

രാജ്യത്തിന്റെ ഡിജിറ്റൽ ഇക്കോണമിയെ പണരഹിതമായ ഇടപാടിലൂടെ വലിയ മാറ്റത്തിലേക്ക് എത്തിച്ചതിന്റെ എല്ലാ ക്രെഡിറ്റും യുപിഐയ്ക്കുള്ളതാണ്. യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കൾ രണ്ട് ആപ്ലിക്കേഷനുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ രണ്ട് ആപ്ലിക്കേഷനുകളോടുള്ള അമിതമായ ആശ്രയത്വം രാജ്യത്തിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. പ്രമുഖമായ രണ്ട് ആപ്ലിക്കേഷനുകളെ പേരെടുത്ത് പറയാതെയാണ് സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷനായ ഇന്ത്യ ഫിൻടെക് ഫൗണ്ടേഷൻ ആർബിഐയ്ക്കും ധനകാര്യ മന്ത്രാലയത്തിനും നയരൂപീകരണ നിർദ്ദേശം നൽകിയിരിക്കുന്നത്.
യുപിഐ പണമിടപാടിന്റെ എൺപതു ശതമാനവും പ്രധാനമായും നടക്കുന്നത് രണ്ട് ആപ്ലിക്കേഷനുകളിലൂടെയാണെന്നും ഇവയുടെ മേൽക്കൊയ്മ ഈ ആപ്പുകളുടെ കുത്തകയ്ക്ക് കാരണമാകുന്നതിന് പുറമേ പുതിയ ആപ്ലിക്കേഷനുകളുടെ കടന്നുവരവിന് തടസം സൃഷ്ടിക്കുകയും മികച്ച സംവിധാനങ്ങൾ ഇനി ഉണ്ടാവാൻ വിഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. മാത്രമല്ല ചെറുതും തദ്ദേശീയവുമായി മറ്റ് ആപ്പുകളെയും ഇത് സാരമായി ബാധിക്കുമെന്നും ഐഎഫ്എഫ് ചൂണ്ടിക്കാട്ടുന്നു. ഭീം പോലുള്ള പ്ലാറ്റ്‌ഫോമുകളും നിലവിലെ പ്രമുഖരായ രണ്ട് തേഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡേഴ്‌സിന്റെ മേൽക്കൊയ്മയിൽ പിടിച്ചു നിൽക്കാൻ പാടുപെടുകയാണെന്നും ഐഎഫ്എഫ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ അവസ്ഥ മാറാൻ കൃത്യമായ നടപടികൾ ആർബിഐയും നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സ്വീകരിക്കണമെന്നാണ് ഐഎഫ്എഫ് ചൂണ്ടിക്കാട്ടുന്നത്. ഈ ആപ്പുകൾക്ക് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാർ, സൈബർ ആക്രമണം, റെഗുലേറ്ററി ഡിസ്പ്യൂട്ട് എന്നിവ നേരിട്ടാൽ രാജ്യത്താകമാനമുള്ള പണമിടപാടിനെ അത് ബാധിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.
ഇക്കഴിഞ്ഞ സെപ്തംബറിലെ എൻപിസിഐ കണക്ക് പ്രകാരം, 19.63 ബില്യൺ പണമിടപാടുകളാണ് യുപിഐയിൽ കൂടി നടന്നത്. ഇത് ഏകദേശം 24.9ലക്ഷം കോടി രൂപയോളം വരും. ഇതിൽ അഞ്ചിൽ നാല് പണമിടപാടും നടന്നിരിക്കുന്നത് പ്രമുഖരായ രണ്ട് ആപ്ലിക്കേഷനുകളിലൂടെയാണ്. ഇത് ചെറിയ തേഡ് പാർട്ടി ആപ്പ് പ്രൊവൈഡർമാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസ്ഥ മറികടക്കാൻ യുപിഐ ഇൻസെന്റീവ് പോളിസിയിൽ മാറ്റം വരണമെന്നാണ് ഐഎഫ്എഫ് ആവശ്യപ്പെടുന്നത്. യുപിഐയിൽ ചില ആപ്പുകൾക്ക് മാത്രം മേൽക്കൊയ്മ വരുന്നത് തടയാനായി ഒരു സിംഗിൾ യുപിഐ ആപ്പിനായാൽ പോലും പരിധി കണക്കാക്കണമെന്നും നിർദേശത്തിലുണ്ട്.
Content Highlights: UPI overdepends two apps raises concern