


 
            സ്വന്തമായി ഒരു ഐഫോൺ എന്നത് ഭൂരിഭാഗം ആളുകളുടെയും ഒരു സ്വപ്നമാണ്. ഐഫോണിന് സമീപകാലത്ത് ലഭിച്ച പബ്ലിസിറ്റിയും യുവാക്കൾക്കിടയിൽ അതിനുള്ള ക്രേസും മൂലം നിരവധി പേരാണ് അവ വാങ്ങാനായി ഇപ്പോഴും കാത്തിരിക്കുന്നത്. ഓരോ ഐഫോൺ ലോഞ്ചിനും നിരവധി പേരാണ് ആപ്പിൾ സ്റ്റോറിലേക്കെത്തുക. ഐഫോൺ 17 ലോഞ്ചിന്റെ അന്ന് ഐഫോൺ സ്റ്റോറിൽ ഉണ്ടായ തിക്കും തിരക്കും, ചില യുവാക്കൾ തമ്മിലുണ്ടായ തമ്മിൽതല്ലുമെല്ലാം നമുക്ക് ഓർമയുണ്ടാകുമല്ലോ? ഇപ്പോഴിതാ ആപ്പിളിന്റെ മൊത്തം വരുമാനത്തിലും ആ ക്രേസ് പ്രതിഫലിച്ചിരിക്കുകയാണ്.
സെപ്റ്റംബർ പാദത്തിലെ കണക്കുകൾ പുറത്തുവന്നപ്പോൾ റെക്കോർഡ് വരുമാനമാണ് ആപ്പിൾ നേടിയിരിക്കുന്നത്. ഇന്ത്യയിൽ ആകട്ടെ ഇതുവരെ ലഭിക്കാത്ത വരുമാനവും !
ആഗോളതലത്തിൽ 49 ബില്യൺ ഡോളറിന്‍റെ വ്യാപാരമാണ് സെപ്റ്റംബർ പാദത്തിൽ ആപ്പിളിന് ഉണ്ടായത്. കഴിഞ്ഞ വർഷങ്ങളിലേതിനേക്കാളും ആറ് ശതമാനം കൂടുതലാണിത്. ഐഫോൺ 16ന്റെ വിൽപ്പന മൂലമാണ് ഈ വളർച്ച ആപ്പിൾ നേടിയെടുത്തത്. ലാറ്റിനമേരിക്ക, പശ്ചിമേഷ്യ, ദക്ഷിണേഷ്യ, അതിൽത്തന്നെ ഇന്ത്യയിൽ റെക്കോർഡ് വിൽപ്പനയാണ് ഐഫോണിന് ഉണ്ടായത്.
ആപ്പിളിന് ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകരണമാണ് കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചുവന്നത്. സെപ്റ്റംബർ പാദത്തിലും റെക്കോർഡ് വില്പന നേടിയതോടെ തുടർച്ചയായ 14-ാം പാദത്തിലും വളർച്ച നേടിയിരിക്കുകയാണ് ആപ്പിൾ. ഡിസംബർ പാദത്തിലും ഈ വളർച്ച തുടരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഐഫോൺ 16 സീരീസ് നേടിയ ഉയർന്ന വിൽപ്പനയാണ് ആപ്പിളിന്റെ വരുമാനത്തിൽ പ്രതിഫലിച്ചത്.
ഡിസംബർ പാദത്തിൽ കമ്പനി പ്രതീക്ഷയർപ്പിക്കുന്നത് ഐഫോൺ 17ന്റെ വില്പനയിലാണ്. ഐഫോൺ 17, 17 പ്രൊ, 17 പ്രൊ മാക്സ്, എയർ തുടങ്ങിയ ഫോണുകളും എയർപോഡ്സ് 3, ആപ്പിൾ വാച്ചുകൾ തുടങ്ങിയ ഗാഡ്ജറ്റുകളുമാണ് ആപ്പിളിന് പ്രതീക്ഷ നൽകുന്നത്. മാക്ബുക്ക് പ്രൊ, ഐപാഡ് പ്രൊ തുടങ്ങിയ ഗാഡ്ജറ്റുകളും ആപ്പിൾ ലോഞ്ച് ചെയ്തിരുന്നു. ആപ്പിളിന്റെ ഈ റെക്കോർഡ് വില്പനയ്ക്ക് പിന്നാലെ ഉപഭോക്താക്കൾക്കു നന്ദി പറഞ്ഞ് ടിം കുക്ക് രംഗത്തുവരികയും ചെയ്തിരുന്നു.
Content Highlights: apple records all time high revenue growth
 
                        
                        