

ട്രെയിൻ യാത്രയിൽ നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സീറ്റ് ഏതായിരിക്കും? ചിലർക്ക് അപ്പർ ബെർത്താണ് ഫേവറിറ്റ് എങ്കില്‍ ബഹുഭൂരിപക്ഷം പേർക്കും ഒരുത്തരമേ കാണുകയുള്ളൂ, ലോവർ ബെർത്ത് ! സുഖമായി ഇരുന്ന് യാത്രചെയ്യാനും സുഖമായി കിടന്നുപോകാനും ലോവർ ബെർത്തിൽ സാധിക്കും എന്നതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യമ്പോൾ തന്നെ ലോവർ ബെർത്ത് ഓപ്‌ഷൻ വെയ്ക്കുന്നവരായിരിക്കും ഭൂരിഭാഗവും.
എന്നാൽ രീതികളൊക്കെ മാറുകയാണ്. പുതിയ നിയമപ്രകാരം ലോവർ ബെർത്ത് എപ്പോഴും ലഭിക്കണമെന്നില്ല. ലോവർ ബെർത്ത് വേണമെന്ന് നമ്മൾ ഓപ്‌ഷനിൽ ആവശ്യപ്പെട്ടാലും 'അർഹതപ്പെട്ടവർ' ഉണ്ടെങ്കിൽ അവർക്കായിരിക്കും ആദ്യ പരിഗണന. റെയിൽവേയുടെ പുതിയ നിയമത്തെ കുറിച്ചറിയാം.
റെയിൽവേയുടെ റിസർവേഷൻ സിസ്റ്റം പ്രകാരം 45 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, സ്ത്രീകൾ തുടങ്ങിയവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങിൽ മുൻഗണന ലഭിക്കുക. ഗർഭിണികളായ സ്ത്രീകൾക്കും മുൻഗണന ലഭിക്കും. ഇവർക്കു ശേഷമേ മറ്റാർക്കും ലോവർ ബെർത്ത് ലഭിക്കാന്‍ അവസരം ലഭിക്കു. ശ്രദ്ധിക്കേണ്ട കാര്യം, ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും ലോവർ ബെർത്ത് ഒഴിവുണ്ടങ്കിൽ മേല്പറഞ്ഞവർക്ക് നൽകിയ ശേഷം മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ എന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ ലോവർ ബെർത്ത് സംഘടിപ്പിക്കുക എന്നത് ഇനിയത്ര എളുപ്പമല്ല.
ലോവർ ബർത്ത് ലഭിച്ചില്ലെങ്കിൽ യാത്ര തന്നെ വേണ്ട എന്ന് വെക്കാനും ഓപ്ഷനുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലോവർ ബെർത്ത് ഉണ്ടെങ്കിൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്ന ഓപ്‌ഷൻ ഉണ്ടാകും. അവ ക്ലിക്ക് ചെയ്‌താൽ മാത്രം മതി.
ഇത് കൂടാതെ ലോവർ ബെർത്തുകളിൽ ഇരിക്കാനും കിടക്കാനുമുള്ള സമയവും ആളുകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. രാത്രി 10 മുതൽ രാവിലെ 6 വരെ കിടക്കാനുള്ള സമയമാണ്. ഇതിനിടയ്ക്ക് കിടക്കാനായി മാറിത്തരാൻ ആര് ആവശ്യപ്പെട്ടാലും മാറിക്കൊടുക്കുക എന്നത് സഹയാത്രികരുടെ കടമയാണ്.
Content Highlights: what are the rules to get lower seats in trains?