

കേരളത്തിലെ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രണ്ട് ട്രെയിനുകൾ ഇന്ന് മുതൽ പുതിയ സ്റ്റോപ്പുകളിൽ നിർത്തിത്തുടങ്ങി. പരശുറാം എക്സ്പ്രസ്സ്, എസ്എംവിടി ബെംഗളൂരു ഹംസഫർ എന്നിവയാണ് കേരളത്തിലെ പുതിയ സ്റ്റോപ്പുകളിൽ നിർത്തിത്തുടങ്ങിയത്. പരശുറാം വൈക്കം റോഡിലും ഹംസഫർ കായംകുളത്തുമാണ് ഇനി സ്റ്റോപ്പുകള്‍ ഉള്ളത്. ഇരുട്രെയിനുകൾക്കും വമ്പൻ സ്വീകരണമാണ് യാത്രക്കാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചേർന്ന് നൽകിയത്.
മംഗലാപുരത്തുനിന്നും കന്യാകുമാരി വരെ പോകുന്ന പരശുറാം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 2 .55നാണ് വൈക്കത്തെത്തിയത്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ ട്രെയിനിനെ സ്വീകരിച്ചു. കന്യാകുമാരി മംഗലാപുരം പരശുറാം എക്സ്പ്രസ്സ് നാളെ മുതൽക്കാണ് വൈക്കത്ത് നിർത്തിത്തുടങ്ങുക. രാവിലെ 9.49നാണ് ട്രെയിൻ വൈക്കത്തെത്തുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് പരശുറാം ഉപകാരപ്പെടും.
ബെംഗളൂരു യാത്രക്കാർ സ്ഥിരം ആശ്രയിക്കുന്ന ട്രെയിനാണ് ഹംസഫർ. വെള്ളി - ശനി ദിവസങ്ങൾ, വൈകുന്നേരം 6.05നാണ് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുക. കായംകുളത്ത് 7 .42നാണ് എത്തുക. തിരികെ വരുന്ന ട്രെയിൻ കായംകുളത്ത് രാവിലെ 7.40 നാണ് എത്തുക.
Content Highlights: two trains stopped at new stations at kerala