


 
            യൂറോപ്പിൻ്റെ ചരിത്രം രാജവംശങ്ങളുടേത് കൂടിയാണ്. 1870ൽ രാജവാഴ്ച അവസാനിപ്പിച്ച് ഫ്രാൻസാണ് രാജകീയ പാരമ്പര്യത്തിൽ നിന്ന് പുറത്ത് കടന്ന് രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ആദ്യ രാജ്യം. പിന്നീട് 1917ലെ കമ്മ്യൂണിസ്റ്റ് വിപ്ലവം റഷ്യയിൽ സർ ചക്രവർത്തിമാരുടെ അടിവേരിളക്കി. ഇതിനടിയിൽ രാജാധികാരം നിലനിർത്താൻ ഫ്രാൻസിൽ ഗില്ലറ്റുകളും റഷ്യയിൽ ഫയറിംഗ് സ്ക്വാഡുകളും പഠിച്ചപണി പതിനെട്ടും നോക്കിയിരുന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച ഒരു ജനതയായിരുന്നു ഇവിടങ്ങളിലെല്ലാം രാജാധികാരത്തിൻ്റെ അടിവേരറുത്തത്.
എന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബ്രിട്ടീഷ് രാജവംശം ഇപ്പോഴും നിയന്ത്രിതമായ അധികാരത്തോടെ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ബ്രിട്ടീഷ് രാജവംശത്തിൻ്റെ കീർത്തി മുദ്രയായി കണക്കാക്കിയിരുന്ന സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്ന വിശേഷണം 20-ാം നൂറ്റാണ്ടിൻ്റെ പകുതിയോടെ തീരെ ദുർബലപ്പെട്ടിരുന്നു. ബ്രിട്ടൻ കോളനിയാക്കി വെച്ചിരുന്ന ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ജനാധിപത്യത്തിൻ്റെ വഴിയേ നടന്ന് റിപ്പബ്ലിക്കുകളായി. ഇതിന് പിന്നാലെ ബ്രിട്ടീഷ് കോമൺവെൽത്ത് എന്ന സംവിധാനം പോലും ദുർബലമായി. അപ്പോഴും ബ്രിട്ടനിലെ ഭരണക്രമത്തിൽ ബ്രിട്ടീഷ് രാജവംശത്തിൻ്റെ അടയാളങ്ങൾ രാജ്യത്തിൻ്റെ ജനാധിപത്യ രീതികളുമായി ചേർന്ന് തന്നെ മുന്നോട്ട് പോയി. ഫ്രാൻസിലോ, റഷ്യയിലോ അധികാരം നിലനിർത്താൻ രാജവംശങ്ങൾ സ്വീകരിച്ച മാർഗ്ഗങ്ങളെ പിന്തുടർന്നില്ല എന്നത് തന്നെയാണ് ബ്രിട്ടീഷ് രാജവംശത്തിൻ്റെ നിലനിൽപ്പിൻ്റെ അടിസ്ഥാനമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഏറ്റവും ഒടുവിൽ ആൻഡ്രൂ രാജകുമാരൻ്റെ രാജപദവികൾ ഒഴിവാക്കാനുള്ള രാജകുടുംബത്തിൻ്റെ തീരുമാനം ജനങ്ങളെ അറിയിച്ച രീതി ഇതിൻ്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

രാജാധികാരം ദൈവികമല്ല, ജനകീയമാണ് എന്നൊരു പ്രതീതി കഴിഞ്ഞ അരനൂറ്റാണ്ടായി ഏറ്റവും പ്രകടമായി ബ്രിട്ടീഷ് രാജവംശം സൃഷ്ടിക്കുന്നുണ്ട്. പത്രക്കുറിപ്പിലൂടെ ആൻഡ്രൂവിൻ്റെ രാജപദവി റദ്ദുചെയ്തു എന്ന് രാജകുടുംബം ലോകത്തെ അറിയിക്കുമ്പോൾ ഇത്തരം ഒരു പ്രതീതി നിർമ്മാണം കൂടിയാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്. ബ്രിട്ടനിൽ ഇനിയെന്തിനാണ് രാജപദവിയെന്ന അടുത്തകാലത്ത് വീണ്ടും ശക്തിയാർജ്ജിച്ച ചോദ്യങ്ങളുടെ മൂർച്ച കുറയ്ക്കാൻ രാജകുടുംബം പാലിക്കുന്ന രീതികളുടെ ഉദാഹരണം കൂടിയാകുന്നുണ്ട് ആൻഡ്രൂ വിഷയം കൈകാര്യം ചെയ്ത രീതി.
2025 ഒക്ടോബർ 30നായിരുന്നു ആൻഡ്രൂ രാജകുമാരന്റെ പദവികൾ, ബഹുമതികൾ പ്രവിലേജുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക പ്രക്രിയ ആരംഭിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചത്. ആൻഡ്രൂ ആൽബർട്ട് ക്രിസ്റ്റ്യൻ എഡ്വേർഡ് ഇനി 'ഹിസ് റോയൽ ഹൈനസ്' അല്ലെങ്കിൽ 'ആൻഡ്രൂ രാജകുമാരൻ' അല്ലായെന്ന് രാജകുടുംബം പ്രഖ്യാപിച്ചു. ഇനി മുതൽ ആൻഡ്രുവിൻ്റെ പേരിനൊപ്പം ചേർക്കുക മൗണ്ട്ബാറ്റൺ-വിൻഡ്‌സർ എന്നായിരിക്കും. പുതിയ തീരുമാനത്തോടെ വിൻഡ്‌സറിലെ 30 മുറികളുള്ള രാജകീയ കൊട്ടാരത്തിൽ നിന്ന് ആൻഡ്രൂ പുറത്തായിരിക്കുകയാണ്. സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ രാജകുടുംബത്തിൻ്റെ സ്വകാര്യ സ്ഥലത്തായിരിക്കും ആൻഡ്രൂവിനെ പുനരധിവസിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് മാനദണ്ഡങ്ങൾക്കനുസരിച്ച് രാജകീയ പ്രവാസമാകും ആൻഡ്രൂവിന് ഒരുക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

ഒരു നൂറ്റാണ്ടിലേറെ മുമ്പ്, ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് എതിർ ഭാഗത്ത് ചേർന്ന് പോരാടിയതിന് 1919-ൽ രാജകുമാരൻ ഏണസ്റ്റ് അഗസ്റ്റസിന്റെയും ചാൾസ് എഡ്വേർഡ് രാജകുമാരന്റെയും രാജകീയ പദവികൾ ബ്രിട്ടൺ ബലമായി നീക്കം ചെയ്തിരുന്നു. അന്ന് അതിനായി പാർലമെന്റ് ടൈറ്റിൽസ് ഡിപ്രിവേഷൻ ആക്റ്റ് 1917 പാസാക്കുകയായിരുന്നു. ഒരു സാധാരണക്കാരനെ വിവാഹം കഴിക്കുന്നതിനായി കൊണാട്ടിലെ രാജകുമാരി പട്രീഷ്യ 1919ൽ തൻ്റെ രാജകീയ പദവി സ്വമേധയാ ഉപേക്ഷിച്ചിരുന്നു. വാലിസ് സിംപ്‌സണെ വിവാഹം കഴിക്കാനായി 1936ൽ എഡ്വേർഡ് എട്ടാമൻ രാജസിംഹാസനം ഒഴിഞ്ഞു. അപ്പോൾ പോലും ഉദ്യോഗസ്ഥ സംവിധാനത്തിലൂടെയായിരുന്നു ബ്രിട്ടൻ ഈ സാഹചര്യത്തെ മറികടന്നത്. ഇതിനായി പാർലമെന്റ് സ്ഥാനത്യാഗ നിയമം പാസാക്കി. പിന്നീട് രാജാവായി ചുമതലയേറ്റ ജോർജ്ജ് ആറാമൻ ഉടൻ തന്നെ സ്ഥാനമൊഴിഞ്ഞ സഹോദരനെ വിൻഡ്‌സർ ഡ്യൂക്ക് ആക്കി നിയോഗിച്ചു. പിന്നീട് വാലിസിന് ഹെർ റോയൽ ഹൈനസ് പദവി നിഷേധിച്ചിരുന്നു.
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനും ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരനുമാണ് ആൻഡ്രൂ. സാറാ ഫെർഗൂസണാണ് ആൻഡ്രൂവിൻ്റെ ഭാര്യ. രാജകുമാരിമാരായ ബിയാട്രിസ്, യൂജെനി എന്നിവരാണ് ആൻഡ്രൂവിൻ്റെ മക്കൾ. 22 വർഷം ബ്രിട്ടീഷ് റോയൽ നേവിയിൽ സേവനമനുഷ്ഠിച്ച ആൻഡ്രൂ 1982 ലെ ഫോക്ക്‌ലാൻഡ്സ് യുദ്ധത്തിൽ ഹെലികോപ്റ്റർ പൈലറ്റായും സേവനം അനുഷ്ഠിച്ചു. പിന്നീട് എച്ച്എംഎസ് കോട്ട്‌സ്‌മോർ എന്ന ഖനി പ്രതിരോധ കപ്പലിന്റെ കമാൻഡറായി. 2019 പൊതു ചുമതലകളിൽ നിന്ന് പിന്മാറിയതോടെ സൈനിക ചുമതലകളിൽ നിന്ന് ആൻഡ്രൂ നീക്കം ചെയ്യപ്പെട്ടു.
ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ പേര് ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവാദമാണ് ആൻഡ്രൂവിൻ്റെ രാജകീയ പദവികൾ എടുത്ത് മാറ്റുന്നതിലേയ്ക്ക് വഴിവെച്ചത്. എപ്സ്റ്റീന്റെ ഇരകളിലൊരാളായ വിർജീനിയ റോബർട്ട്സ് ഗിയുഫ്രെ അടുത്തിടെ പുറത്തിറങ്ങിയ അവരുടെ ഓർമ്മക്കുറിപ്പിൽ ആൻഡ്രൂവിനെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ വീണ്ടും ആവർത്തിച്ചിരുന്നു. ഇതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേയ്ക്ക് രാജകുടുംബത്തെ എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആൻഡ്രൂ തന്നെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗിയുഫ്രെ 2021 ഓഗസ്റ്റിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് 17 വയസ്സുള്ളപ്പോൾ രണ്ടുതവണ ആൻഡ്രൂ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. 2022 ഫെബ്രുവരിയിൽ ഗിയുഫ്രെയുടെയും ആൻഡ്രൂവിന്റെയും അഭിഭാഷകർ അമേരിക്കൻ കോടതിയിൽ സമർപ്പിച്ച സംയുക്ത സത്യവാങ്മൂലത്തിൽ ഇരുപക്ഷവും അവരുടെ സിവിൽ കേസിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയതായി അറിയിച്ചിരുന്നു. കുറ്റങ്ങൾ സമ്മതിക്കാതെ തന്നെ ഒരു ഒത്തുതീർപ്പ് തുക നൽകി ആൻഡ്രൂ കേസുകൾ അവസാനിപ്പിച്ചു എന്നായിരുന്നു റിപ്പോർട്ട്. ഒത്തുതീർപ്പ് തുക 12 മില്യൺ ഡോളറിന് മുകളിലായിരുന്നു എന്നാണ് AFP റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച നോബഡീസ് ഗേൾ എന്ന തന്റെ ഓർമ്മക്കുറിപ്പിൽ ഗിയുഫ്രെ നടത്തിയ വെളിപ്പെടുത്തലാണ് ആൻഡ്രൂവിന് വിനയായത്. എപ്സ്റ്റീൻ തന്നെ കടത്തിക്കൊണ്ടുപോയി ആൻഡ്രൂവുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്ന് ഗിയുഫ്രെ ഓർമ്മക്കുറിപ്പിൽ എഴുതിയത്.
വേശ്യാവൃത്തിക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വാങ്ങിയതിന് എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2008ൽ 18 മാസം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽവെച്ച് ആൻഡ്രൂ എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്ത് വന്നു. അന്തരിച്ച ധനകാര്യ വിദഗ്ദ്ധന്റെ അന്നത്തെ കാമുകി ഗിസ്ലെയ്ൻ മാക്സ്വെൽ വഴിയാണ് ആൻഡ്രൂ ആദ്യമായി 1999 ൽ എപ്സ്റ്റീനെ കണ്ടുമുട്ടിയതെന്നായിരുന്നു റിപ്പോർട്ടുകൾ. 2011 ഫെബ്രുവരിയിൽ ആൻഡ്രൂ എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഇമെയിൽ 'ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തിൽ നിന്ന്' എപ്സ്റ്റീന് അയച്ചതായി ഈ വർഷം ആദ്യം പരസ്യമാക്കിയ യുകെ കോടതി രേഖകളിൽ ഉണ്ടായിരുന്നു. എപ്സ്റ്റീന്‍ രേഖകളിൽ ആൻഡ്രൂവിൻ്റെ പേരുണ്ടെന്ന നിലയിലുള്ള വാർത്തകളും കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.
ആൻഡ്രൂ രാജകുമാരൻ ന്യൂജേഴ്‌സിയിലെ ടെറ്റർബോറോയിൽ നിന്ന് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് 2000 മെയ് 12 ന് എപ്‌സ്റ്റീനും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനും ഒപ്പം യാത്ര ചെയ്തു എന്നാണ് ഒരു ഫ്ലൈറ്റ് മാനിഫെസ്റ്റ് രേഖയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നത്. എപ്‌സ്റ്റീനൊപ്പം മാക്‌സ്‌വെല്ലിനെയും പെൺകുട്ടികളെ ലൈംഗിക വൃത്തിക്കായി കടത്താൻ ഗൂഢാലോചന നടത്തിയതിൽ കുറ്റക്കാരിയാണെന്ന് 2021ൽ കണ്ടെത്തിയിരുന്നു. 2000 ഫെബ്രുവരിയിലും മെയ് മാസത്തിലും "ആൻഡ്രൂ"വിൻ്റെ മസാജുകൾക്ക് വേണ്ടി പണമടച്ചതിൻ്റെ രണ്ട് പരാമർശങ്ങൾ വ്യാപകമായി എഡിറ്റ് ചെയ്ത ഒരു ലെഡ്ജറിൽ ഉണ്ടെന്നും ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ലെഡ്ജറിൽ പരാമർശിച്ചിരിക്കുന്ന "ആൻഡ്രൂ" ആരാണെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കൊട്ടാര രേഖകളിലും പഴയ ഫോട്ടോകളിലും അക്കാലത്തെ വാർത്താ വിവരണങ്ങളിലും ആൻഡ്രൂ രാജകുമാരൻ യുഎസ് സന്ദർശിച്ചതായി കാണിച്ചിരിക്കുന്ന സമയത്തിനോട് സമാനമാണ് പുറത്ത് വന്നിരിക്കുന്ന രേഖകളിൽ പറഞ്ഞിരിക്കുന്ന സമയവും എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ബക്കിങ്ങാം കൊട്ടാരത്തിൻ്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവന പ്രകാരം നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ചിൽഡ്രന്റെ ഒരു വിരുന്നിൽ പങ്കെടുക്കാൻ ആൻഡ്രൂ രാജകുമാരൻ 2000 മെയ് 11ന് ന്യൂയോർക്കിലേക്ക് പോയിരുന്നുവെന്ന് വ്യക്തമാണ്. മെയ് 15-ന് ആൻഡ്രൂ ബ്രിട്ടനിൽ തിരിച്ചെത്തിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ പിൻഗാമികളായ പുരുഷന്മാർക്കോ അവിവാഹിതരായ സ്ത്രീകൾക്കോ ഒരു കുടുംബപ്പേര് ഉപയോഗിക്കേണ്ടിവരുമ്പോൾ മൗണ്ട്ബാറ്റൺ-വിൻഡ്‌സർ എന്ന് ഉപയോഗിക്കണമെന്നാണ് രാജകുടുംബത്തിന്റെ വെബ്‌സൈറ്റ് പറയുന്നത്. സാധാരണ നിലയിൽ "ഹിസ് റോയൽ ഹൈനസ്" പദവിയുള്ള രാജകുമാരനോ രാജകുമാരിക്കോ പേരിനൊപ്പം കുടുംബപ്പേര് ചേർക്കേണ്ടതായി വരാറില്ല. എന്നാൽ അവരിൽ ആർക്കെങ്കിലും ഒരു കുടുംബപ്പേര് ആവശ്യമുണ്ടെങ്കിൽ (വിവാഹസമയം പോലെയുള്ള സന്ദർഭങ്ങളിൽ),ആ കുടുംബപ്പേര് മൗണ്ട്ബാറ്റൺ-വിൻഡ്‌സർ എന്നായിരിക്കുമെന്നും രാജകുടുംബത്തിൻ്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. ഹാരി രാജകുമാരന്റെ കുട്ടികൾ ജനിച്ചപ്പോൾ രാജപദവിയില്ലാത്തതിനാൽ അവർ മൗണ്ട് ബാറ്റൺ-വിൻഡ്സർ എന്ന കുടുംബപ്പേര് ഉപയോഗിച്ചതും ശ്രദ്ധേയമായിരുന്നു.
യുകെയിലെ പേരിടൽ പാരമ്പര്യങ്ങൾ പിതൃധായകമായതിനാൽ ആ നിലയിൽ പേരുകൾ ഉപയോഗിക്കുന്നതും സാധാരണമാണ്. ചില രാജകുടുംബാംഗങ്ങൾ അവർക്ക് സ്വന്തമായ dukedomത്തിൻ്റെ പേര് കുടുംബപ്പേരായി ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. കുട്ടികളായിരുന്ന സമയത്ത് പ്രിൻസ് വില്യം, പ്രിൻസ് ഹാരി എന്നിവർ വെയിൽസ് എന്ന കുടുംബപ്പേരാണ് ഉപയോഗിച്ചിരുന്നത്. പ്രിൻസ് ഹാരി സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് ക്യാപ്റ്റൻ വെയിൽസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
മൗണ്ട്ബാറ്റൻ എന്ന് ചേർക്കാതെ വിൻഡ്‌സർ എന്ന് മാത്രം ചിലർ പേരിനൊപ്പം ഉപയോഗിക്കുന്നുണ്ട്. ജോർജ്ജ് അഞ്ചാമന്റെ പിൻഗാമികളായ എല്ലാ പുരുഷന്മാർക്കും അവിവാഹിതരായ സ്ത്രീകൾക്കും വിൻഡ്‌സർ എന്ന അവസാന നാമം ഉപയോഗിക്കാം. കെന്റ് രാജകുമാരന്റെ മകൻ ഫ്രെഡി, വിൻഡ്‌സർ എന്ന അവസാന നാമം ഉപയോഗിക്കുന്നുണ്ട്.
രാജകുടുംബത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് (രാജകീയ ഭവനത്തിന്റെ പേര് മാറ്റാതെ) തങ്ങളുടെ നേരിട്ടുള്ള പിൻഗാമികൾ വ്യത്യസ്തരാകണമെന്ന് രാജ്ഞിയും എഡിൻബർഗ് ഡ്യൂക്കും1960-ൽ തീരുമാനിച്ചു. അതിനാൽ ജോർജ്ജ് അഞ്ചാമന്റെ പിൻഗാമികളായ എല്ലാ പുരുഷന്മാരും അവിവാഹിതരായ സ്ത്രീകളും വിൻഡ്‌സർ എന്ന കുടുംബപ്പേരാണ് ഉപയോഗിക്കുന്നത് എന്നും രാജകുടുംബത്തിന്റെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. രാജ്ഞിയുടെ നേരിട്ടുള്ള പിൻഗാമികൾ മൗണ്ട്ബാറ്റൺ-വിൻഡ്‌സർ എന്നത് അവസാന നാമമായി ഉപയോഗിക്കുമെന്ന് പ്രിവി കൗൺസിൽ തീരുമാനിക്കുകയായിരുന്നു.
വിൻഡ്‌സർ രാജവംശത്തിന്റെ യഥാർത്ഥ പേര് സാക്‌സെ-കോബർഗ്-ഗോഥ എന്നായിരുന്നു. എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, എലിസബത്ത് രാജ്ഞിയുടെ മുത്തച്ഛനായ ജോർജ്ജ് അഞ്ചാമൻ രാജാവ് യുണൈറ്റഡ് കിംഗ്ഡത്തിലെ ജർമ്മൻ വിരുദ്ധ വികാരത്തെക്കുറിച്ച് ആശങ്കാകുലനായിരുന്നു. വിൻഡ്‌സർ കാസിലിന്റെ പേരിനെ അദ്ദേഹം ഹൗസ് ഓഫ് വിൻഡ്‌സർ എന്ന് മാറ്റി. അതിന് പിന്നാലെയാണ് രാജകുടുംബത്തിലെ അംഗങ്ങൾ വിൻഡ്‌സറിനെ ഒരു കുടുംബപ്പേരായി സ്വീകരിച്ചത്.
മൗണ്ട്ബാറ്റൺ വിൻഡ്‌സറിലെ "മൗണ്ട്ബാറ്റൺ" എന്ന ഭാഗം പ്രിൻസ് ഫിലിപ്പിൽ നിന്നാണ് വരുന്നത്. ഫിലിപ്പ് ഗ്രീസിലെയും ഡെൻമാർക്കിലെയും രാജകുമാരനായിരുന്നു. എന്നാൽ 1947-ൽ അദ്ദേഹം സ്വാഭാവിക ബ്രിട്ടീഷ് പൗരനായപ്പോൾ ആ സ്ഥാനപ്പേരുകൾ ഉപേക്ഷിക്കുകയും അമ്മയുടെ കുടുംബപ്പേരായ മൗണ്ട്ബാറ്റൺ എന്ന കുടുംബപ്പേര് സ്വീകരിക്കുകയുമായിരുന്നു.
Content Highlights: Who is Prince Andrew and why was he stripped of his royal titles
 
                        
                        