നാം അമേരിക്കയെപോലും മറികടന്നു, ഇതൊരു തട്ടിപ്പല്ല, യാഥാർത്ഥ്യമാണ് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; മുഖ്യമന്ത്രി

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നാം അമേരിക്കയെപോലും മറികടന്നു, ഇതൊരു തട്ടിപ്പല്ല, യാഥാർത്ഥ്യമാണ് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുന്നുവെന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞത്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനുമുന്നിൽ നാം ഇന്ന് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ്. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കൽപത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐക്യ കേരളമെന്ന സ്വപ്‌നം യാഥാർത്ഥ്യമായി 69 വർഷം തികയുന്ന മഹത്തായ ദിനത്തിൽ ഏവരുടേയും സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നുവെന്നത് സന്തോഷമുള്ള കാര്യമാണ്. മനുഷ്യന്റെ ഇച്ഛാശക്തികൊണ്ടും സാമൂഹിക ഇടപെടൽ കൊണ്ടും ചെറുത്തു തോൽപിക്കാവുന്ന അവസ്ഥയാണ് അതിദാരിദ്ര്യം. നാടിന്റെ ആകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ ചെറുത്തുതോൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെയും ഇനി തുടരേണ്ട കാര്യങ്ങളിലും ഫലപ്രദമായി ഇടപെടുകയും നേതൃത്വം വഹിക്കുകയും ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഓരേ മനസോടെ സഹകരിച്ചു. എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

64006 കുടുംബങ്ങളിൽ വിവിധ ഘട്ടങ്ങളിലായി 64005 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായിരുന്നു. എന്നാൽ ഒരു കുടുംബം ബാക്കിയുണ്ടായിരുന്നു. അതിന് സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നു. ആ സാങ്കേതിക പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രിസഭയുടെ മുമ്പിൽ വന്നു. അതോടെ ആ പ്രശ്‌നവും പരിഹരിച്ചു. തയ്യാറാക്കിയ വെബ്‌സൈറ്റിൽ ബാക്കിയുണ്ടായിരുന്ന അതിദരിദ്രരുടെ പട്ടികയിൽ ഒന്ന് എന്ന സ്ഥാനത്ത് പൂജ്യം എന്നായി. ഞങ്ങളെല്ലാം കണ്ടുനിൽക്കെ 64006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി. ഇതൊരു തട്ടിപ്പല്ല, യാഥാർത്ഥ്യമാണ്. നിർഭാഗ്യകരമായ ഒരു പരാമർശം കേൾക്കേണ്ടി വന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ശിശുമരണനിരക്ക്, മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്. ഈ കുറവ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാത്രമല്ല ലോകത്തെ ഏറ്റവും സമ്പൽസമൃദ്ധമെന്ന് കണക്കാക്കുന്ന അമേരിക്കയിലെ കണക്കിനേക്കാൾ കുറഞ്ഞ നിരക്കാണ്.

കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും അമേരിക്കയിലേതിനെ അപേക്ഷിച്ച് കുറവാണ് എന്നത് ലോകം അംഗീകരിച്ച വസ്തുതയാണ്. ഇതൊരു ചെറിയ നേട്ടമല്ല. 167.90 ബില്യൺ ഡോളർ മാത്രം ജിഡി പിയുള്ള നമ്മുടെ സംസ്ഥാനം 30.51 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ഭീമനായ അമേരിക്കയെക്കാൾ എങ്ങനെ മുന്നിലെത്തി?. അവരുടെ ജിഡിപിയുടെ 0.55 ശതമാനം മാത്രമാണ് നമ്മുടേത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായി. ഇതാണ് 'യഥാർത്ഥ കേരള സ്റ്റോറി'യെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ തകർക്കാൻ ആർക്കും കഴിയില്ല. നമ്മുടെ മുന്നിൽ അസാധ്യമായത് ഒന്നുമില്ല എന്നാണ് ഓരോ ഘട്ടത്തിലും തെളിയിക്കുന്നത്. ഇത് കേവലം സർക്കാറിന്റെ മാത്രം നേട്ടമല്ല. എല്ലാം ഐക്യത്തോടെ നേരിട്ട എല്ലാ ജനങ്ങളുടെയും ആണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിദാരിദ്ര്യ നിർമ്മാർജ്ജന റിപ്പോർട്ട് ചടങ്ങിലെ വിശിഷ്ടാതിഥിയായ മമ്മൂട്ടിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Content Highlights : Chief Minister Pinarayi Vijayan declares Kerala an extreme poverty free state

dot image
To advertise here,contact us
dot image