എന്നിവയിൽ ഐഫോണിനെക്കാൾ മികച്ച എഐ അടിസ്ഥാനമായ സംരക്ഷണ സംവിധാനങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. പിക്‌സൽ 10 പ്രോയുടെ ആൻഡ്രോയിഡ് ഫോണുകൾ സ്‌കാം ഡിറ്റക്ഷൻ, കോൾ സ്‌ക്രീനിങ്, തട്ടിപ്പുകളുടെ മുന്നറിയിപ്പ് നൽകുക എന്നിവയിലെല്ലാം മികച്ചു നിൽക്കുന്നുവെന്ന് ലിവാതൻ സെക്യൂരിറ്റി ഗ്രൂപ്പിന്റെ അനാലിസിസിലും പറയുന്നുണ്ട്.
Content Highlights: Android phone users face onle fewer scams than iPhones says Google