യുഎഇയില്‍ ക്യാമ്പിങ്ങിനായി എത്തുന്നവര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം; ലംഘിച്ചാൽ കടുത്ത നടപടി

പൊതുസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി

യുഎഇയില്‍ ക്യാമ്പിങ്ങിനായി എത്തുന്നവര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം; ലംഘിച്ചാൽ കടുത്ത നടപടി
dot image

അബുദാബി: യുഎഇയിലെ മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും ക്യാമ്പിങ്ങിനായി എത്തുന്നവര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ അധികൃതര്‍. പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവര്‍ ഉള്‍പ്പെടെ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പൊതുസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും കുഴിച്ചിടുന്നതും നിയമ വിരുദ്ധമാണ്. മരങ്ങള്‍ മുറിക്കുകയും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നവരും കടുത്ത നടപടി നേരിടേണ്ടി വരും. വന്യജീവികളെ ഉപദ്രവിച്ചാല്‍ കനത്ത പിഴക്ക് പുറമെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. ടെന്റുകള്‍ തയ്യാറാക്കാന്‍ അനുമതിയുളള പ്രദേശങ്ങളുടെ പട്ടിക അതാത് മുന്‍സിപ്പാലിറ്റികള്‍ പുറത്തുവിട്ടിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ ടെന്റുകള്‍ അടിക്കുന്നത് നിയമ വിരുദ്ധമാണ്.

ശൈത്യകാലത്ത് മഴ പ്രതീക്ഷിക്കുന്നതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവില്‍ ഡിഫന്‍സ് വിഭാഗവും സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്പിങ്ങിനായി പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിക്കണം. താഴ്‌വാരകള്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇടിമിന്നലുള്ള സമയത്ത് തീ കൂട്ടുന്നതിനും വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.

മഴക്കാലത്ത് താഴ്വരകളിലോ വെള്ളപ്പൊക്ക മേഖലകളിലോ വാഹനവുമായി പ്രവേശിക്കുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകളും ചമത്തും. ഇതിന് പുറമെ 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുമെന്നും അധികൃതര്‍ അറിയിച്ചു. ശൈത്യകാലം എത്തുന്നതോടെ യുഎഇയിലെ മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Content Highlights:UAE authorities warned those coming to camp to strictly follow the instructions

dot image
To advertise here,contact us
dot image